
1908 ലെ ഒരു രാത്രിയിലാണ് ഇന്ത്യ മഹാരാജ്യത്തിന്റെ തെക്കേ മൂലയിലുള്ള തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തിൽ ഇന്നിപ്പോൾ പത്തനംതിട്ട ജില്ലയുടെ ഭാഗമായിട്ടുള്ള കുളത്തൂർ എന്ന പ്രദേശത്തുള്ള കുന്നിൻ മുകളിൽ കയറി നിന്നു കൊണ്ട് പൊയ്കയിൽ അപ്പച്ചൻ ഒരു വലിയ ജനസഞ്ചയത്തിനോടായി പാടിയത്," കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെ പറ്റി, കാണുന്നുണ്ട് അനേക വംശത്തിൻ ചരിത്രങ്ങൾ" എന്ന്. ഒരർത്ഥത്തിൽ ഇന്ത്യൻ ചരിത്ര രചനകളിലോ ബൃഹദാഖ്യാനങ്ങളിലോ കാണാത്ത ചില അക്ഷരങ്ങളെ കുറിച്ച്, ആ വാക്കുകളിലും അക്ഷരങ്ങളിലും ഉൾക്കൊള്ളപ്പെടാത്ത ഒരു ജനതയെ കുറിച്ചായിരുന്നു അപ്പച്ചൻ സംസാരിച്ചത്. കുറച്ചുകൂടി ആഴത്തിൽ ശ്രദ്ധിച്ചാൽ ഒരുതരം ഒളിപ്പിക്കലിനെ കുറിച്ചും മറ്റൊരുതരം ചരിത്ര നിർമാണത്തെക്കുറിച്ചും ആണ് അപ്പച്ചൻ പറയുന്നത് എന്ന് മനസ്സിലാകും.
ചിലർ അദൃശ്യമായോ, പ്രതിബിംബങ്ങളായോ, നിഴലുകളായോ മാത്രം നിലനിൽക്കുന്ന, എക്സിസ്റ്റ് ചെയ്യുന്ന നിർമിതികൾ. ഇത്തരത്തിൽ ചില പ്രത്യേക രീതിയിലും ആഖ്യാനത്തിലുമുള്ള ചരിത്ര നിർമ്മാണങ്ങളും ചിത്രീകരണങ്ങളുമാണ് എല്ലാക്കാലത്തും കേരളത്തിനകത്ത് ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതാവട്ടെ തികച്ചും വംശീയവും വർഗീയവുമായ ഒരു തരം ആലോചനയുടെ ഭാഗവുമാണ്. ഇന്നിപ്പോൾ കേരളത്തിലെ എസ്.സി. ഇ.ആർ. ടി 4-ാം ക്ലാസ്സിലേക്കുള്ള മലയാളം പുസ്തകത്തിലെ ആദിവാസി ചിത്രീകരണത്തിനെ മുൻനിർത്തി ഉണ്ടായിരിക്കുന്ന വിവാദത്തിന്റെ അടിസ്ഥാനത്തെ ഈ ഒരു ലെൻസിലൂടെ വേണം മനസ്സിലാക്കാൻ. എഴുതപ്പെട്ട എഴുത്തുകളാൽ പിടിക്കപ്പെട്ട ഒരു ജനത, വീണ്ടും വംശീയ സൃഷ്ടികളെ ജനാധിപത്യ സമൂഹത്തിനകത്ത് പുനരാവിഷ്കരിച്ചു കൊണ്ടിരിക്കുന്നു.
സ്വാതന്ത്ര്യ ഇന്ത്യയുടെ സകല അക്കാദമിക നോൺ അക്കാദമിക വ്യവഹാരങ്ങൾക്കകത്തും ഇത്തരത്തിലുള്ള വംശീയ, വർഗീയപരമായ അധികാര നിലനിൽപ്പിനു ഉതകുന്ന നിലയിലാണ് എഴുത്ത് രൂപങ്ങളും ചിത്രീകരണങ്ങളും നിലനിൽക്കുന്നത്. കേരളത്തിലെ 4-ാം ക്ലാസ്സിലേക്കുള്ള മലയാളം പുസ്തകത്തിലെ ആദിവാസി ചിത്രീകരണത്തിലും മാറ്റമുണ്ടാവാതെ നിലനിൽക്കുന്നത് ഇത്തരം പഠനങ്ങൾക്ക് അകത്തും എഴുത്തുകൾക്ക് അകത്തും ഉണ്ടായിവന്ന ജനതയാണ് പാഠപുസ്തക നിർമാണവുമായും ബന്ധപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ട് കൂടിയാണ്. ഇന്ത്യയിലെ ഏതൊരു സ്ഥലത്തെയും ഒരു വ്യക്തിയോട് എന്താണ് ആദിവാസി എന്ന് ചോദിക്കുമ്പോൾ എല്ലാവർക്കും ഇത്തരത്തിൽ ബാംബൂ ബോയ്സ് സിനിമയിലെ പോലെയുള്ള ഒരു രൂപത്തിൽ ആയിരിക്കാം ആവാഹിച്ചെടുക്കുവാൻ സാധിക്കുന്നത്. അതിനുമപ്പുറത്തേക്ക് ഒരു സാംസ്കാരിക ശരീരത്തെ ആദിവാസിയായോ അല്ലെങ്കിൽ ഇവിടത്തെ മറ്റു മാറ്റിനിർത്തപ്പെട്ട ഏതെങ്കിലും സമൂഹമായോ കാണാൻ ഇവിടുത്തെ വിദ്യാസമ്പന്നരെന്ന് സ്വയം പറയുന്ന ആളുകൾക്ക് പോലും സാധിക്കുമെന്ന് കരുതാൻ നിർവാഹമില്ല. അത്രമേൽ സാംസ്കാരികമായി ഇത് മലയാളി സ്വത്വത്തിൽ ഉൾച്ചേർന്നിരിക്കുന്നു. അതുകൊണ്ട് തന്നെ സംസ്കൃതവൽക്കരണത്തിന്റെ ഭാഗമായി ഇതിനെ മനസ്സിലാക്കികൊണ്ട് മറികടക്കണമെങ്കിൽ സമഗ്രമായ അഴിച്ചുപണികൾ ആവശ്യമാണ്. ചരിത്രപരമായ തുറന്നുകാട്ടലുകളോടൊപ്പം, ഇതിന്റെ രാഷ്ട്രീയമായ പ്രവർത്തനത്തേയും കൂടി പരിശോധിച്ച് മറികടക്കാനുള്ള ആലോചനകൾ നടത്തേണ്ടതുണ്ട്.

ചിത്രീകരണത്തിന്റെ രാഷ്ട്രീയം
ചിത്രീകരണങ്ങൾക്ക് ഒരുതരം രാഷ്ട്രീയം നിലനിൽക്കുന്നുണ്ട്. ഈ രാഷ്ട്രീയം ഒരർത്ഥത്തിൽ കാഴ്ചക്കാരന്റെ/ പഠിതാവിന്റെ ആലോചന ക്രമത്തെയും ചിന്താ പദ്ധതിയേയും ഒരു പ്രത്യേക ആഖ്യാനത്തിനകത്ത് അകപ്പെടുത്തി നിലനിർത്തുക എന്ന ഉദ്ദേശത്തോടുകൂടി രൂപപ്പെടുത്തുന്നതാണ്. ഒരർത്ഥത്തിൽ ഇന്ത്യ ചരിത്രത്തെ സംബന്ധിക്കുന്നതും, സംസ്കാരത്തെ സൂചിപ്പിക്കുന്നതുമായ എല്ലാവിധ ചിത്രീകരണങ്ങളും ഇത്തരത്തിൽ ഒരു സവർണ ആഖ്യാനത്തിനകത്തും, ലാവണ്യ ചിന്തകൾക്കകത്തു നിലനിർത്തിക്കൊണ്ടാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. വളരെ കൃത്യമായി ഒരു മേൽ കീഴ് അധികാര ക്രമത്തെ ഇതിലൂടെ നിർമിച്ചെടുക്കാൻ സാധിക്കും. ഇവിടെ വർത്തമാനകാലത്തിലുള്ള ഇത്തരം ചിത്രീകരണങ്ങൾ, ഭൂതകാലത്തിന്റെ കേവലമായ ഒരു പരിചയപ്പെടുത്തലായി പറയപ്പെട്ടു പോരുന്നുണ്ടെങ്കിൽ പോലും യഥാർത്ഥത്തിൽ അതൊരു പ്രത്യക്ഷപ്പെടുത്തൽ കൂടെയാണ്. അതായത് ഇത് ഭൂതകാലത്തിലുള്ള ഒരു കേവല ഓർമ്മയല്ല മറിച്ച് പ്രത്യക്ഷത്തിൽ പ്രതീകവൽക്കരിക്കാനും സ്ഥാപിക്കാനും സാധിക്കുന്ന ഒരു നിർമിത ഓർമയാണ്. ഭൂതകാലത്തിന്റെ യാഥാർത്ഥ്യത്തിനപ്പുറം പുതിയ കാലത്തിന്റെ മേധാവിത്വത്തിന് അനുകൂലമാകത്തക്കനിലയിൽ പുനർനിർമിക്കപ്പെടുന്ന ഒന്നാണ് ഇത്തരം ചിത്രീകരണങ്ങളെല്ലാം തന്നെ.
ഇത്തരത്തിൽ കഥകളിലും, ചിത്രങ്ങളിലും ചരിത്രങ്ങളിലും, എന്തിന് സിനിമയിൽ പോലും രൂപപ്പെടുത്തി വച്ചിരിക്കുന്ന ലാവണ്യ ശരീരങ്ങൾ ഒരർഥത്തിൽ ചരിത്രത്തിന്റെ യാഥാർഥ്യങ്ങളുമായി ചേർന്നുപോകുന്നതല്ല. ഒരുതരത്തിൽ പറഞ്ഞാൽ ഒരു പ്രത്യേക രീതിയിലുള്ള പൊതുവത്കരണമാണ് ചിത്രത്തിലൂടെയും കഥകളിലൂടെയും നടത്തിവരുന്നത്. മനുഷ്യ ജനതകളുടെ പൊതുചരിത്രത്തിൽ എല്ലാവരും തന്നെ ഹണ്ടർ-ഗാതറേഴ്സ് ആയിട്ടുള്ള ജീവിതം നയിച്ചിട്ടുള്ളവരാണ്. മനുഷ്യ പരിണാമദിശയിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക പരിണാമത്തിന്റെ ഭാഗമായി ഇത് മനസ്സിലാക്കപ്പെടുന്നതുമാണ്. എന്നാൽ ഇന്ത്യയിലെ യാതൊരു ചരിത്ര, പുരാണ മിത്തുകളും ഇത്തരമൊരു ജീവിത സാഹചര്യമോ ലാവണ്യ രൂപമോ സവർണർക്ക് ഉണ്ടായിട്ടുള്ളതായി ചിത്രീകരിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നതല്ല.
അതായത് ഹണ്ടർ-ഗാതറേഴ്സ് ആയിരുന്നു എന്നൊക്കെ പറയുമ്പോൾ പോലും സവർണ ചരിത്രത്തെ പറ്റിയുള്ള ആലോചനകളിൽ ഒരുകാലത്തും ഇത്തരം ജീവിതാവസ്ഥയോ പരിസരമോ ഇവർക്കുണ്ടായിരുന്നു എന്ന് ചേർത്തു വായിക്കപ്പെടാറില്ല. എന്നാൽ, വളരെ കൃത്യമായി ആദിവാസികളുടെയും ദളിതരുടെയും കാര്യങ്ങൾ വരുമ്പോൾ ഒരു സവർണ ബോധത്തിൽ ഊന്നിയ ഒരു അപരിഷ്കൃത രൂപത്തെ നിർമിച്ച് ചേർത്തുവയ്ക്കുന്നത് കാണാൻ സാധിക്കും. ഇത്തരം ജനതകൾക്ക് എത്രമാത്രം സാംസ്കാരികമായ ലാവണ്യ പരമായ വ്യത്യസ്തതയുണ്ടെന്ന് പറഞ്ഞാൽ പോലും അതിന് ചെവി കൊടുക്കാൻ മുതിരാത്ത ഒരു സവർണ ആഖ്യാന എഴുത്ത് ചിത്രീകരണ രീതികളാണ് ഇന്നും നിലവിലുള്ളത്.
ഒരു സവർണ ശരീരത്തിന്റെ രൂപവൽക്കരണം രണ്ടുതരം അധികാരബോധങ്ങളെ സമുന്യയിപ്പിക്കുന്ന രീതിയിലാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. ഒന്നാമത് അയാളുടെ സൗന്ദര്യ ലാവണ്യ നിർമിതി ഒരേസമയം സവർണ ബ്രാഹ്മണിക്കൽ ഫാന്റസിയിൽ സാംസ്കാരിക പിന്താങ്ങലിലൂടെയും അതിനോട് ചേർത്തുവച്ചുകൊണ്ട് ഒരുതരം വെള്ളക്കാരന്റെ ലെൻസ് ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടിയാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. ആധുനികകാലത്തെ വംശീയ രാഷ്ട്രീയത്തിനും വംശീയ-വർഗീയ ചിന്തകൾക്കും ഉതകുന്ന നിലയിലാണ് ഈ കൊളോണിയ ലെൻസിന്റെ ഉപയോഗം നടത്തിയിരിക്കുന്നത്. അതിൽ പ്രധാനം ഈ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസത്തെ നിറമായി ബന്ധപ്പെട്ട് കാണുന്നു എന്നതാണ്. എന്നാൽ ഇന്ത്യയുടെ ജാതി വ്യവസ്ഥ എന്നത് വംശീയമായ ഒരു നിർമിതി അല്ല എന്ന് അംബേദ്കർ വളരെ മുൻപ് തന്നെ എഴുതിയിട്ടുണ്ട്. ഇന്ന് നമുക്ക് മുമ്പിൽ ആധുനിക ജനതിക പഠനങ്ങളും ഇത് ശരിവയ്ക്കുന്നു. സാംസ്കാരികപരമായി തന്നെ നമ്മൾ അതിനെ പരിശോധിക്കുകയാണെങ്കിൽ ആചാരങ്ങൾ എന്ന വിധേന മുടിക്കെട്ടുന്ന രീതി, വസ്ത്രം ധരിക്കുന്ന രീതി ഉൾപ്പെടെ പലവിധ കാര്യങ്ങളെ ആചാരമായി ബന്ധിപ്പിച്ചുകൊണ്ട് നിലനിർത്തിപ്പോന്നിരുന്നത് ഒരു പരിധിവരെ ഈ ജാതി വ്യത്യാസത്തെ നിറത്തെ മറ്റ് എന്തെങ്കിലും വംശീയ സംഗതിയും മുൻനിർത്തി മനസ്സിലാക്കാൻ സാധിക്കില്ല എന്നുള്ളതുകൊണ്ടാണ്.
ഇത്തരത്തിൽ ശരീരത്തെയും നിറത്തെയും മുൻനിർത്തി മാത്രമല്ല വംശീയതയും ജാതി അധികാരവും ചിത്രീകരിക്കപ്പെടുന്നത്. സാംസ്കാരിക ജീവിത പരിസരങ്ങൾ നിർമിക്കുമ്പോഴും ഇത്തരം സവർണ മേന്മയുടെ രാഷ്ട്രീയം ഇവർ അവതരിപ്പിക്കാറുണ്ട്. ഉദാഹരണത്തിന് ഭൂതകാലത്തിൽ ഉണ്ടായിരുന്ന കൊട്ടാരങ്ങളെയും കൊട്ടാരവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെയും നമ്മൾക്കു മുൻപിൽ അവതരിപ്പിക്കുമ്പോൾ ഇതാണ് സംഭവിക്കുന്നത്. എന്നാൽ നമ്മൾ ചരിത്രം പരിശോധിക്കുമ്പോൾ പലരുടെയും യാത്ര കുറിപ്പുകളും ചരിത്രരേഖകളും നമ്മൾക്ക് മുൻപിൽ വെളിവാക്കുന്നത് ഈ ചിത്രീകരണത്തിൽ നിന്ന് വിരുദ്ധമായതോ വ്യത്യസ്തമായോ സഞ്ചരിക്കുന്ന ചില യാഥാർത്ഥ്യങ്ങളാണ്. ഉദാഹരണത്തിന് ഡോ.ഫ്രാൻസിസ് ബുക്കാനന്റെ 1800-ലെ യാത്രാവിവരണ കുറിപ്പിൽ മനക്കുളത്ത് രാജാവിനെ കുറിച്ചും അദ്ദേഹത്തിന്റെ കൊട്ടാരത്തെ കുറിച്ചും വിവരിക്കുന്ന ഒരു ഭാഗം ശ്രദ്ധിച്ചാൽ അദ്ദേഹം മലബാറിലെ ഒരു രാജകൊട്ടാരത്തെ പറ്റി പറയുന്നത് കാണാൻ സാധിക്കും."ഞങ്ങളുടെ ടെൻറ്റിന് അടുത്ത് ഒരു 'കോളുഗം' അഥവാ രാജാവിന്റെ വീട് സ്ഥിതി ചെയ്തിരുന്നു. സമചതുരത്തിലുള്ള ഒരു വലിയ കെട്ടിടം കുറേ ഭാഗം കല്ലുകൊണ്ടും, കുറേ ഭാഗം ചളികൊണ്ടും (കളിമണ്ണ്) നിർമിച്ചതാണ്.ഓട് കൊണ്ടാണ് മേഞ്ഞിരുന്നതെങ്കിലും അതിന് അന്തസ്സോ വൃത്തിയോ അശേഷം ഇല്ല." അതേപോലെ അലക്സാണ്ടർ ഹാമിൾട്ടൻ എന്നയാൾ പതിനേഴാം നൂറ്റാണ്ടിൽ (1695) നടത്തിയ ഒരു കേരള രാജാവിന്റെ കൊട്ടാരവിവരണത്തിൽ വളരെ ശൂന്യമായ രീതിയിൽ മുളകൊണ്ട് നിർമിച്ച കൊട്ടാരമാണ് ഉള്ളതെന്ന് പറയുന്നു1. എന്നാൽ പൊതു ആഖ്യാനങ്ങൾക്കകത്തോ അക്കാദമിക ഇടങ്ങൾക്കകത്തോ ഇത്തരത്തിൽ ശോചനീയമായ ഒരു രാജചരിത്രം പറയപ്പെടാറേയില്ല മറിച്ച് യുക്തിക്ക് അതീതമായ സവർണ അതിശയോക്തികളാണ് ഉണ്ടാവാറ്. വളരെ സ്വാഭാവികമായി ഒരു ബൈനറിയെ നിർമിച്ച എടുക്കുവാൻ, അതായത് വൃത്തിയുള്ളവരും വൃത്തിയില്ലാത്തവരും, എന്ന നിലയിലുള്ള ജാതീയ മേൽ കീഴ് ശരീരങ്ങൾ അങ്ങനെ നിർമിക്കപ്പെടുന്നു. അങ്ങനെ ചിത്രീകരണങ്ങൾ ഉപയോഗപ്പെടുത്തി ഒരു ആധുനിക വംശീയ-ജാതീയ സ്വത്വങ്ങളെ രൂപീകരിച്ചുകൊണ്ട് ജാതിയുടെ വർഗീകരണത്തെ സാധൂകരിക്കുവാൻ ശ്രമിക്കുകയാണ് ഇവിടെ നടക്കുന്നത്. ഇതുതന്നെയാണ് ചിത്രീകരണത്തിലൂടെ സവർണ രാഷ്ട്രീയവും നടത്തുന്നത്
പ്രാതിനിധ്യം -പ്രതിനിധാനം -ചിത്രീകരണം
ചിത്രീകരണം കേവലമായ ഒരു പ്രാതിനിധ്യത്തിന്റെ സംവിധാനം മാത്രമല്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയവശത്തെ കൃത്യമായി പ്രതിനിധീകരിക്കുന്നില്ല എന്നുണ്ടെങ്കിൽ അതിനുള്ളിൽ പ്രാതിനിധ്യം കൊണ്ടുവന്നത് തന്നെ വലിയ പ്രശ്നമായി മാറും. ചിത്രീകരണത്തിന്റെ മാത്രമായി നിൽക്കുന്ന പ്രശ്നമല്ല മറിച്ച് എല്ലാ ഇടങ്ങളിലും പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് വേണം ഇതിനെ മനസ്സിലാക്കാൻ. അതായത് പ്രതിനിധാനം ചെയ്യുന്ന വ്യക്തിയോ കഥാപാത്രമോ പ്രതിനിധീകരിക്കപ്പെടുന്ന വിഭാഗത്തിനായും വിഭാഗത്തിന് വേണ്ടിയും ശബ്ദിക്കുന്നില്ല എങ്കിൽ തീർച്ചയായും പ്രതിനിധാനം വിപരീതഫലം നൽകുക തന്നെ ചെയ്യും. പാഠപുസ്തക വിഷയത്തിനകത്ത് സംഭവിച്ചിരിക്കുന്നത് ഇതാണ്. പഴശ്ശിയുടെ കഥയിൽ പഴശ്ശിയെ പ്രതിനിധാനം ചെയ്യുന്നതും കുറിച്യ ആദിവാസി ജനതയെ ചെയ്യുന്നതുമായ കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ ഒരു സവർണ കാഴ്ചയാണ് പ്രതിഫലിക്കുന്നത്. ഇവർ രണ്ടുപേരും ഭൂതകാലത്തിന്റെ യാഥാർഥ്യങ്ങളെ പ്രതിനിധീകരിക്കുന്നുമില്ല, ചിത്രീകരണത്തിനകത്തുകൂടി കുറിച്യരുടെ ചിത്രം ഒരു സവർണാധികാര താല്പര്യത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നുണ്ട്.
ഒരു ജനാധിപത്യ സമൂഹത്തെ സംബന്ധിച്ച് സാമൂഹിക ജനാധിപത്യത്തോടെ മുൻപോട്ട് പോകണം എന്നുണ്ടെങ്കിൽ പ്രതിനിധീകരണത്തിന് അകത്തുള്ള അടിസ്ഥാന മര്യാദകൾ എത്തിക്കലായി മാനിക്കപ്പെടേണ്ടതുണ്ട്. അരികുവൽക്കരണത്തിന്റെ വിവിധങ്ങളായ വശങ്ങളെയും, ഭൂതകാല യാഥാർത്ഥ്യത്തെയും ഒന്നിച്ചു ചേർത്തുവച്ചുകൊണ്ട് അടിത്തട്ടിൽ നിന്ന് നോക്കി കാണുന്നതും യാഥാർത്ഥ്യവുമായി ചേർന്ന് നിൽക്കുന്നതുമായ പ്രതീകവൽക്കരണവും പ്രത്യക്ഷവൽക്കരണവും രാഷ്ട്രീയപരമായി തന്നെ ഇവിടെ പ്രധാനമാണ്. പ്രതിനിധാനങ്ങൾ ആത്മാഭിമാനവുമായി ചേർത്ത് വച്ചുകൊണ്ടും, അതിലൂടെയുള്ള ആഖ്യാനം പുതിയകാല രാഷ്ട്രീയത്തിന് സാധ്യത നൽകുന്നതും ആയിരിക്കേണ്ടത് സാംസ്കാരികതയെ സാമൂഹിക ജനാധിപത്യത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കും. അത്തരം പുനർനിർമാണങ്ങളിലൂടെ മാത്രമായിരിക്കും ഒരുപക്ഷേ സവർണ്ണ ബ്രാഹ്മണിക്കൽ വ്യവഹാരങ്ങളെ അപ്രസക്തമാക്കാൻ സാധിക്കുകയുള്ളൂ. അതിലേക്കായി, പ്രാതിനിധ്യം പ്രതിനിധാനം ആവുന്നില്ല എന്ന വസ്തുതയെ, നിരന്തര പ്രതിപക്ഷത്തിന്റെ ശബ്ദമായി നമുക്ക് പറഞ്ഞു കൊണ്ടേയിരിക്കാം.
റഫറൻസ്
(1) ജാതിവ്യവസ്ഥിതിയും കേരളചരിത്രവും - പി. കെ. ബാലകൃഷ്ണൻ.
Content Highlights: picturisation of tribal people in scert textbook for class 4 controversy
Published: 10 Jun 2024, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented