ദുബായ്: ലോകപ്രശസ്ത പോപ്പ് ഗായകൻ മൈക്കിൾ ജാക്‌സന്റെ സ്മരണാർത്ഥം പ്രവാസി മലയാളി യുവാക്കൾ ഒരുക്കിയ മ്യൂസിക് ആൽബം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ദുബായിൽ ജോലി ചെയ്യുന്ന ഗായകൻ നിഖിൽ സതീശനും സുഹൃത്തുക്കളും ചേർന്നാണ് ജാക്‌സന്റെ എക്കാലത്തെയും ഹിറ്റ് ഗാനമായ 'ബീറ്റ് ഇറ്റ്' (Beat It) പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

To advertise here,

നിഖിൽ സതീശനോടൊപ്പം അതുൽ ശ്രീകാന്ത്, ശിക സതീശൻ എന്നിവർ ചേർന്നാണ് ഗാനവും നൃത്തച്ചുവടുകളും അവതരിപ്പിച്ചിരിക്കുന്നത്. മൈക്കിൾ ജാക്‌സന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ 'മൈക്കിൾ' എന്ന സിനിമയുടെ പശ്ചാത്തലത്തിലാണ് ഈ ആദരം ഒരുക്കിയിരിക്കുന്നത്.

നേരത്തെയും മൈക്കിൾ ജാക്‌സന്റെ പ്രശസ്തമായ ഗാനങ്ങൾ ആലപിച്ച് നിഖിൽ സതീശൻ സംഗീതപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 'മൈക്കിൾ ജാക്‌സണോടുള്ള ആരാധനയും അദ്ദേഹത്തിന്റെ സംഗീതം പുതിയ തലമുറയിലേക്ക് എത്തിക്കാനുള്ള ശ്രമവുമാണ് ഈ ആൽബം,' എന്ന് അണിയറപ്രവർത്തകർ പ്രതികരിച്ചു.

മികച്ച ആലാപനവും ഒപ്പം ജാക്‌സന്റെ ശൈലിയിലുള്ള നൃത്തച്ചുവടുകളും കോർത്തിണക്കിയ ആൽബത്തിന് പ്രവാസികൾക്കിടയിലും നാട്ടിലും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.