സൂര്യനെ കുറിച്ച് പഠിക്കുന്നതിനായുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എല്‍1 പേടകം പകര്‍ത്തിയ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചു. ഭൂമിയുടേയും ചന്ദ്രന്റേയും ചിത്രങ്ങളും ഒരു സെല്‍ഫിയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇസ്രോ പുറത്തുവിട്ടു. 

To advertise here,

സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്. പിഎസ്എല്‍വി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. 

ഇപ്പോള്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന പേടകത്തിന്റെ ഭ്രമണ പഥം ഇതിനകം രണ്ട് തവണ ഉയര്‍ത്തിക്കഴിഞ്ഞു. രണ്ട് തവണ കൂടി ഭ്രമണ പഥ ക്രമീകരണം നടത്തിയതിന് ശേഷം പേടകം ലാഗ്രാഞ്ച് പോയിന്റ് 1 ലേക്കുള്ള ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് കടക്കും. 125 ദിവസമെടുത്താണ് പേടകം ലാഗ്രാഞ്ച് പോയിന്റ് 1 ല്‍ (എല്‍1) എത്തുക.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍ 3 പേടകം വിജയകരമായി ഇറക്കിയതിന് പിന്നാലെയാണ് ഇസ്രോ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപിച്ചത്. മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍ പദ്ധതി ഉള്‍പ്പടെയുള്ളവയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഇസ്രോ.