
ബെംഗളൂരു: മുസ്ലിങ്ങളെ പേരെടുത്തു പറഞ്ഞ് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിനെതിരേ കര്‍ണാടക ശിവാജി നഗറിലെ എംഎല്‍എ റിസ്വാന് അര്‍ഷാദിന്റെ മറുപടി ചർച്ചയാകുന്നു. പ്രധാനമന്ത്രി പറഞ്ഞത് അതിരു കടന്നതും നാണം കെട്ടതുമായ പരാമര്‍ശമാണെന്ന് എംഎല്‍എ പറഞ്ഞു. ന്യൂസ് എക്സിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ശക്തമായ രീതിയില്‍ പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസ്താവനക്കെതിരേ ആഞ്ഞടിച്ചത്.
രാജസ്ഥാനില്‍ നടന്ന കാമ്പയിനിങ്ങിനിടെയാണ് വിദ്വേഷം പരത്തുന്ന പ്രസംഗം മോദി നടത്തിയത്. മുസ്ലിങ്ങളെ നുഴഞ്ഞു കയറ്റക്കാരെന്നും കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്നവരെന്നുമാണ് മോദി പ്രസംഗത്തിനിടെ ആക്ഷേപിച്ചത്. വിദ്വേഷ പ്രസംഗത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തുകയും തിരഞ്ഞെടുപ്പു കമ്മീഷന് പരാതിയും നല്‍കിയിരുന്നു.
"പ്രധാനമന്ത്രി പറഞ്ഞത് അതിരുകടന്നതും നാണം കെട്ടതുമായ പരാമര്‍ശമാണ്. പ്രധാനമന്ത്രിയോട് സഹതാപം തോന്നുന്നു. 10 നീണ്ട വര്‍ഷത്തെ ഭരണത്തിനു ശേഷം നിങ്ങള്‍ക്കൊരു നേട്ടവും ചൂണ്ടിക്കാണിക്കാനില്ല. അധികാരത്തിലേറാന്‍ മുസ്ലിങ്ങളെ വെറുപ്പിലൂടെ ലക്ഷ്യം വെക്കുകയാണ്. അങ്ങനെയെങ്കില്‍ ഈ പത്ത് വര്‍ഷവും നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു. രാജ്യത്തെ മുസ്ലിങ്ങളെല്ലാം മരിച്ചു എന്ന് സങ്കല്പിക്കുക. എങ്കില്‍ നിങ്ങളിനി ആരുടെ പേര് പറഞ്ഞ് വോട്ടു തേടും. പ്രധാനമന്ത്രിയോട് എനിക്ക് ചോദിക്കാനുള്ളതിതാണ്.
സ്ത്രീകള്‍ അവരുടെ താലിവില്‍ക്കുന്നുവെന്ന് പറഞ്ഞു. അങ്ങനെയൊരു ഗതികേടിലേക്ക് ജനങ്ങളെത്തിയത് നിങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനു ശേഷമുണ്ടായ പണപ്പെരുപ്പം കാരണമാണ്, പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ് മൂലമാണ്, ഭക്ഷ്യ ധാന്യങ്ങളുടെ വില കൂടിയത് കാരണമാണ്", റിസ്വാന് അര്‍ഷാദ് പറഞ്ഞു
ഈ പത്ത് വര്‍ഷത്തെ നിങ്ങളുടെ പ്രധാനനേട്ടമെന്താണെന്ന ഒരേയൊരു ചോദ്യമേ തനിക്ക് പ്രധാനമന്ത്രിയോട് ചോദിക്കാനുള്ളൂ എന്നും റിസ്വാൻ എംഎൽഎ പറഞ്ഞു. " പത്ത് വര്‍ഷത്തെ നിങ്ങളുടെ പ്രധാനനേട്ടമെന്താണ്.അങ്ങിനെ വലിയൊരു നേട്ടമുണ്ടെങ്കില്‍ നിങ്ങളെന്തു കൊണ്ട് അതേക്കുറിച്ച് സംസാരിക്കുന്നില്ല. എന്ത് കൊണ്ട് ഇപ്പോഴും മുസ്ലിം സമുദായത്തിന്റെ പേര് വലിച്ചിഴക്കുന്നു. ഗുജറാത്ത് ദിനങ്ങള്‍ക്ക് ശേഷം നിങ്ങളെന്തു കൊണ്ട് മാറിയില്ല. പാര്‍ട്ടിക്കതീതമായി നിങ്ങൾ വളര്‍ന്നെന്ന് പറയുന്നു. അങ്ങനെ വളര്‍ന്ന വ്യക്തിക്ക് ഇത്രതരം താണ് സംസാരിക്കാനാവുമോ. ഇതാണോ നിങ്ങളുടെ സബ്കാ സാഥ് സബ്കാ വികാസ്.. നിങ്ങളുടെ എല്ലാ മുദ്രാവാക്യങ്ങളും പൊള്ളയാണ്. നിങ്ങൾ കള്ളങ്ങളാണ് പറയുന്നത്". ഇത്രവലിയൊരു രാജ്യത്തിന്റെ ഇത്ര പരമോന്നത പദവിയിലിക്കുന്ന ഒരാള്‍ ഇത്രത്തോളം തരംതാഴുന്നത് താനാദ്യമായാണ് കാണുന്നതെന്നും റിസ്വാന് അര്‍ഷാദ് പറഞ്ഞു.
Content Highlights: Congress MLA Rizwan Arshad,Narendra modi,communal speech,rajasthan,muslims,shame
Published: 23 Apr 2024, 10:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented