റാസൽഖൈമ: യു.എ.ഇ.- ഇന്ത്യ ഉഭയകക്ഷി വ്യാപാരവും നിക്ഷേപ സഹകരണവും വർധിപ്പിക്കാനായി റാസൽഖൈമ സാമ്പത്തിക മേഖല (റാക്കേസ്) ഇന്ത്യയിൽ റോഡ് ഷോ സംഘടിപ്പിച്ചു. ഇന്ത്യയിലെ പ്രധാന വ്യവസായ സംരംഭകർ, നിർമാതാക്കൾ എന്നിവരുമായി സംവദിച്ചായിരുന്നു റോഡ് ഷോ. ഇന്ത്യയുടെ ആഗോളവളർച്ച മുന്നിൽക്കണ്ടുള്ള റോഡ് ഷോയിൽ തമിഴ്‌നാട്, മുംബൈ, ഗോവ തുടങ്ങിയ പ്രധാന നഗരങ്ങളെ ഉൾപ്പെടുത്തി. യു.എ.ഇ. യിൽ വ്യവസായ സംരംഭങ്ങളും സാമ്പത്തിക നിക്ഷേപങ്ങളും നടത്താനാഗ്രഹിക്കുന്നവർക്കുള്ള റാസൽഖൈമയുടെ പ്രോത്സാഹനം കൂടിയായിരുന്നു പരിപാടി. അത്തരം സംരംഭകർക്ക് യു.എ.ഇ. പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു.
ചെറുകിട വ്യവസായം, സ്റ്റാർട്ടപ്പ്, വൻകിട കോർപ്പറേറ്റ് വ്യവസായം തുടങ്ങിയവ യു.എ.ഇ. യിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരെ ഒന്നിച്ചുനിർത്തിക്കൊണ്ട് തമിഴ്‌നാട്ടിൽ ആഗോള എക്സ്പോ നോളജ് പ്രദർശനം റാസൽഖൈമ സാമ്പത്തിക മേഖല സംഘടിപ്പിച്ചിരുന്നു. ലളിതമായ നടപടിക്രമങ്ങളിലൂടെ ഏറ്റവും വേഗത്തിൽ കമ്പനി രൂപവത്കരണം, ബിസിനസ് ലൈസൻസിങ്, ഫെസിലിറ്റി ലീസിങ്, യു.എ.ഇ. വിസ തുടങ്ങിയ സംയോജിത സേവനങ്ങൾ യു.എ.ഇ. വേഗത്തിൽ പൂർത്തീകരിച്ചുനൽകും. കൂടാതെ ഓഫീസ്, വ്യവസായ ഇടങ്ങൾ, വെയർഹൗസുകൾ, ആവശ്യമായ ഭൂമി, വ്യാവസായിക, ഉൽപ്പാദന പ്രവർത്തനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾക്കുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കും. ഇതുസംബന്ധിച്ച വിശദമായ ചർച്ചകളും റോഡ് ഷോയുടെ ഭാഗമായി നടന്നിരുന്നു.
പ്രിന്റ്, പാക്കേജിങ്, പേപ്പർ കൺവേർട്ടിങ്, ടെക്സ്റ്റൈൽ, പ്രിന്റിങ് തുടങ്ങിയ നിർമാതാക്കളായും വ്യാവസായിക കമ്പനികളുമായും കൂടിക്കാഴ്ച നടത്തി. വാതക വിതരണം, പുനഃരുപയോഗ ഊർജം എന്നിവ സംബന്ധിച്ച് റാക്കേസ് അധികൃതർ ഗോവയിലെ വിവിധ കമ്പനികളുമായി ചർച്ച നടത്തി. ഗോവയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രാദേശിക കമ്പനികളുമായും പുനഃരുപയോഗ ഊർജ വിതരണ വിപുലീകരണങ്ങളെക്കുറിച്ച് റോഡ് ഷോയുടെ ഭാഗമായി ചർച്ച ചെയ്തു.
ഇന്ത്യയുടെ പ്രാദേശിക - അന്തർദേശീയ വ്യവസായ വളർച്ചയ്ക്ക് യു.എ.ഇ. പ്രധാന അടിത്തറയാകുമെന്ന് ഇന്ത്യൻ വ്യവസായലോകത്തുള്ളവർ റാക്കേസ് അധികൃതരുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഇന്ത്യയുമായി വ്യവസായ - നിക്ഷേപ സംരംഭത്തിൽ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ടെന്ന് റാക്കേസ് ഗ്രൂപ്പ് സി.ഇ.ഒ. റാമി ജലാദ് പറഞ്ഞു. യു.എ.ഇ. - ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമായി റാക്കേസിന്റെ മുൻനിര നിക്ഷേപക വിപണികളിലൊന്നായി ഇന്ത്യ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. റാസൽഖൈമ സാമ്പത്തിക മേഖലയുടെ കീഴിൽ നിലവിൽ 11,500 - ലേറെ ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.
Content Highlights: UAE-India Trade Boost: Ras Al Khaimah Hosts Roadshow to Foster Bilateral Business Growth
Published: 06 Feb 2026, 02:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented