കോഴിക്കോട്: പ്രായംകുറഞ്ഞ ചുവപ്പുകുള്ളൻ നക്ഷത്രങ്ങൾ (എം ഡ്വാർഫ്) പുറപ്പെടുപ്പിക്കുന്ന പ്ലാസ്മാ അവസ്ഥയിലുള്ള ദ്രവ്യത്തിന്റെ അതിവേഗ പ്രവാഹത്തിന്റെ സൂചനകൾ ആദ്യമായി കണ്ടെത്തി മലയാളി ഗവേഷകൻ. അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയിലെ ശാസ്ത്രജ്ഞനായ ഡോ. അതുൽ മോഹന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നേട്ടം കൈവരിച്ചത്. അന്യഗ്രഹങ്ങളിൽ ജീവൻതിരയുന്ന ഗവേഷണങ്ങൾക്ക് സഹായകരമാവുന്നതാണ് കണ്ടെത്തൽ.

To advertise here,

എ.ഡി. ലിയോ എന്ന ചുവപ്പുകുള്ളൻ നക്ഷത്രത്തിൽനിന്നുള്ള പ്ലാസ്മാപ്രവാഹ സിഗ്നലുകളാണ് കണ്ടെത്തിയത്. പുണെ നാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രൊ ഫിസിക്സിസിന്‍റെ അപ്ഗ്രേഡഡ് ജയന്റ് മീറ്റർവേവ് റേഡിയോ ടെലിസ്കോപ്പാണ് (യു.ജി.എം.ആർ.ടി.) നിരീക്ഷണത്തിനായി ഉപയോഗിച്ചത്. നക്ഷത്രത്തെ 550-850 മെഗാ ഹെട്സ് ബാൻഡിൽ എട്ടുമണിക്കൂർ നിരീക്ഷിച്ചതിന്‍റെ ഡേറ്റ വിശകലനം നടത്തിയാണ് സംഘം സൂചന സ്ഥിരീകരിച്ചത്.

ചുവന്ന കുള്ളൻമാർ

സൂര്യനെ അപേക്ഷിച്ച് വളരെ പ്രക്ഷുബ്‌ധമായ നക്ഷത്രങ്ങളാണ് പ്രായംകുറഞ്ഞ ചുവന്ന കുള്ളൻമാർ. (സൂര്യന്റെ പ്രായം ഏകദേശം 460 കോടി വർഷമാണെങ്കിൽ എ.ഡി. ലിയൊയെപ്പോലുള്ള എം ഡ്വാർഫുകളുടെ ശരാശരി പ്രായം 25 കോടി വർഷം മാത്രമാണ്). സൂര്യനെക്കാൾ പതിൻമടങ്ങ് കാന്തികവലയമുള്ള ഇവയിൽ നിരന്തരം അതിവേഗ ഊർജവിസ്ഫോടനങ്ങൾ ഉണ്ടാവും. അതിനാൽ ഇവയിൽനിന്ന് പുറത്തേക്ക് വൻതോതിൽ പ്ലാസ്മാപ്രവാഹവും വേണ്ടതാണ്. ഇതിന്റെ സൂചനകൾ കണ്ടെത്താൻ കഴിയാത്തത് ശാസ്ത്രലോകത്തെ കുഴക്കിയിരുന്നു. ഒരുനക്ഷത്രം എത്രമാത്രം പ്ലാസ്മാപ്രവാഹം സൃഷ്ടിക്കുന്നു എന്ന് മനസ്സിലാക്കാനായാൽ അവയുടെ ഗ്രഹങ്ങളിലെ ജീവസാധ്യതയും വിശകലനംചെയ്യാം.

‘ജേണൽ ഓഫ് അസ്ട്രൊണമി ആൻഡ്‌ അസ്ട്രൊ ഫിസിക്സി’ൽ പഠനം പ്രസിദ്ധീകരിച്ചു. ചാത്തമംഗലം സ്വദേശിയായ അതുൽ പുണെ നാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രൊ ഫിസിക്സിൽനിന്ന് ഡോക്ടറേറ്റ് നേടിയശേഷം നോർവേ ഓസ്‌ലൊ സർവകലാശാല റോസ്‌ലാൻഡ് സെന്റർ ഫോർ സോളാർ ഫിസിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയായി. തുടർന്നാണ് നാസയിൽ ഗവേഷകനായത്. ഡോ. കെ.പി. മോഹനന്റെയും ജ്യോതി മോഹനന്റെയും മകനാണ്. ഭാര്യ: ടി.വി. അനുവിന്ദ.