
ഭൂമിയുടെ വലിപ്പത്തോട് സമാനമായതും വാസയോഗ്യമാവാന്‍ സാധ്യതയുള്ളതുമായ ഒരു ഗ്രഹം ഉള്‍പ്പടെ 17 പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തി കൊളംബിയ ബ്രിട്ടിഷ് സര്‍വകലാശാലയിലെ ജ്യോതിശാസ്ത്ര വിദ്യാര്‍ഥി മിഷേല്‍ കുനിമോട്ടോ. നാസയുടെ കെപ്ലര്‍ പേടകം ശേഖരിച്ച വിവരങ്ങള്‍ പരിശോധിച്ചാണ് മിഷേലിന്റെ കണ്ടെത്തല്‍. ദി ആസ്‌ട്രോണമിക്കല്‍ ജേണലിലാണ് മിഷേലിന്റെ പഠനം പ്രസിദ്ധീകരിച്ചത്.
ഇതില്‍ കെഐസി 7340288 എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തിന് ഭൂമിയേക്കാള്‍ ഒന്നര ഇരട്ടി വലിപ്പമുണ്ട്. ഇതിലാണ് ജീവസാധ്യത പരിഗണിക്കപ്പെടുന്നത്.
1000 പ്രകാശ വര്‍ഷം അകലെയാണ് ഈ ഗ്രഹം. അതുകൊണ്ട് തന്നെ അടുത്തകാലത്തൊന്നും നമുക്കവിടെ എത്താന്‍ സാധിക്കില്ല. കെപ്ലര്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്നും ഇതുവരെ 15 ചെറിയ ഗ്രഹങ്ങളില്‍ മാത്രമാണ് ജീവ സാധ്യതയുള്ളതായി കണ്ടെത്തിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ പുതിയ ഗ്രഹത്തിന്റെ കണ്ടെത്തല്‍ ആവേശം നല്‍കുന്നതാണെന്നും മിഷേല്‍ പറഞ്ഞു.
ഈ ഗ്രഹത്തില്‍ 142.5 ദിവസങ്ങളാണ് ഒരു വര്‍ഷമായി കണക്കാക്കുന്നത്. കേന്ദ്ര നക്ഷത്രത്തില്‍ നിന്നും 0.444 ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് അകലെയാണ് ഈ ഗ്രഹത്തിന്റെ ഭ്രമണപഥം. സൗരയൂഥത്തില്‍ ബുധന്റെ ഭ്രമണപഥത്തേക്കാൾ അല്‍പം കൂടുതല്‍ ആണിത്. കൂടാതെ പ്രകാശത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഈ ഗ്രഹത്തിന് അതിന്റെ നക്ഷത്രത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്.
മറ്റ് 16 ഗ്രഹങ്ങളില്‍ ഏറ്റവും ചെറിയ ഗ്രഹത്തിന് ഭൂമിയുടെ മൂന്നില്‍ രണ്ട് വലിപ്പം മാത്രമാണുള്ളത്. കെപ്ലര്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും ചെറിയ ഗ്രഹങ്ങളില്‍ ഒന്നാണിത്. ബാക്കിയുള്ളവ ഭൂമിയേക്കാള്‍ എട്ടിരട്ടിവരെ വലിപ്പമുള്ളവയാണ്.
ഇത് ആദ്യമായല്ല മിഷേല്‍ കുനിമേട്ടോ ഗ്രഹങ്ങള്‍ കണ്ടെത്തുന്നത്. നേരത്തെ ബിരുദപഠനകാലത്ത് നാല് ഗ്രഹങ്ങള്‍ മിഷേല്‍ കണ്ടെത്തിയിരുന്നു. ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയായ മിഷേല്‍ 'ട്രാന്‍സിറ്റ് മെത്തേഡ്' എന്നറിയപ്പെടുന്ന രീതി ഉപയോഗിച്ചാണ് കെപ്ലര്‍ കണ്ടെത്തിയ രണ്ട് ലക്ഷത്തോളം നക്ഷത്രങ്ങളെ നിരീക്ഷിച്ചത്.
Content Highlights: Astronomy student discovers 17 new planets from kepler data
Published: 03 Mar 2020, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented