'സൈക്കി' എന്ന ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടുള്ള നാസയുടെ പര്യവേക്ഷണ ദൗത്യം വിക്ഷേപിച്ചു. ഒക്ടോബര്‍ 13 വൈകീട്ട് 7.49 ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ഛിന്നഗ്രഹത്തിനും നാസയുടെ ദൗത്യത്തിനും സൈക്കി (Psyche) എന്ന് തന്നെയാണ് പേര്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലാണ് ദൗത്യം.  ഒക്ടോബര്‍ 12 ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥാ പ്രശ്‌നത്തെ തുടര്‍ന്ന് ഒക്ടോബര്‍ 13 ലേക്ക് മാറ്റുകയായിരുന്നു. 

To advertise here,

ഡിസ്‌കവറി പ്രോഗ്രാമിന്റെ ഭാഗമായി 2017 ലാണ് സൈക്കി ദൗത്യത്തെ നാസ തിരഞ്ഞെടുത്തത്. സൗരയൂഥത്തിനുള്ളിലെ ചെലവ് കുറഞ്ഞ പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന പദ്ധതിയാണ് ഡിസ്‌കവറി. 

ഭൂമി പോലെയുള്ള ഗ്രഹങ്ങള്‍ക്ക് ലോഹ നിർമിതമായ അകക്കാമ്പുണ്ട്. അകക്കാമ്പിനെ കുറിച്ചുള്ള പഠനം ശിലാഗ്രഹങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഒട്ടനവധി വിവരങ്ങള്‍ മനസിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കും. എന്നാല്‍ ഭൂമിയുടെ കോറിനെ നേരിട്ട് പഠിക്കുക എളുപ്പമല്ല. കാരണം ഭൂമി തുരന്ന് അകക്കാമ്പിലെത്തുക മനുഷ്യന് സാധ്യമല്ല. ഇവിടെയാണ് ലോഹ സമ്പന്നമായ സൈക്കിയെ കുറിച്ചുള്ള പഠനത്തിന്റെ പ്രാധാന്യം. ഗ്രഹങ്ങളുടെ അകക്കാമ്പിന് സമാനമാണ് ലോഹ സമ്പുഷ്ടമായ ‍സൈക്കിയെന്നും ഗ്രഹ രൂപീകരണവുമായി ബന്ധപ്പെട്ട ഒട്ടനവധി വിവരങ്ങൾ നൽകാൻ അതിന് സാധിച്ചേക്കുമെന്നും ശാസ്ത്രജ്ഞർ കരുതുന്നു.

1852 ല്‍ ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ അനിബെല്‍ ഡി ഗാസ്പാരിസ് ആണ് സൈക്കി ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. പ്രാചീന ഗ്രീക്ക് ദേവതയായ സൈക്കിയുടെ പേരാണ് ഛിന്നഗ്രഹത്തിനിട്ടത്. സൈക്കിയിലെ ലോഹസമ്പത്താണ് അവിടേക്ക് ശാസ്ത്രജ്ഞരെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. 2029 ല്‍ ഛിന്നഗ്രഹത്തിനടുത്തെത്തുന്ന പേടകത്തിന്റെ ദൗത്യം 2031 ലാണ് അവസാനിക്കുക 

ലോ ത്രസ്റ്റ് സോളാര്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ചാണ് സൈക്കി പേടകം ഛിന്നഗ്രഹത്തിലേക്ക് സഞ്ചരിക്കുക. ചൊവ്വയുടെ ഗുരുത്വബലവും പേടകം സഞ്ചാരത്തിനായി പ്രയോജനപ്പെടുത്തും. നാല് ഘട്ടങ്ങളിലായി ഛിന്നഗ്രഹത്തെ ചുറ്റുന്ന പേടകം വിവിധ ശാസ്ത്രീയ പഠനങ്ങള്‍ നടത്തും. ഓരോ തവണ ചുറ്റുമ്പോഴും പേടകം ഛിന്നഗ്രഹത്തിനോടടുക്കും. 

സൈക്കി ദൗത്യത്തെ കുറിച്ച് വിശദമായറിയാന്‍ ക്ലിക്ക് ചെയ്യൂ