ഭരണകൂടസമ്മര്ദം, രാഷ്ട്രീയചൂഷകരായ കുത്തകകളുടെ ഉടമസ്ഥത, സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം, അല്ഗോരിതത്തിന്റെ അരാജകത്വം എന്നിവ ഒരേപോലെ മാധ്യമസ്വാതന്ത്ര്യത്തിനെതിരേ നിരന്നുനില്ക്കുകയാണ്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം, ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥ, ലോകത്തെ ഏറ്റവും വൈവിധ്യമുള്ള ഒരു സംസ്‌കാരം തുടങ്ങിയ അതിശയോക്തികളിൽ അഭിരമിക്കുന്ന നാടാണ് ഇന്ത്യ. അതോടൊപ്പം, ലോക മാധ്യമസ്വാതന്ത്ര്യദിനം ആചരിക്കുന്ന വേളയിൽ മറ്റൊരു അതിശയോക്തികൂടെയിരിക്കട്ടേ: മാധ്യമസ്വാതന്ത്ര്യത്തിൽ ലോകത്തെ 180 രാജ്യങ്ങളിൽ 157-ാംസ്ഥാനത്താണ് നാം. അതും ജനാധിപത്യം താറുമാറായിക്കിടക്കുന്ന പാകിസ്താനും ബംഗ്ലാദേശിനും എന്തിന്, നിരന്തരം ഇസ്രയേലിന്റെ ബോംബുകളിലും മിസൈലുകളും വീണുമരിക്കുന്ന മാധ്യമപ്രവർത്തകരുള്ള പലസ്തീനുപോലും പുറകിൽ.
നാം കടുത്തസമ്മർദത്തിൽ
തീവ്രദേശീയവാദികൾ പറയുംപോലെ ഇന്ത്യയെ നാണംകെടുത്താൻ ആരോ കണ്ടെത്തിയ ഒരു ദിവസമല്ല ഇത്. പത്രസ്വാതന്ത്ര്യത്തിന്റെ മൂലതത്ത്വങ്ങൾ ആഘോഷിക്കാനും ആ അവകാശം ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്വം സർക്കാരുകളെ ഓർമ്മിപ്പിക്കാനും 1993-ൽ യുനെസ്‌കോയുടെ ശുപാർശയിൽ ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചതാണ്. ഇന്ന് വീണ്ടും നമ്മൾ ഓർക്കേണ്ടത് ഇന്ത്യയിൽ ആ അവകാശം വെറും സമ്മർദത്തിലല്ല, കടുത്തപ്രതിസന്ധിയിലാണ് എന്നാണ്.
കേന്ദ്രസർക്കാർ ഇതൊക്കെ രാജ്യത്തെ അപമാനിക്കാനുള്ള വിദേശശക്തികളുടെ പ്രചാരങ്ങളായി തള്ളിക്കളയുമ്പോൾ മനസ്സിലാക്കേണ്ടത് ഈ റാങ്കിങ് ഏർപ്പെടുത്തിയ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്‌സ് (RSF) മാത്രമല്ല ഇന്ത്യയെക്കുറിച്ചിത് പറയുന്നത്; മറിച്ച് Committee to Protect Journalists (CPJ), Freedom House, PEN America, International Federation of Journalists, Amnesty International തുടങ്ങിയ അന്തർദേശീയ സംഘടനകൾ മുതൽ ഇന്ത്യയുടെ സ്വന്തം എഡിറ്റഴ്‌സ് ഗിൽഡ് വരെ പറയുന്നത് ഇതേകാര്യംതന്നെയാണെന്നതാണ്.
പല രീതിശാസ്ത്രങ്ങളും അളവുകോലുകളും ഉപയോഗിച്ച് പലഭൂഖണ്ഡങ്ങളിലുള്ള സംഘടനകൾ ഒരേകാര്യം പറയുമ്പോൾ വെറുതേ കണ്ണടച്ചിരുട്ടാക്കാനാവില്ല. ഭീകരവാദത്തെയും ദേശീയവിരുദ്ധതയെയും നേരിടാനുള്ള നിയമങ്ങൾ മാധ്യമപ്രവർത്തകർക്കെതിരേയും ഓൺലൈൻ വിമർശകർക്കെതിരേയും ഉപയോഗിക്കുന്നതിനെതിരേ ഇത്തരം സംഘടനകൾ മുൻപ് ഒരു സംയുക്തപ്രസ്താവന ഇറക്കിയിരുന്നു.
South Asia Press Freedom Report 202425ൽ മാത്രംനടന്ന ഇത്തരം 250 മാധ്യമാവകാശ ലംഘനങ്ങളെക്കുറിച്ച് പറയുന്നുണ്ട് -ഇതിൽ 69 പേർ ജയിലിലടയ്ക്കപ്പെട്ടു, 20 പേർ കൊല്ലപ്പെട്ടു. CPJയുടെ Global Impunity Index-ൽ (ഇത്തരം കേസുകൾ തെളിയിക്കാതെപോകുന്ന രാജ്യങ്ങളുടെ റാങ്കിങ്), ഇന്ത്യയുടെ പേര് സ്ഥിരമായി ഉൾപ്പെടുത്തിപ്പോരാറുണ്ട്. 2024-ലെ റാങ്കിങ് പ്രകാരം, ഇക്കാര്യത്തിൽ ഇന്ത്യ പതിമ്മൂന്നാം സ്ഥാനത്താണ്.
ഇന്ത്യ എന്ന കേസ് സ്റ്റഡി
എങ്ങനെയാണ് ഇത്രയും വർഷത്തെ ജനാധിപത്യസംസ്‌കാരമുള്ള ഒരു രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം എന്ന ആശയത്തെ നിയമപരമായി ഉന്മൂലനം ചെയ്യാതെതന്നെ മാധ്യമങ്ങൾ നിശ്ശബ്ദരാക്കപ്പെടുന്നത് എന്നതിനുള്ള ഒരു കേസ് സ്റ്റഡിയാണ് ഇന്ത്യ എന്നുപറയാം. ഇത് പ്രധാനമായും മൂന്നുരീതികളിലാണ് നടപ്പാക്കിയെടുക്കുന്നത്: ഒന്ന്, നിയമം; രണ്ട്, സർക്കാർ പരസ്യങ്ങളിലൂടെയുള്ള വരുമാനം തടയൽ; മൂന്ന്, ഉടമസ്ഥാവകാശം.
UAPA മുതൽ വിവിധ കേന്ദ്ര ഏജൻസികളുടെ നിയമങ്ങൾവരെയാണ് ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരേയും സ്ഥാപനങ്ങൾക്കെതിരേയും നിർബാധം ഉപയോഗിക്കപ്പെടുന്നത്. പുതിയ നികുതിനിയമങ്ങൾ മാധ്യമപ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും ഇമെയിലുകൾ, ക്ളൗഡ് അക്കൗണ്ടുകൾ എന്നിവ പരിശോധിക്കാനും ഉപകരണങ്ങൾ പിടിച്ചെടുക്കാനും വേണ്ട അധികാരങ്ങളുള്ളവയാണ്. അതുപോലെത്തന്നെയാണ് പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് പീരിയോഡിക്കൽസ് (2023) എന്ന പുതുക്കിയ നിയമവും. സർക്കാരുകൾക്ക് ആർക്കെതിരേയും എന്തും ചെയ്യാനുള്ള അധികാരമുള്ള ഈ നിയമത്തെ എഡിറ്റഴ്‌സ് ഗിൽഡ് വിളിച്ചത് 'ഡ്രാക്കോണിയൻ' എന്നാണ്. ഈ നിയമങ്ങളുപയോഗിച്ച് എത്രയോ മാധ്യമപ്രവർത്തകരെയും സാമൂഹികമാധ്യമങ്ങളിൽ അഭിപ്രായം പങ്കുവെച്ചവരെയുമാണ് ജയിലിലടച്ചത്, എത്രയോ സ്ഥാപനങ്ങളെയാണ് റെയ്ഡ് ചെയ്യുകയും പൂട്ടിക്കുകയും ചെയ്തത്.
പ്രതിലോമ ആവാസവ്യവസ്ഥ
മാധ്യമസ്ഥാപനങ്ങളുടെ നിലനില്പിനുള്ള പ്രധാന വരുമാനം പരസ്യങ്ങളാണ്, ഇതിൽ ഏറ്റവും കൂടുതൽ പരസ്യങ്ങൾ നൽകുന്നത് സർക്കാരുകളാണ്. സർക്കാരിന്റെ പരസ്യങ്ങളുടെ ചെലവിൽ ലാഭമുണ്ടാക്കുമ്പോൾ ഒരു നിയമവും പ്രയോഗിക്കാതെതന്നെ മാധ്യമങ്ങൾ അവർക്കു വഴങ്ങുന്നു. വഴങ്ങിയില്ലെങ്കിൽ പരസ്യങ്ങളില്ല. വിരലിലെണ്ണാവുന്നവരൊഴികെ എല്ലാവരും ഏതെങ്കിലുംതരത്തിൽ സർക്കാരിന് അനിഷ്ടമായതൊന്നും ചെയ്യാത്തവരായിമാറുന്നത് ഇങ്ങനെയാണ്. ഈ പ്രതിഭാസത്തെക്കുറിച്ച് RSF രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഒരുപോലെ ഉത്തരവാദികളാണ്. രക്തരഹിത വിപ്ലവം എന്നൊക്കെ പറയുന്നപോലെ, യാതൊരു നിയമവും പ്രയോഗിക്കാതെയുള്ള നിയന്ത്രണവും സെൻസറിങ്ങും സർക്കാരുകൾക്ക് ഇങ്ങനെ നടത്തിയെടുക്കാനാവുന്നു. സൗത്ത് ഏഷ്യ പ്രസ് ഫ്രീഡം റിപ്പോർട്ടും ഇതേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇങ്ങനെയാണ് 'ഗോദി' മീഡിയ ഉണ്ടാകുന്നത്. ഇത് ദേശീയാടിസ്ഥാനത്തിൽ മാത്രമല്ല, കേരളത്തിലും വ്യാപകമായി നിർമിച്ചെടുക്കപ്പെട്ട ഒരു പ്രതിലോമ ആവാസവ്യവസ്ഥയാണ്.
മൂന്നാമത്തെ നിയന്ത്രണം ഉടമസ്ഥർ വഴിയാണ്. ഇന്ന് ഇന്ത്യയിൽ എഴുപതു ശതമാനം പ്രധാനമാധ്യമങ്ങളും ഭരണകൂടത്തോട് അടുത്തുനിൽക്കുന്ന കുത്തകകളുടെ ഉടമസ്ഥതയിലായിരിക്കുന്നു. ഉദാഹരണത്തിന്, CMS മീഡിയാ ലാബ് നടത്തിയ ഒരു പഠനത്തിൽ 2020-ലെ തിരഞ്ഞെടുപ്പിൽ 33.21 ശതമാനം പ്രൈംടൈം കവറേജും കിട്ടിയത് നരേന്ദ്രമോദിക്കായിരുന്നത്രേ, രാഹുൽ ഗാന്ധിക്ക് കിട്ടിയതോ വെറും 4.33 ശതമാനം മാത്രം.
ലെഗസി മീഡിയയുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടാലും സോഷ്യൽ മീഡിയ നമ്മുടെ ജനാധിപത്യത്തിന്റെ കാവലാളാകും എന്നതായിരുന്നു നമ്മുടെ ഇത്രയും കാലത്തെ ധാരണ. സ്വതന്ത്ര യുറ്റിയൂബ് ചാനൽ, ധൈര്യശാലികളായ സ്വതന്ത്ര X (ട്വിറ്റർ), ഫെയ്സ്ബുക്ക് ആക്ടിവിസ്റ്റുകൾ, മെയിൻസ്ട്രീം മീഡിയ കാണിക്കാത്തത് കാണിക്കുന്ന വാട്സാപ്പ് ഫോർവേഡുകൾ എന്നിവയൊക്കെയാവും ഭരണകൂടങ്ങളുടെ വെല്ലുവിളികളെ ചെറുത്തുനിൽക്കുക എന്ന് എല്ലാവരും കരുതി. പക്ഷേ, കഴിഞ്ഞ കുറെ വർഷങ്ങളിൽ, ഇത് ആകർഷകമായ ഒരാശയത്തോടൊപ്പം അപകടകരമായ ഒരു തെറ്റിദ്ധാരണയാണെന്നും തെളിയിക്കപ്പെട്ടു. അവിടെയും സർക്കാരുകൾ പിടിമുറുക്കി. ഒരുതരത്തിൽ ചെറുത്തുനിൽക്കുന്ന ലെഗസി മാധ്യമങ്ങളെപ്പോലും സർക്കാരുകൾ തോൽപ്പിക്കുന്നത് ഇതേ സാമൂഹികമാധ്യമങ്ങളെ ഉപയോഗിച്ചാണ്. സർക്കാർ പ്രൊപ്പഗാണ്ടയ്ക്ക് ഇത്രയും വഴങ്ങുന്ന ഒരു മാധ്യമരൂപം ഇതുവരെ ഉണ്ടായിട്ടുതന്നെയില്ല എന്നുവേണം കരുതാൻ.
സോഷ്യൽ മീഡിയയെ നിയന്ത്രിക്കുന്നതാര്
സോഷ്യൽ മീഡിയ വിവര ആവാസവ്യവസ്ഥയെ മോചിപ്പിച്ചില്ല, പകരം നിയന്ത്രണരഹിതമാക്കി. ഇന്ത്യക്ക് ഏകദേശം 50 കോടി സോഷ്യൽ മീഡിയ ഉപഭോക്താക്കളുണ്ട് എന്നാണ് കണക്ക്. ഇന്ത്യക്കാർ ദിവസവും ശരാശരി മൂന്നേകാൽ മണിക്കൂർ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ ചെലവഴിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിനിർണയിക്കുന്ന 18-25 വയസ്സ് ശ്രേണിയിലുള്ള ഇന്ത്യൻ യുവത ദിവസം ശരാശരി ഏഴു മണിക്കൂർവരെ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നുണ്ട് എന്നാണ് കകങറോത്തക്കിന്റെ ഒരു പഠനം കണ്ടെത്തിയത്. ഇന്ന് 100 കോടിയിലേറെ ഇന്റർനെറ്റ് ഉപഭോക്താക്കളുള്ള, ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ മൊബൈൽ ഡേറ്റ ലഭിക്കുന്ന ഒരു രാജ്യത്ത് ഇത് സോഷ്യൽ മീഡിയയെ ഒരു തലമുറയുടെ പ്രധാന ഇൻഫർമേഷൻ ലോകമാക്കിമാറ്റുന്നു. ഇവരെ നിയന്ത്രിക്കുന്നത് സത്യമല്ല, കള്ളപ്രചാരണങ്ങളും അൽഗൊരിതങ്ങളുമാണ്. ഈ അൽഗോരിതങ്ങളെ നിയന്ത്രിക്കുന്നവർ മാധ്യമസ്വതന്ത്ര്യത്തെയും നിയന്ത്രിക്കുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ രക്ഷകരാകുമെന്നു കരുതിയ സാമൂഹികമാധ്യമങ്ങൾ ഇന്ന് ഫെയ്ക്ക് ന്യൂസ്, പ്രൊപ്പഗാണ്ടാ ഫാക്ടറികളായി മാറിയിരിക്കുന്നു. 'കേറി വാ മക്കളേ' രീതിയിലുള്ള പി.ആർ. ഇന്റർവ്യൂകൾ ലെഗസി മാധ്യമങ്ങളിലേതിനെക്കാൾ വൈറലാകുന്നു.
ഭരണകൂടസമ്മർദം, രാഷ്ട്രീയചൂഷകരായ കുത്തകകളുടെ ഉടമസ്ഥത, സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം, അൽഗൊരിതത്തിന്റെ അരാജകത്വം എന്നിവ ഒരേപോലെ മാധ്യമസ്വാതന്ത്ര്യത്തിനെതിരേ നിരന്നുനിൽക്കുകയാണ്. അതിനിടയിൽ കേൾക്കുന്ന ചെറിയ ചില ചെറുത്തുനിൽപ്പുകളാണ് അല്പമെങ്കിലും ശുഭാപ്തിവിശ്വാസം പകരുന്നത്.
(യു.എൻ.ഡി.പി. സീനിയർ ഉപദേശകനും മുൻ പത്രപ്രവർത്തകനുമാണ് ലേഖകൻ)
Content Highlights: India's declining rank in global press freedom indices in 2026., Impact of legislative measures like UAPA on media independence., Role of government advertising in influencing editorial neutrality., Corporate ownership patterns dominating the Indian media landscape., The transformation of social media from a democratic tool to a propaganda engine.
Published: 03 May 2026, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented