ദുബായ്: ഉത്സവക്കാഴ്ചകളുടെ മേളവുമായി മാതൃഭൂമി ക്ലബ്ബ് എഫ്.എം. 99.6 മെഗാ കാര്‍ണിവലിന് തുടക്കമായി. ദേര ദ്വീപിലെ സൂക്ക് അല്‍ മര്‍ഫയിലാണ് നൃത്തവും സംഗീതവുമടക്കം വേറിട്ട പരിപാടികളോടെ മൂന്നു ദിവസത്തെ മെഗാ കാര്‍ണിവല്‍ ആരംഭിച്ചത്. 'ഫെസ്റ്റിവല്‍ ഓഫ് ഫണ്‍' എന്ന പ്രമേയത്തില്‍ അവിസ്മരണീയ അനുഭവം സൃഷ്ടിക്കുകയാണ് കാര്‍ണിവല്‍.  

To advertise here,

കടലിനഭിമുഖമായ കൂറ്റന്‍ സ്റ്റേജില്‍ വെള്ളിയാഴ്ച്ച വൈകീട്ടോടെ പരിപാടികള്‍ ആരംഭിച്ചു. ഉച്ചമുതല്‍തന്നെ സൂക്ക് അല്‍ മര്‍ഫയിലേക്ക് മലയാളി കുടുംബങ്ങളടക്കം നിരവധിപേര്‍ മെഗാ കാര്‍ണിവല്‍ ആസ്വദിക്കാനെത്തിത്തുടങ്ങിയിരുന്നു. കുട്ടികളുടെ സിംഗിള്‍ ഡാന്‍സോടെയായിരുന്നു കാര്‍ണിവലിന് തുടക്കമായത.് തലയണയടി, ഉറിയടി, സ്പൂണ്‍ റെയ്‌സ്, പെനാല്‍റ്റി കിക്ക്, മാലാഖ കുട്ടികളുടെ (നിശ്ചയദാര്‍ഢ്യമുള്ള) നൃത്തം എന്നിവയായിരുന്നു കാര്‍ണിവല്‍ ഒന്നാംദിവസത്തെ മനോഹരമാക്കിയത്.  കൈനിറയെ സമ്മാനങ്ങള്‍ നേടിക്കൊടുത്ത ഭാഗ്യ'വാന്‍' ആയിരുന്നു കാര്‍ണിവല്‍ കാണാനെത്തിയവരെ  ഒന്നാംദിനം ആകര്‍ഷിച്ചത്.  

ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് മാതൃഭൂമി ക്ലബ്ബ് എഫ്.എം. 99.6 കാര്‍ണിവലില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്. ദുബായിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുതിയ ഇടമായ ദേര ദ്വീപിലെ മനോഹരമായ സൂക്ക് അല്‍ മര്‍ഫ അക്ഷരാര്‍ഥത്തില്‍ 'കലാകേന്ദ്ര'മായി മാറുകയായിരുന്നു. കടലും കാര്‍ണിവലും ഒരേപോലെ ആസ്വദിക്കാന്‍ സ്ത്രീകളും കുട്ടികളും കൂടുതലായെത്തി. രാത്രിയോടെ തിരക്ക് വര്‍ധിക്കുകയും ചെയ്തു.