ബെംഗളൂരു: ചന്ദ്രോപരിതലത്തിലെ പ്രത്യേക പ്രകമ്പനം രേഖപ്പെടുത്തി ചന്ദ്രയാന്‍ 3 ലാന്‍ഡര്‍. ചന്ദ്രനിലെ പ്രകമ്പനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടി വിക്രം ലാന്‍ഡറില്‍ ഘടിപ്പിച്ച പരീക്ഷണോപകരണ (പേലോഡ്) മായ ഐഎൽഎസ്എ (ഇൻസ്ട്രുമെന്‍റ് ഫോർ ദ ലൂണാർ സീസ്മിക് ആക്ടിവിറ്റി) വഴിയാണ് വിവരശേഖരണം നടത്തിയത്. പ്രകമ്പനത്തിന്‍റെ ഗ്രാഫും ഐ.എസ്.ആര്‍.ഒ. വ്യാഴാഴ്ച പുറത്തുവിട്ടു.

To advertise here,

ചന്ദ്രോപരിതലത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന പ്രകമ്പനവും പ്രഗ്യാന്‍ റോവറും പരീക്ഷണോപകരണങ്ങളും പ്രവര്‍ത്തിക്കുമ്പോഴുള്ള പ്രകമ്പനവും ഐഎൽഎസ്എ രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രനിലെ പ്രകമ്പനത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിലാണെന്നും ഐ.എസ്.ആര്‍.ഒ. എക്‌സില്‍ പോസ്റ്റ് ചെയ്തു. 

ചന്ദ്രനിലെത്തിക്കുന്ന ആദ്യത്തെ മൈക്രോ ഇലക്ട്രിക്കോ മെക്കാനിക്കല്‍ സിസ്റ്റംസ് ഉപകരണമാണ് ഐഎൽഎസ്എ. ചന്ദ്രനിലെ വിവിധങ്ങളായ പ്രകമ്പനം സംബന്ധിച്ച നിരീക്ഷണം നടത്തുന്നതിനുവേണ്ടി ലാന്‍ഡറില്‍ ഘടിപ്പിച്ച പരീക്ഷണോപകരണമാണിത്. ബെംഗളൂരുവി ലാണ് ഇത് വികസിപ്പിച്ചത്. നേരത്തേ മറ്റൊരു പരീക്ഷണോപകരണമായ ചാസ്‌തെ (ChaSTE) വഴി ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപനില സംബന്ധിച്ച നിരീക്ഷണം നടത്തിയിരുന്നു. ചന്ദ്രന്റെ മണ്ണില്‍ താഴേക്ക് പോകുംതോറും ചൂട് കുറഞ്ഞുവരുന്നതായി കണ്ടെത്തി. ചന്ദ്രന്റെ മണ്ണിന് മികച്ച താപ പ്രതിരോധ ശേഷിയുള്ളതായും ഇതുവഴി മനസ്സിലാക്കാനായി. 

നേരത്തേ ലാന്‍ഡറിലെ മറ്റൊരു പരീക്ഷണോപകരണമായ ആര്‍.എ.എം.ബി.എച്ച്.എ.-എല്‍.പി. ചന്ദ്രോപരിതലത്തിലെ പ്ലാസ്മ കണങ്ങളുടെ അളവെടുത്തിരുന്നു. ചന്ദ്രോപരിതലത്തിലുള്ള പ്ലാസ്മയുടെ അളവ് താരതമ്യേന കുറവാണെന്നാണ് ഈ നിരീക്ഷണത്തില്‍നിന്ന് പ്രാഥമികമായി മനസ്സിലാക്കാനായതെന്ന് ഇസ്രോ പറയുന്നു. തിരുവനന്തപുരത്താണ് RAMBHA - LP പേലോഡ് വികസിപ്പിച്ചത്.