പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പ്രതികരിക്കുന്നു. രാജസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിദ്വേഷം പരത്തുന്ന പ്രസംഗം മോദി നടത്തിയത്. മുസ്ലിങ്ങളെ നുഴഞ്ഞു കയറ്റക്കാരെന്നും കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്നവരെന്നുമാണ് മോദി പ്രസംഗത്തിനിടെ ആക്ഷേപിച്ചത്.
മര്‍ദ്ദിതരോടും ചൂഷിതരോടും എങ്ങനെ പെരുമാറുന്നു എന്നതിലാണ് ഒരാളുടെ അന്തസ്സ് ഉള്ളതെന്നും പാര്‍പ്പിടമില്ലായ്മ, നിരക്ഷരത, പട്ടിണി, സ്ത്രീ സുരക്ഷ തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളെ കുറിച്ച് മിണ്ടാതെ നുണപറയുകയും വിദ്വേഷം പരത്തുകയും ചെയ്യുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ എംഎന്‍എ കാരശ്ശേരി അഭിപ്രായപ്പെട്ടു. അടിസ്ഥാനപരമായി ബിജെപി രാഷ്ട്രീയം എന്നത് ന്യൂനപക്ഷ വിരുദ്ധമാണെന്നും ആര്‍എസ്എസ് രൂപീകരിച്ച കാലം മുതല്‍ വിദ്വേഷ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നവരാണ് ഇവരെന്നും കവിയും ചരിത്രമെഴുത്തുകാരനുമായ പിഎന്‍ ഗോപീകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ചേര്‍ന്ന പ്രസ്താവനയല്ല മോദിയുടെ നാവില്‍ നിന്ന് ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ ഷാനിമോള്‍ ഉസ്മാന്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയാധികാരം കയ്യാളുക എന്ന നികൃഷ്ട രീതിയാണ് മോദി പിന്തുടരുന്നതെന്ന് മന്ത്രി ആര്‍ ബിന്ദുവും മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു.
Also Read
പ്രധാനമന്ത്രി നുണപറയുന്നതും വിദ്വേഷം പരത്തുന്നതും അങ്ങേയറ്റം നാണക്കേട്- എം എന്‍ കാരശ്ശേരി
മന്‍മോഹന്‍ സിങ് 18 കൊല്ലം മുമ്പ് നടത്തിയ പ്രസംഗം മുന്‍നിര്‍ത്തിയാണ് പ്രധാന മന്ത്രി വിദ്വേഷ പ്രസംഗം നടത്തിയത്. എന്നാല്‍ അന്ന് മന്‍മോഹന്‍ സിങ് പറഞ്ഞത് രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും പട്ടികജാതി പട്ടിക വര്‍ഗ്ഗങ്ങളം മുസ്ലിങ്ങളുമടങ്ങുന്ന ന്യൂനപക്ഷങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്നാണ്. അതില്‍ പ്രധാനപ്പെട്ട ന്യൂനപക്ഷം മുസ്ലിങ്ങളാണെന്ന് പറഞ്ഞു. അല്ലാതെ അവര്‍ക്ക് സമ്പത്ത് വാരിക്കോരി കൊടുക്കാമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ മന്‍മോഹന്‍ സിങ് പറഞ്ഞതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വളച്ചൊടിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നത് 142കോടി ജനങ്ങളുടെയും പ്രതിനിധിയാണ്. അദ്ദേഹം ഈ രീതിയില്‍ സംസാരിക്കുന്നത് പൗരനെന്ന നിലയില്‍ നമുക്കെല്ലാം നാണക്കേടാണ്. ഭരിച്ച പത്ത് കൊല്ലം തങ്ങളെന്ത് ചെയ്തു. ഇനി വരാന്‍ പോകുന്ന അഞ്ച് വര്‍ഷം തങ്ങള്‍ അധികാരത്തില്‍ വരികയാണെങ്കില്‍ എന്തെല്ലാം ചെയ്യും എന്നെല്ലാമാണ് അദ്ദേഹം സംസാരിക്കേണ്ടത്. അതിനു പകരമാണ് അദ്ദേഹം വിദ്വേഷം പറഞ്ഞു നടക്കുന്നത്.
രാജ്യത്തെ 5 കോടി ജനങ്ങള്‍ അതിദരിദ്രരാണ്. തൊഴിലില്ലായ്മ 82 ശതമാനമാണ്. സ്ത്രീകള്‍ സുരക്ഷിതരല്ല. ഒരു ദിവസം ഇന്ത്യയില്‍ 89പെണ്ണുങ്ങള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. ഇത്തരത്തില്‍ പ്രധാനമന്ത്രി അഡ്രസ് ചെയ്യേണ്ട ഒരുപാട് പ്രശ്‌നങ്ങളെ കുറിച്ച് രാജസ്ഥാനിലെ പ്രസംഗത്തിനിടയില്‍ അദ്ദേഹം മിണ്ടിയിട്ടില്ല. മര്‍ദ്ദിതരോടും ചൂഷിതരോടും എങ്ങനെ പെരുമാറുന്നു എന്നതിലാണ് ഒരാളുടെ അന്തസ്സ് ഉള്ളത്. പാര്‍പ്പിടമില്ലായ്മ, നിരക്ഷരത, പട്ടിണി, സ്ത്രീ സുരക്ഷ തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹം മിണ്ടിയിട്ടില്ല. ഒളിമ്പ്യന്‍ സാക്ഷി മാലിക് ഉയര്‍ത്തിയ പരാതിക്കു ശേഷവും ബ്രിജ് ബൂഷണ്‍ എംപിയായി തുടരുകയാണ്. സ്ത്രീ വിഷയത്തിലെ മോദിയുടെ നിലപാട് ഇത്തരത്തിലുള്ളതാണ്. അദ്ദേഹത്തിന്റെ ഈ പ്രവൃത്തികളില്‍ നിന്നും വിദ്വേഷ പ്രസംഗങ്ങളില്‍ നിന്നും അമേരിക്കയിലോ യുകെയിലോ ഇരിക്കുന്നവ്യക്തി ഇന്ത്യയെ കുറിച്ച് എന്താണ് മനസ്സിലാക്കേണ്ടത്. 140 കോടിയിലധികം ജനങ്ങളുടെ പ്രതിനിധിയായ പ്രധാനമന്ത്രി നുണപറയുന്നു വിദ്വേഷം പരത്തുന്നു എന്നത് അങ്ങേയറ്റം നാണക്കേടും പ്രതിഷേധാര്‍ഹവുമാണ്.
വിഷലിപ്തമായ ചിന്തകള്‍ വിളമ്പുന്നു- ആര്‍ ബിന്ദു
രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ ഉത്തരവാദിത്വം വഹിക്കുന്ന വ്യക്തി ഈ നിലയില്‍ പ്രസ്താവന നടത്തിയത് പ്രതിഷേധാര്‍ഹമാണ്. ഭിന്നിപ്പിച്ച് രാഷ്ട്രീയാധികാരം കയ്യാളുക എന്ന നികൃഷ്ട രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ അമൂല്യസംഭാവനകള്‍ നല്‍കിയ സാമൂഹിക വിഭാഗത്തെയാണ് ഇങ്ങനെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. മൗലാനാ മുഹമ്മദലി പോലെ എത്രയെത്രയോ പേരുടെ പോരാട്ട പാരമ്പര്യം മറന്ന് ആ വിഭാഗത്തെയൊന്നാകെ അതിക്രമിച്ച് കടന്നവര്‍ എന്ന പറയുന്നത് എത്ര വലിയ തെറ്റാണ്. ജനജീവിതം മെച്ചപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനങ്ങളും കാഴ്ചവെക്കാനോ അതേ കുറിച്ച് പറയാനോ ഇല്ലാതെ വര്‍ഗ്ഗീയപരമായ പ്രസ്താവനകള്‍ പറഞ്ഞ് വിഷലിപ്തമായ ചിന്തകള്‍ വിളമ്പുകയാണ് ചെയ്യുന്നത്.
ബിജെപി രാഷ്ട്രീയം എന്നത് ന്യൂനപക്ഷ വിരുദ്ധം- കവി പി.എന്‍ ഗോപീകൃഷ്ണന്‍
മോദി വിദ്വേഷ പ്രസ്താവന ഇറക്കുന്ന സന്ദര്‍ഭം പ്രത്യേകം ശ്രദ്ധിക്കണം. സൗത്തിലെ ഇലക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ ഹിന്ദു വോട്ട് കണ്‍സോളിഡേഷന്‍ ഉണ്ടാക്കുക എന്ന ലക്ഷ്യമിട്ടാണ് ഇവരിത്തരത്തിലുള്ള മുസ്ലിം വിരുദ്ധ പ്രസ്താവനകളിറക്കുന്നത്. അടിസ്ഥാനപരമായി ബിജെപി രാഷ്ട്രീയം എന്നത് ന്യൂനപക്ഷ വിരുദ്ധമാണ്. 1925ല്‍ ആര്‍എസ്.എസ് രൂപീകരിച്ച കാലം മുതല്‍ വിഷം നിറഞ്ഞ വിദ്വേഷ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നവരാണ് ഇവര്‍. ഇവര് പണ്ട് ഇതൊന്നുമായിരുന്നില്ല എന്ന തരത്തിലാണ് മോദി പറഞ്ഞതിനെതിരേയുള്ള ആളുകളുടെ പ്രതികരണം കണ്ടാല്‍ തോന്നുക. ഫാസിസമെന്നത് തന്നെ ന്യൂനപക്ഷ വിരുദ്ധതയാണ്. ഇന്ത്യ എന്ന ബഹുസ്വര ആശയത്തിനെതിരാണ് ആര്‍എസ്എ്‌സിന്റെയും ബിജെപിയുടെയും രാഷ്ട്രീയം എന്നും നിലകൊണ്ടിട്ടുള്ളത്. മോദി പറഞ്ഞതില്‍ ഇത്ര ഞെട്ടലെന്തിനാണെന്നാണ് എനിക്ക മനസ്സിലാവാത്തത്. മോദി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിജയിക്കുന്നത് തന്നെ ന്യൂനപക്ഷ വിരുദ്ധതയിലൂന്നിയാണ്. ഗുജറാത്തിലെ വംശഹത്യയൊക്കെ ഇത്രവേഗം മറന്നോ.. നമ്മുടെ മറവിയാണ് ഞെട്ടലുണ്ടാക്കുന്നത്.
മോദിയുടെ നാവില്‍ നിന്ന് വീണത് പ്രധാനമന്ത്രിക്ക് ചേര്‍ന്ന പ്രസ്താവനയല്ല- ഷാനിമോള്‍ ഉസ്മാന്‍
ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ചേര്‍ന്ന പ്രസ്താവനയല്ല മോദിയുടെ നാവില്‍ നിന്ന് ഉണ്ടായത്. രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന പ്രസ്താവനകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ പ്രസ്താവനക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പരാതി കണ്ടില്ലെന്ന് നടിക്കുന്നതാണ് വലിയ പ്രതിസന്ധി. ജനങ്ങളെ ജാതിയുടെ കംപാര്‍ട്‌മെന്റിലാക്കാന്‍ ശ്രമം നടക്കുകയാണ്. ഇതുകൊണ്ടൊന്നും പരാജയപ്പെടുത്താന്‍ മോദിക്കാവില്ല. ഒന്നാംഘട്ടത്തിലെ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റത്തില്‍ അടിപതറിയതാണ് ഇത്തരം വിഭജന പ്രസ്താവനകളുമായി മോദി രംഗപ്രവേശനം ചെയ്യാന്‍ കാരണം. മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യ എന്ന മഹരാജ്യത്തിന് നാണക്കേടാണ് ഇത്തരം വിദ്വേഷ, വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രി.
Content Highlights: PN gopikrishnan,mn karassery,R Bindu,Shanimol Usman, Modi hate speech, rajasthan,antimuslim
Published: 23 Apr 2024, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented