സര്‍ക്കാര്‍ അനാസ്ഥകാരണം, ട്രാക്കില്‍ പൊലിയുന്ന ഒരോ ജീവനും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കൊലപാതകങ്ങളായാകും ചരിത്രത്തില്‍ രേഖപ്പെടുത്തുക എന്ന് എ.എ റഹിം എംപി. സുരക്ഷാ ഉപകരണമില്ലാതെ ട്രാക്കിൽ പണിയെടുത്തു കൊണ്ടിരിക്കെ കീമാനായ ഉത്തമൻ മരിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു എ.എ റഹീം എംപി.  ഒറ്റയ്ക്ക് ട്രാക്കില്‍ പണിയെടുക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് റെയില്‍വേ കീമാനായ  ഉത്തമന്‍ ട്രെയിനിടിച്ച് മരിച്ചത്. റെയില്‍വേ ട്രാക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന  കീമാന്‍മാര്‍ക്ക് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ സുരക്ഷാ ഉപകരണമായ 'രക്ഷക്ക്' നല്‍കണമെന്ന ആവശ്യം നിരന്തരമായി ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിച്ചതാണ്. ഈ ആവശ്യം ഉന്നയിച്ച് ഉത്തമനടക്കുമുള്ള തൊഴിലാളികള്‍ തിരുവനന്തപുരത്ത്  സിഐടിയുവിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം നടത്തിയിരുന്നു. പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ഉത്തമന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര റെയില്‍വേ മന്ത്രിക്ക്  വീണ്ടും കത്ത് നല്‍കിയിട്ടുണ്ടെന്നും എ.എ റഹീം അറിയിച്ചു.

To advertise here,

"ഇന്ത്യയില്‍ ഒരു വര്‍ഷം 400 ലധികം  തൊഴിലാളികള്‍ ട്രാക്കില്‍ ട്രെയിന്‍തട്ടി കൊല്ലപ്പെടുന്നതായി ഡോ. അനില്‍ കക്കോദ്ക്കര്‍ അധ്യക്ഷനായ സുരക്ഷാ സമിതി റിപ്പോര്‍ട്ട്  നല്‍കിയിട്ടുണ്ട്. എംപി എന്ന നിലയില്‍ ഈ വിഷയം നിരന്തരം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ സഭാ സമ്മേളനത്തിലും ഈ വിഷയം ഉന്നയിച്ചിരുന്നു. എന്നാല്‍ തികഞ്ഞ അലംഭാവമാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത്.തുടര്‍ച്ചയായി ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായിട്ടും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ റെയില്‍വേ നടപടി സ്വീകരിക്കുന്നില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്". സഭയ്ക്ക് അകത്തും പുറത്തും ഈ വിഷയം സജീവമായി ഉന്നയിക്കാനാണ് തീരുമാനമെന്നും റഹീം അറിയിച്ചു.

ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഗാങ് നമ്പര്‍ രണ്ടിലെ കീമാന്‍ ആയിരുന്നു  കെ.എസ്. ഉത്തമന്‍(55). തിങ്കളാഴ്ച രാവിലെ 11.30-ന് ഒല്ലൂരിനടുത്ത് അവിണിശ്ശേരി ബോട്ടുജെട്ടിക്കു സമീപം ട്രാക്കിലെ വളവിനടുത്തായിരുന്നു അപകടം.

അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. തെക്കോട്ട് വണ്ടികള്‍ പോകുന്ന പാളത്തിലിരുന്ന് ജോലിചെയ്യുകയായിരുന്ന ഉത്തമന്‍ അതേ ട്രാക്കിലൂടെ സ്‌പെഷ്യല്‍ ട്രെയിന്‍ വരുന്നതു കണ്ട് അപ്പുറത്തെ പാളത്തിലേക്ക് മാറിനിന്നു. എന്നാല്‍, ഇതിലൂടെ വണ്ടി വരുന്നത് കനത്ത മഴയും വളവും കാരണം ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് കരുതുന്നത്.

വേണാട് എക്‌സ്പ്രസാണ് പിന്നില്‍നിന്ന് ഇടിച്ചത്. തീവണ്ടിയുടെ എഞ്ചിനില്‍ കുടുങ്ങിയ മൃതദേഹവുമായി ഒരു കിലോമീറ്ററോളം വണ്ടി മുന്നോട്ടുനീങ്ങിയ ശേഷമാണ് നിര്‍ത്താനായത്. നെടുപുഴ പോലീസും ആര്‍.പി.എഫും എത്തി ഒരു മണിക്കൂര്‍കൊണ്ടാണ് മൃതദേഹം പുറത്തെടുത്തത്.