To advertise here,

 

ഷാര്‍ജ: എമിറേറ്റില്‍ വാടക സേവനങ്ങള്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമാകും വിധം 'അഖാരി' ഏകീകൃത പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ഷാര്‍ജ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചുകൊണ്ട് ഷാര്‍ജ ഡിജിറ്റല്‍ വകുപ്പാണ് വാടക സേവനരംഗത്ത് പരിഷ്‌കരണവുമായി പുതിയ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചത്. ഇതിലൂടെ ഏകീകൃതവും സുസ്ഥിരവും സംയോജിതവുമായ റിയല്‍ എസ്റ്റേറ്റ് സംവിധാനമൊരുക്കും.

വാടക സേവനങ്ങളുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഓഫീസുകളുമായി ബന്ധപ്പെട്ട കടലാസ്സ് രേഖകള്‍ ഒഴിവാക്കി പകരം ഏകീകൃത ഡിജിറ്റല്‍ സേവനം നടപ്പാക്കുകയാണ് ലക്ഷ്യം. എമിറേറ്റിലെ മുനിസിപ്പാലിറ്റി ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വാടക സേവനങ്ങളുമായി ബന്ധപ്പെട്ട് ഓഫീസുകളില്‍ നേരിട്ട് പോകുന്നത് ഒഴിവാക്കാം. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് സമയം ലഭിക്കാനും സാമ്പത്തിക ചെലവ് കുറയ്ക്കാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രധാന നേട്ടം.

ഓരോ ഉപയോക്താവിനും വിപുലമായ സേവനങ്ങളാണ് അഖാരി നല്‍കുന്നത്. ഉപഭോക്താക്കള്‍ക്ക് യുഎഇ പാസ് വഴി സേവനങ്ങള്‍ ആക്സസ് ചെയ്യാനും റിയല്‍ എസ്റ്റേറ്റ് കരാര്‍ വിശദാംശങ്ങള്‍ തല്‍ക്ഷണം കാണാനും കഴിയും. 24 മണിക്കൂറും ഓണ്‍ലൈന്‍വഴി സേവനം പൂര്‍ത്തിയാക്കാം.

വ്യക്തികള്‍ക്കും സംരംഭക സമൂഹത്തിനും ഒരേപോലെ നൂതന ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതോടെ ഷാര്‍ജയുടെ പ്രതിബദ്ധതയാണ് സാക്ഷാല്‍ക്കരിക്കുന്നതെന്ന് ഷാര്‍ജ ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറലും ഇന്റഗ്രേറ്റഡ് റിയല്‍ എസ്റ്റേറ്റ് സര്‍വീസസ് പ്ലാറ്റ്ഫോം പ്രോജക്ട് ആയ അഖാരി ചെയര്‍മാനുമായ ശൈഖ് സൗദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.