ബെംഗളൂരു : ആശ പ്രവർത്തകരുടെ പ്രതിമാസ വേതനത്തിൽ രണ്ടായിരം രൂപ വർധിപ്പിച്ചുള്ള സർക്കാർ ഉത്തരവിറങ്ങി. ഇതോടെ ആശയക്കുഴപ്പം തീർന്നതായും വീണ്ടും സമരം നടത്താനുള്ള തീരുമാനം പിൻവലിച്ചതായും നേതാക്കൾ അറിയിച്ചു. വേതനത്തിൽ രണ്ടായിരം രൂപ വർധിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ നേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ, വാക്കാലുള്ള ഉറപ്പുകൾ സ്വീകരിക്കാൻ വിസമ്മതിക്കുകയും ഔദ്യോഗിക ഉറപ്പ് ലഭിക്കണമെന്നും നേതാക്കൾ അറിയിച്ചു.

To advertise here,

 

കഴിഞ്ഞ സിദ്ധരാമയ്യ സർക്കാർ വേതനം രണ്ടായിരം രൂപ വർധിപ്പിച്ച് 10,000 രൂപയാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇത് നടപ്പിലായിരുന്നില്ല. ഇതിനെ തുടർന്നാണ് ഔദ്യോഗിക ഉറപ്പ് ലഭിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടത്.

തുടർന്ന് ബെംഗളൂരു ഫ്രീഡം പാർക്കിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരം ഞായറാഴ്ചയും തുടരാൻ തീരുമാനിക്കുകയുമായിരുന്നു.

ഇതോടെ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം ഞായറാഴ്ചതന്നെ സാമൂഹികക്ഷേമവകുപ്പ് വേതനവർധനവ് അംഗീകരിച്ചുള്ള ഔദ്യോഗിക ഉത്തരവ് ഇറക്കുകയായിരുന്നു.

 

കൂടാതെ അടുത്ത ബജറ്റിൽ തുക വീണ്ടും വർധിപ്പിക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കർണാടക ജോയിന്റ് ആശാ വർക്കേഴ്‌സ് അസോ. സംസ്ഥാന പ്രസിഡന്റ് കെ. സോമശേഖർ, സംസ്ഥാന സെക്രട്ടറി ഡി. നാഗലക്ഷ്മി എന്നിവർ അറിയിച്ചു.

 

തൊഴിലാളികളുടെ മറ്റ് പ്രധാന ആവശ്യങ്ങളായ കുടിശ്ശികയുള്ള ഇൻസെന്റീവ് തുക ഉടൻ വിതരണം ചെയ്യുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക, മൊബൈൽ ആപ്പ് വഴിയുള്ള നിർബന്ധിത ജോലി അവസാനിപ്പിക്കുക (അല്ലെങ്കിൽ അതിനായി പ്രത്യേക ഇൻസെന്റീവ് നൽകുക), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങ് പരിശീലനം പൂർത്തിയാക്കുന്നവർക്ക് 5,000 രൂപ പ്രത്യേക ഇൻസെന്റീവ് നൽകുക എന്നിവയിൽ ചർച്ച നടത്താമെന്നും മുഖ്യമന്ത്രി അറിയിച്ചതായി നേതാക്കൾ പറഞ്ഞു.

പ്രതിമാസം 15,000 രൂപ വേതനം നൽകണമെന്നാവശ്യപ്പെട്ട് നവംബർ 17-നാണ് അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചത്.

ഗുരുതരമായ അസുഖങ്ങൾക്ക് ചികിത്സ തേടുന്ന തൊഴിലാളികൾക്ക്, കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും വേതനവും ഇൻസെന്റീവുകളും നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.