കോഴിക്കോട്: ഉൽക്കാശാസ്ത്രജ്ഞനും മലയാളിയുമായ അശ്വിൻ ശേഖരിനെ 'ക്വീൻസ് ലീഡർ' പദവി നൽകി ബ്രിട്ടനിലെ ക്വീൻസ് യൂണിവേഴ്‌സിറ്റി ആദരിച്ചു. ഇന്ത്യൻ ഗ്രാമങ്ങളിലും ഗോത്രവർഗ്ഗമേഖലകളിലും വർഷങ്ങളായി അശ്വിൻ നടത്തുന്ന ശാസ്ത്രപ്രചാരണം മുൻനിർത്തിയാണ് ഈ അംഗീകാരം.

To advertise here,

ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണറുടെ വസതിയിൽ നടന്ന വിരുന്നിനിടെ, ഹൈക്കമ്മിഷണർ ലിൻഡി കാമറൂൺ ആണ് അശ്വിന് ഈ പദവി സമർപ്പിച്ചത്. വടക്കൻ അയർലൻഡിൽ ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്‌സിറ്റി പ്രോ-വൈസ് ചാൻസലർ പ്രൊഫ.മാർഗ്രറ്റ് ടോപ്പിങും പങ്കെടുത്തു.

പാലക്കാട് ജില്ലയിൽ ചേർപ്പുളശ്ശേരി നെല്ലായ സ്വദേശിയായ ഡോ. അശ്വിനെ, 'ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രൊഫഷണൽ ഉൽക്കാശാസ്ത്രജ്ഞൻ' എന്നാണ് അന്താരാഷ്ട്ര അസ്‌ട്രോണമിക്കൽ യൂണിയൻ (ഐ.എ.യു) വിശേഷിപ്പിക്കുന്നത്. ഉൽക്കാവർഷം അഥവാ കൊള്ളിമീൻ വർഷം പ്രവചിക്കാനുള്ള ആധുനിക 'ത്രീ-ബോഡി റെസൊണൻസ് സിദ്ധാന്തം' 2016 ൽ കണ്ടെത്തിയത് അദ്ദേഹമാണ്.

പാരിസ് ഒബ്‌സർവേറ്ററിലെ ഉത്ക്കാപഠന സംഘത്തിൽ അംഗമായ ഡോ.അശ്വിൻ, ഐ.എ.യു.വിന്റെ പിന്തുണയോടെയാണ് ഇന്ത്യയിൽ സാധാരണക്കാരിൽ ശാസ്ത്രസന്ദേശമെത്തിക്കാനുള്ള ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്.

2018 ൽ ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കായി നടത്തിയ ശാസ്ത്ര പ്രഭാഷണത്തോടെയായിരുന്നു തുടക്കം. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. 2018 തന്നെ ഡിസംബറിൽ തിരുവനന്തപുരം ജില്ലയിലെ പിന്നാക്ക ഗ്രാമമായ അമ്പൂരിയിൽ നിന്ന് 26 സ്‌കൂൾ വിദ്യാർത്ഥികളെ കൊടൈക്കനാൽ സോളാർ ഒബ്‌സർവേറ്ററി സന്ദർശിക്കാൻ കൊണ്ടുപോയതും ഇത്തരം പ്രോഗ്രാമുകളുടെ ഭാഗമായിട്ടായിരുന്നു.

‘നമ്മുടെ ഗ്രാമങ്ങളിൽ എത്രയോ ശ്രീനിവാസ രാമാനുജന്മാരെയും മേഘനാഥ് സാഹമാരെയുമൊക്കെ നമുക്ക് നഷ്ടമാകുന്നുണ്ട്’ എന്നാണ് അശ്വിന്റെ വിശ്വാസം. 'ഒരു ചെറിയ പ്രോത്സാഹനം കൊണ്ടുതന്നെ ചിലപ്പോൾ കുട്ടികൾ അവരുടെ മേഖല തിരിച്ചറിഞ്ഞെന്നിരിക്കും', ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ കണികാ പരീക്ഷണശാലയായ സേണിന്റെ 'ട്രാവലിങ് എക്‌സിബിഷൻ' 2019 ൽ ഇന്ത്യയിൽ എത്തിയതും അശ്വിന്റെ ശ്രമഫലമായിട്ടായിരുന്നു. സേണിൽ ലാർജ് ഹാഡ്രോൺ കൊളൈഡറിൽ (എൽഎച്ച്സി) നടക്കുന്ന കണികാ പരീക്ഷണത്തിന്റെ ആവേശം ഇന്ത്യയിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളിലേക്കും അധ്യാപകരിലേക്കും എത്തിക്കാൻ ഒരു വർഷത്തിലേറെ ഇന്ത്യയിൽ ഉണ്ടായിരുന്ന ആ എക്‌സിബിഷൻ സഹായിച്ചു.

ഇത്തരം പ്രവർത്തനങ്ങൾ മുൻനിർത്തിയാണ്, ‘ക്വീൻസ് ലീഡർ’ പദവി ലഭിച്ചത്. അശ്വിൻ ജ്യോതിശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയത് ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ്. അവിടെ നിന്നാണ് പുതിയ ബഹുമതി എത്തിയിരിക്കുന്നത്.

കൂടാതെ, യൂറോപ്പിലെ പ്രമുഖ പ്ലനെറ്ററി സയൻസ് ജേണലായ ‘എൽസെവിയർ ഇക്കറസി’ (Elsevier Icarus) ന്റെ എഡിറ്ററായി അടുത്തയിടെ അശ്വിന് ചുമതല ലഭിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡോ.അശ്വിൻ.

മാത്രമല്ല, ജ്യോതിശ്ശാസ്ത്രത്തിന് നൽകിയ ആയുഷ്ക്കാല സംഭാവന മുൻനിർത്തി അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റി നൽകുന്ന ‘ജോർജ് വാൻ ബീസ്ബ്രെക് പുരസ്കാര’ (George Van Biesbroeck Prize) ത്തിന് അർഹരായവരെ നിശ്ചയിക്കാനുള്ള അഞ്ചംഗ ജൂറിയിലേക്ക് കഴിഞ്ഞ മാസം അശ്വിൻ തിരഞ്ഞെടുക്കപ്പെട്ടു. ജൂറി കമ്മിറ്റിയിലെ ഏക ഇന്ത്യക്കാരനാണ് അദ്ദേഹം.

ഐ.എ.യു.വിന്റെ ഉൽക്കാപഠന നേതൃസമിതിയിലേയ്ക്ക് കഴിഞ്ഞ ജൂലായിൽ അശ്വിൻ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഉൽക്കാപഠനരംഗത്ത് നൽകിയ സംഭാവനകൾ മുൻനിർത്തി, ഒരു ഛിന്നഗ്രഹത്തി (അസ്ട്രോയിഡ്) ന് അന്താരാഷ്ട്ര അറ്റോണമിക്കൽ യൂണിയൻ അശ്വിന്റെ പേര് ('(33928) അശ്വിൻശേഖർ') നൽകിയത് 2023 ജൂണിലാണ്.

ബഹ്റൈനിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ചുമതലക്കാരായ ശേഖർ സേതുമാധവന്റെയും അനിത ശേഖറിന്റെയും മകനാണ് അശ്വിൻ.