
ക്ഷീരപഥത്തിന്റെ രൂപീകരണകാലത്തെ നക്ഷത്രക്കൂട്ടങ്ങളെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. മാക്സ് പ്ലാങ്ക് ആസ്ട്രോണമി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ശിവ, ശക്തി എന്നാണ് ഇവയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. 1200 മുതല്‍ 1300 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷീരപഥത്തിന്റെ ആദ്യകാല പതിപ്പിന്റെ രൂപീകരണത്തിലേക്ക് നയിച്ച കൂട്ടിയിടിയുടെ ഭാഗമായ ഗാലക്‌സികളുടെ ശേഷിപ്പുകലാണ് ഇവയെന്നാണ് കണ്ടെത്തല്‍.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഗായ (Gaia) ഉപഗ്രഹവും സ്ലോന്‍ ഡിജിറ്റല്‍ സ്‌കൈ സര്‍വേയില്‍ (എസ്ഡിഎസ്എസ്) നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍. ഒരു മെട്രോ പൊളിറ്റന്‍ നഗരമായി വളര്‍ന്ന പ്രാചീന് മനുഷ്യ വാസ കേന്ദ്രത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തുന്നതിന് തുല്യമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനായി 60 ലക്ഷം നക്ഷത്രങ്ങളുടെ വിവരങ്ങള്‍ ഗവേഷണത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ വിലയിരുത്തി.
ഗായ ഉപഗ്രഹം ശേഖരിച്ച വിവരങ്ങളില്‍ നിന്ന് ക്ഷീരപഥത്തിലെ ഓരോ നക്ഷത്രത്തിന്റെയും ഭ്രമണപഥങ്ങളും ഒപ്പം അവയിലെ രാസ ഉള്ളടക്കങ്ങളും ഗവേഷകര്‍ പഠനവിധേയമാക്കി. നക്ഷത്രങ്ങളുടെ ഭ്രമണ പഥങ്ങള്‍ ദൃശ്യവത്കരിച്ചപ്പോള്‍ മറ്റ് നക്ഷത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ രണ്ട് പുതിയ ഘടനകള്‍ കണ്ടെത്തി. ഹിന്ദുവിശ്വാസ പ്രകാരം ശിവനും ശക്തിയും ചേര്‍ന്നാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചത്. അതിനെ ആധാരമാക്കിയാണ് കണ്ടെത്തിയ രണ്ട് നക്ഷത്ര പ്രവാഹങ്ങള്‍ക്ക് (star stream) ശിവ, ശക്തി എന്നീ പേര് നല്‍കിയത്.
ഓരോ നക്ഷത്രക്കൂട്ടങ്ങള്‍ക്കും ഒരു കോടി സൂര്യന്‍മാരുടെ പിണ്ഡമുണ്ട്. സമാനമായ രാസ ഉള്ളടക്കവും സമാനമായ ഭ്രമണപഥവുമാണ് ഇവയ്ക്കുള്ളത്. 1200 മുതല്‍ 1300 കോടി വര്‍ഷങ്ങളുടെ പഴക്കമുള്ളവയാണിവ.
ക്ഷീരപഥത്തിന്റെ കേന്ദ്രഭാഗത്താണ് ഈ രണ്ട് നക്ഷത്ര ക്കൂട്ടങ്ങളും സ്ഥിതി ചെയ്യുന്നത്. 2022 ലാണ് ഗായ പേടകം ഈ മേഖലയില്‍ പര്യവേക്ഷണം നടത്തിയത്. പ്രാചീനമായ നിരവധി നക്ഷത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇടമാണിത്. പലതും ക്ഷീരപഥം ഇന്ന് കാണും വിധമുള്ള രൂപത്തിലേക്ക് മാറുന്നതിനേക്കാള്‍ പഴക്കമുള്ളവ.
പ്രപഞ്ചത്തില്‍ പിന്നീട് രൂപപ്പെട്ട ഭാരമേറിയ ലോഹങ്ങളുടെ സാന്നിധ്യം ഇല്ലാത്തവയാണ് ഈ നക്ഷത്രങ്ങള്‍. ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെ നക്ഷത്രങ്ങളിലെല്ലാം ഈ സവിശേഷത കാണാം. ലോഹത്തിന്റെ സാന്നിധ്യം കുറവുള്ളതും ഇല്ലാത്തവയുമാണവ.
ക്ഷീരപഥത്തിന്റെ ആദ്യ രൂപം നിര്‍മിക്കപ്പെടുന്നതിന് കാരണമായ കൂട്ടിയിടിയുടെ ഭാഗമായ രണ്ട് വ്യത്യസ്ത ഗാലക്‌സികളുടെ ശേഷിപ്പുകളാണ് ഇവയെന്ന് വിലയിരുത്തപ്പെടുന്നു. രണ്ട് ഗാലക്സികള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും തമ്മില്‍ ലയിക്കുകയും ചെയ്യുമ്പോള്‍ ഒരേ സമയം പലകാര്യങ്ങള്‍ സംഭവിക്കും. രണ്ട് ഗാലക്സികളില്‍ നിന്നുള്ള നക്ഷത്രങ്ങള്‍ പരസ്പരം കൂടിച്ചേരും. കൂടാതെ ഗാലക്സികള്‍ക്കെല്ലാം സ്വന്തമായി ഹൈഡ്രജന്‍ വാതകശേഖരം ഉണ്ടാവും. ഗാലക്സികള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ അവയുടെ വാതക മേഘങ്ങളുടെ സ്ഥിരത നഷ്ടമാവുകയും അവ പുതിയ നക്ഷത്രങ്ങള്‍ ജനിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. അങ്ങനെ പഴയതും പുതിയതയുമായ നക്ഷത്രങ്ങള്‍ ക്ഷീരപഥത്തിന്റെ ആദ്യരൂപത്തില്‍ ശേഷിച്ചിട്ടുണ്ടാവണം.
മുന്‍ഗാമിയായ ഗാലക്സികളില്‍ നിന്നുള്ള നക്ഷത്രങ്ങള്‍ക്ക് സമാനമായ ഊര്‍ജ്ജ മൂല്യങ്ങളാണുണ്ടാവുക. കോണീയ ആക്കം (Angular Momentum) എന്നാണ് ഇതിനെ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. നക്ഷത്രങ്ങളുടെ ആക്കം അവയുടെ ഭ്രമണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു ഗാലക്സിയുടെ ഗുരുത്വാകര്‍ഷണ മണ്ഡലത്തില്‍ സഞ്ചരിക്കുന്ന നക്ഷത്രങ്ങളില്‍ അവയുടെ കോണീയ ആവേഗവും ഊര്‍ജ്ജവും സംരക്ഷിക്കപ്പെടും. മറ്റ് നക്ഷത്രങ്ങളില്‍ നിന്ന് ശിവ, ശക്തി എന്നിവയുടെ ഭ്രമണപഥത്തെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടതാക്കുന്നതിനുള്ള കാരണം ഇതാവാം.
2013 ഡിസംബറിലാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ഗായാ ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപിച്ചത്. 2014 മുതല്‍ അത് പ്രവര്‍ത്തനക്ഷമമായി ക്ഷീരപഥത്തിന്റെ ആകൃതിയും ഘടനയും സംബന്ധിച്ച ഒട്ടേറെ വിവരങ്ങള്‍ നല്‍കാന്‍ ഈ ദൗത്യത്തിന് സാധിച്ചിട്ടുണ്ട്.
ആസ്‌ട്രോഫിസിക്കല്‍ ജേണലില്‍ ശിവ ആന്റ് ശക്തി- പെര്‍സ്യൂംഡ് പ്രോട്ടോ-ഗാലക്ടിക് ഫ്രാഗ്മെന്റ്‌സ് ഇന്‍ ഇന്നര്‍ മില്‍ക്കി വേ എന്ന തലക്കെട്ടില്‍ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോണമിയിലെ ഗവേഷകരായ ഖ്യാറ്റി മല്‍ഹാന്‍, ഹാന്‍സ് വാള്‍ട്ടര്‍ റിക്‌സ് എന്നിവര്‍ ചേര്‍ന്നാണ് പഠനം പ്രസിദ്ധീകരിച്ചത്.
Content Highlights: Milky Ways Shiva and Shakti earliest building blocks of Milky Way
Published: 25 Mar 2024, 03:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented