ദുബായ്: എമിറേറ്റിൽ ഈ വർഷം ഗതാഗത മേഖലയിൽ സമഗ്രവും നൂതനവുമായ പരിഷ്‌കരണ പദ്ധതികൾ നടപ്പാക്കും. അതിന്റെ ഭാഗമായി 45 - ലേറെ ഗതാഗത പരിഷ്‌കരണങ്ങൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ദ്രുതഗതിയിൽ ആരംഭിക്കും.

To advertise here,

ദുബായിലെ ജനസംഖ്യാ വർധന, നഗര വികസനം, വാഹന തിരക്ക് എന്നിവ കണക്കാക്കിയാണ് റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിച്ചുകൊണ്ട് ഗതാഗത പരിഷ്‌കരണം നടപ്പാക്കുന്നത്. റോഡ് ഉപയോക്താക്കൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുകയാണ് പദ്ധതിയിലൂടെ ആർ.ടി.എ. ലക്ഷ്യമിടുന്നത്.

ഷാർജയിൽ നിന്നും വാദി അൽ അമർദി സ്ട്രീറ്റിലേക്കുള്ള എമിറേറ്റ്‌സ് റോഡ്, ശൈഖ് സായിദ് റോഡിൽ നിന്നും അൽ വാസൽ സ്ട്രീറ്റിലേക്കുള്ള ഉമ്മു അമര സ്ട്രീറ്റ്, ജബൽ അലി - ലെഹ്ബാബ് സ്ട്രീറ്റ്, അൽ ജദ്ദാഫ് മെട്രോ സ്റ്റേഷനുസമീപത്തെ സമ അൽ ജദ്ദാഫിനും അൽ ജദ്ദാഫ് വാട്ടർഫ്രണ്ടിനും ഇടയിലുള്ള സ്ഥലം, അൽ ബർഷ ഒന്നിലെ അൽ നയാത്ത് സ്ട്രീറ്റ്, അൽ സത്വയിലെ അൽ മക്തൂം സ്‌കൂൾ, അൽ ഇത്തിഹാദ് സ്ട്രീറ്റ്, അൽ ഖുദ്‌സ് സ്ട്രീറ്റ് ജങ്ഷനുകൾ, ബർ ദുബായിലേക്കുള്ള ഗ്രാൻഡ് ഹയാത്തിനുസമീപത്തെ ശൈഖ് റാഷിദ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ഗതാഗത പരിഷ്‌കരണം നടപ്പാക്കുന്ന പ്രധാന സ്ഥലങ്ങൾ. നിശ്ചിത പദ്ധതികൾ പൂർത്തിയാകുന്നതോടെ ദുബായിൽ ഗതാഗതം വലിയ പുരോഗതി കൈവരിക്കുമെന്നാണ് കണക്കുകൂട്ടൽ. പരിഷ്‌കരണ പദ്ധതികളിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും യാത്രാസമയം 15 മുതൽ 30 ശതമാനം വരെ കുറയ്ക്കാനും സാധിക്കും.

പദ്ധതികളിൽ ഉൾപ്പെടുത്തിയ ദുബായിലെ പ്രധാന റോഡുകളിൽ വീതി കൂട്ടുക, റൗണ്ട്എബൗട്ടുകളെ സിഗ്‌നലൈസ്ഡ് ഇന്റർസെക്ഷനുകളാക്കുക, പ്രധാന റോഡുകളും സമീപത്തെ റെസിഡൻഷ്യൽ, വാണിജ്യ ഇടങ്ങളും തമ്മിലുള്ള കണക്റ്റിവിറ്റി കൂട്ടുന്നതിന് പുതിയ ലിങ്കുകൾ നിർമിക്കുക, അറ്റ് - ഗ്രേഡ് അപ്ഗ്രേഡുകൾ നടപ്പിലാക്കുക എന്നിവയാണ് പ്രധാന പദ്ധതി നിർദ്ദേശങ്ങൾ. എമിറേറ്റിലെ സ്‌കൂൾ പാർക്കിങ്ങുകൾ അടക്കം വർധിപ്പിക്കാനും പദ്ധതിയുണ്ട്. അതുവഴി ഗതാഗത സുരക്ഷയ്ക്കായി ആർ.ടി.എ. സമഗ്രമായ പാക്കേജ് സംവിധാനമാണ് ഒരുക്കുന്നത്. സമഗ്രമായ ഗതാഗത പഠനങ്ങളിലൂടെയായിരിക്കും റോഡ് സുരക്ഷാ പരിഷ്‌കരണ പദ്ധതികൾ ആർ.ടി.എ. നടപ്പാക്കുക. തിരക്കുള്ള റോഡുകളെക്കുറിച്ചുള്ള വിശദമായ പഠനങ്ങളും തയ്യാറാക്കും. അതിനായി ആർ.ടി.എ. യുടെ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും.