
ദുബായ്: അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തില് ഹോമിയോപ്പതി വിഭാഗത്തില് വിവിധ വിഭാഗങ്ങളില് കഴിവ് തെളിയിച്ച 12 ഡോക്ടര്മാര്ക്ക് പ്രബന്ധം അവതരിപ്പിക്കാന് ക്ഷണം ലഭിച്ചതായി ദി ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ ) ഭാരവാഹികള് അറിയിച്ചു. ഡോ.അശ്വിന് പണിക്കര് (മുഹമ്മ), ഡോ. കെ.ബി ദിലീപ്കുമാര് (മണ്ണുത്തി), ഡോ.ഹരി വിശ്വജിത്ത് (കണ്ണൂര്) ,ഡോ. വി.ആര് ഉണ്ണികൃഷ്ണന്(തൃശ്ശൂര്), ഡോ.മുഹമ്മദ് അസ്ലം(വാണിയമ്പലം) ,ഡോ.നജിന് നാസര് (കൊടുങ്ങല്ലൂര്) , ഡോ. സഫീര് ഇക്ബാല് (പാണ്ടിക്കാട്),ഡോ. വി.ആര് രവീഷ് (കൊല്ലം), ഡോ. നുസൈഫ് അഹ്മ്മദ് (എറണാകുളം) ,ഡോ. അനിതകുമാരി (കോട്ടയം),ഡോ.ഷാന്സി റെജി (കോട്ടയം),ഡോ. അയിഷ ബിസ്മി (കൊടുങ്ങല്ലൂര്) തുടങ്ങിയ ഡോക്ടര്മാര്ക്കാണ് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തില് ഹോമിയോപതി വിഭാഗത്തെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിക്കാന് അവസരം ലഭിച്ചത്.
പ്രബന്ധം അവതരിപ്പിക്കാനും പോസ്റ്റര് പ്രദര്ശനത്തിനും ഹോമിയോപ്പതി ഡോക്ടര്മാര്ക്ക് അവസരം ലഭിച്ചത് ഏറെ സന്തോഷകരമായ കാര്യമാണെന്നും ആഗോളതലത്തില് ഹോമിയോപ്പതിയുടെ സാധ്യത കൂടുതല് വിപുലമാകാന് ഈ അന്താരാഷ്ട്ര സമ്മേളനം കൊണ്ടുകഴിയുമെന്ന് ഐ.എച്ച്.കെ സംസ്ഥാന പ്രസിഡന്റ് ഡോ. റെജുകരീം, സംസ്ഥാന ജന സെക്രട്ടറി ഡോ. കൊച്ചുറാണി വര്ഗീസ്, ട്രഷറര് ഡോ. ബാബു കെ നോബര്ട്ട് , പി.ആര്.ഒ ഡോ. ഫസ്ലുറഹ്മാന് തുടങ്ങിയവര് അറിയിച്ചു.
രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് ശനിയാഴ്ചയാണ് ദുബായ് വേള്ഡ് ട്രേഡ് സെന്ററില് തുടക്കമാവുക. ജനുവരി 13 മുതല് 15 വരെയാണ് സമ്മേളനം. ഇന്ത്യന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ആയുഷ് സഹമന്ത്രി ഡോ. മുഞ്ജ്പാറ മഹേന്ദ്രഭായ് കലുഭായ്, യു.എ.ഇയിലെ ഇന്ത്യന് അംബാസഡര് സഞ്ജയ് സുധീര്, ദുബായ് ഇന്ത്യന് കോണ്സല് ജനറല് സതീഷ് കുമാര് ശിവന് തുടങ്ങിയവര് പങ്കെടുക്കും. വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുന്നതിനുള്ള ആയുഷ് ചികിത്സാരീതികള് പ്രോത്സാഹിപ്പിക്കുക എന്ന പ്രമേയത്തിലാണ് മൂന്നു ദിവസത്തെ ആയുഷ് സമ്മേളനവും, പ്രദര്ശനവും സംഘടിപ്പിക്കുന്നത്. ഇന്ത്യാ ഗവണ്മെന്റിന്റെ ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ സയന്സ് ഇന്ത്യ ഫോറവും, വേള്ഡ് ആയുര്വേദ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി നടത്തുന്നത്.
വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങള്ക്കുള്ള ഫലപ്രദവുമായ ആരോഗ്യ പരിരക്ഷാ സംവിധാനമായി ആയുഷിനെ അവതരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ആയുര്വേദം, യോഗയും പ്രകൃതിചികിത്സയും, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ആരോഗ്യ ശാസ്ത്ര ശാഖകളുമായി ബന്ധപ്പെട്ടവര് സമ്മേളനത്തില് പങ്കെടുക്കും. മുപ്പതിലേറെ രാജ്യങ്ങളില് നിന്നുള്ള പ്രാക്ടീഷണര്മാര്, നയരൂപകര്ത്താക്കള്, വ്യവസായികള്, ഗവേഷകര്, വിദ്യാര്ത്ഥികള് എന്നിവര് മേളയിലെത്തും. ക്ഷണിക്കപ്പെട്ട വ്യക്തികള് നേതൃത്വം നല്കുന്ന 50 ലേറെ ചര്ച്ചകളും, 300 ലേറെ ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 30 ലേറെ രാജ്യങ്ങളില് നിന്നുള്ള 1300 ലേറെ പ്രതിനിധികള് സമ്മേളനത്തിന്റെ ഭാഗമാകും. ആയുഷ് മേഖലയില് നിന്നുള്ള ആരോഗ്യ പ്രദര്ശനങ്ങള്ക്കായി നൂറിലധികം സ്റ്റാളുകള് സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കും. മൂന്ന് ദിവസങ്ങളിലും പൊതുജനങ്ങള്ക്ക് സൗജന്യമായി കാണാനുള്ള അവസരമുണ്ട്.
ആയുഷ് സംവിധാനങ്ങളെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനായി മൂന്ന് ദിവസവും വൈകുന്നേരങ്ങളില് ബോധവല്ക്കരണ പരിപാടികള് ഉണ്ടാകും. ഇന്റര്നാഷണല് ഡെലിഗേറ്റ് അസംബ്ലി ആയുഷ് കോണ്ഫറന്സില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ശാസ്ത്ര, സാങ്കേതിക, വൈജ്ഞാനിക മേഖലയില് ശ്രദ്ധേയമായ പ്രവര്ത്തനങ്ങള് നടത്തുന്ന വിജ്ഞാന് ഭാരതിയുടെ ഭാഗമായാണ് സയന്സ് ഇന്ത്യ ഫോറത്തിന്റെ പ്രവര്ത്തനങ്ങള്.
Content Highlights: Invitation to Homeopathy Doctors from Kerala in dubai International Ayush Conference
Published: 11 Jan 2024, 11:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented