ദുബായ്: പൊതുമാപ്പ് സേവനകേന്ദ്രത്തില്‍ ഉയര്‍ന്ന സുരക്ഷാസൗകര്യങ്ങളും അടിയന്തര രക്ഷാസൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് താമസ, കുടിയേറ്റവകുപ്പ് (ജി.ഡി.ആര്‍.എഫ്.എ.) അധികൃതര്‍ അറിയിച്ചു.

To advertise here,

പൊതുമാപ്പ് സംരംഭം തുടങ്ങി ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എല്ലാവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷമാണൊരുക്കിയിട്ടുള്ളതെന്ന് മേജര്‍ ജനറല്‍ ഡോ. അലി ബിന്‍ അജിഫ് അല്‍ സാബി പറഞ്ഞു.

പൊതുമാപ്പ് സേവനകൂടാരങ്ങളില്‍ ആരോഗ്യകരമായ അന്തരീക്ഷമുറപ്പാക്കാന്‍ ഒട്ടേറെ സന്നദ്ധപ്രവര്‍ത്തകരുണ്ട്. കൂടാരങ്ങള്‍ക്കുള്ളിലെ ഓക്‌സിജന്റെ അളവുള്‍പ്പെടെ പരിശോധിച്ച് വിലയിരുത്തുന്നുണ്ട്. ദൈനംദിന  സുരക്ഷാവിലയിരുത്തലുകള്‍ നടത്താന്‍ റിസ്‌ക് മാനേജ്മെന്റ് പ്ലാന്‍ നടപ്പാക്കിയിട്ടുണ്ടെന്ന് റിസ്‌ക് ആന്‍ഡ് ക്രൈസിസ് ടീമിന്റെ ഉപമേധാവിയും ജി.ഡി.ആര്‍.എഫ്.എ.യിലെ എന്‍വയണ്‍മെന്റ് ആന്‍ഡ് ഒക്യുപേഷണല്‍ സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായ ഫസ്റ്റ് ലെഫ്റ്റനന്റ് ഖലീഫ മുഹമ്മദ് ബിന്‍ മസീനെ പറഞ്ഞു.

അടിയന്തരഘട്ടങ്ങളില്‍ പ്രതികരിക്കാന്‍ 99 ജീവനക്കാര്‍ക്കും പ്രഥമശുശ്രൂഷയ്ക്കായി 127 ജീവനക്കാര്‍ക്കും ആരോഗ്യ, തൊഴില്‍ സുരക്ഷയിലെ 104 ജീവനക്കാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹമറിയിച്ചു.