റാസൽഖൈമ : എമിറേറ്റിലെ അൽ മാർജാൻ ദ്വീപിൽ ഡ്രൈവറില്ലാബസുകളിൽ സൗജന്യമായി യാത്രചെയ്യാൻ താമസക്കാർക്കും സന്ദർശകർക്കും അവസരം. അടുത്ത വർഷം ഔദ്യോഗിക യാത്രകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് പുതിയ പ്രഖ്യാപനം. റോബോ ബസുകൾ എന്നാണ് ഡ്രൈവറില്ലാ ബസുകൾ അറിയപ്പെടുന്നത്. നിലവിൽ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലായി യാത്രക്കാരുമായി ബസുകൾ പരീക്ഷിക്കുന്നുണ്ട്. പുതിയ പൊതുഗതാഗത സംവിധാനങ്ങൾ ആരംഭിക്കുന്നതിലൂടെ ഗതാഗത ശൃംഖല വിപുലീകരിക്കാനാണ് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.എ.കെ.ടി.എ.) ശ്രമിക്കുന്നത്. ഡ്രൈവറില്ലാ ബസുകളുടെ പരീക്ഷണ ഘട്ടം വിജയകരമായി പൂർത്തിയാക്കിട്ടുണ്ടെന്ന് റാസൽഖൈമ ഊർജ ഉച്ചകോടിയിൽ ആർ.എ.കെ.ടി.എ.യിലെ സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് വകുപ്പ് മേധാവി ഡോ. മുഹമ്മദ് അബ്ദുല്ല അൽ ഷർഹാൻ വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് പുതിയ ഗതാഗത സേവനങ്ങൾ അനുഭവിച്ചറിയാനുള്ള അവസരം നൽകുന്നതിനാണ് സൗജന്യ യാത്രാ സംരംഭം പ്രഖ്യാപിച്ചത്. സ്വയംനിയന്ത്രിത വാഹനങ്ങൾക്ക് സുഗമവും സുരക്ഷിതവുമായി സഞ്ചരിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എമിറേറ്റ് വികസിപ്പിച്ചിട്ടുണ്ട്. നൂതന പൊതുഗതാഗത സംവിധാനങ്ങൾ ആരംഭിക്കുന്നതിനൊപ്പം എമിറേറ്റിലെ താമസ, വാണിജ്യ മേഖലകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും അതോറിറ്റി പ്രവർത്തിക്കുന്നു. 2030-ഓടെ നഗര പ്രദേശങ്ങളിലെ പൊതുഗതാഗത സേവനങ്ങളുടെ ലഭ്യത 75 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. പ്രധാന ബസ് റൂട്ടുകളുടെ എണ്ണം അഞ്ചിൽനിന്ന് ഒൻപതായി ഉയർത്തും. പൊതു ബസിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും പദ്ധതിയുണ്ട്. അൽ ദൈത്ത്, അൽ നഖീൽ, അൽ മർജാൻ ദ്വീപ് എന്നിവിടങ്ങളിൽ പ്രധാനപ്പെട്ട ഗതാഗത കേന്ദ്രങ്ങൾ വികസിപ്പിക്കുന്നുണ്ട്. സമർപ്പിത ബസ് ട്രക്കുകൾ ട്രാക്കുകൾ, ട്രാക്ക് രഹിത ട്രാമുകൾ എന്നിവ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ സഹായിക്കുന്ന നൂതനാശയങ്ങളും സാങ്കേതികവിദ്യകളും സ്വീകരിക്കാനും സ്മാർട്ട്, സുസ്ഥിര ഗതാഗതസംവിധാനം വികസിപ്പിക്കാനുമാണ് എമിറേറ്റ് ശ്രമിക്കുന്നത്. ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ ഗതാഗത സേവനങ്ങൾ വിപുലീകരിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ആഗോള പ്രവണതകൾക്ക് അനുസൃതമായി സ്വയം നിയന്ത്രിത ഗതാഗതത്തിലും നിർമിതബുദ്ധിയിലും എമിറേറ്റ് മുന്നേറ്റം തുടരുകയാണ്. സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങൾ, സാമ്പത്തിക അവസരങ്ങൾ എന്നിവയിലൂടെ ജനജീവിത നിലവാരം മെച്ചപ്പെടുത്താനാകും. അറിവും സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയുള്ള സുസ്ഥിര ഡിജിറ്റൽ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് ഉദ്ദേശിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തികൊണ്ട് സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ യാഥാർഥ്യമാക്കാനുള്ള സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമാണ് ഡ്രൈവറില്ലാ ബസുകളുടെ തുടക്കം. റോബോബസ്
Published: 29 Nov 2026, 01:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented