
ദുബായ്: യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശൈഖ് ഹംദാന്‍ ചൊവ്വാഴ്ച ഇന്ത്യയിലെത്തിയത്.
ഊഷ്മള സ്വീകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു. പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിയ ശൈഖ് ഹംദാനെ കേന്ദ്രസഹമന്ത്രി സുരേഷ്ഗോപിയും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ സേനാവിഭാഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് ഹൈദരാബാദ് ഹൗസിലൊരുക്കിയ പ്രത്യേക യോഗത്തില്‍ വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കറുമായി കൂടികാഴ്ച നടത്തി. മുംബൈയില്‍ ദുബായ്-ഇന്ത്യ ബിസിനസ് ഫോറത്തിലും ശൈഖ് ഹംദാന്‍ പങ്കെടുത്തു.
പ്രതീക്ഷയുള്ള സന്ദര്‍ശനം- പുത്തൂര്‍ റഹ്‌മാന്‍

ദുബായ് കിരീടാവകാശിയും, യു.എ.ഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാശിദ് ആല്‍ മക്തൂമിന്റെ രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തെ യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഏറ്റവും അധികം ഇന്ത്യക്കാര്‍ അധിവസിക്കുന്നതും സ്വദേശി ഇന്ത്യക്കാരുടെ സ്വപ്ന ഭൂമികയുമായ ദുബായിയുടെ ഭാവി ഭരണാധികാരിയുടെ ഇന്ത്യയിലേക്കുള്ള യാത്ര വളരെ പ്രാധാന്യമേറിയതാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ് ഈ സന്ദര്‍ശനം എന്നതും പ്രധാനമാണ്.
ദുബായ് വളരെ തന്ത്രപ്രധാനമായ കുടിയേറ്റ മേഖലയാണ് ഇന്ത്യക്കാര്‍ക്ക്. അതുപോലെത്തന്നെ ദുബായ് കിരീടാവകാശിയായി ചുമതലയേറ്റ ശേഷം ശൈഖ് ഹംദാന്റെ പ്രഥമ ഇന്ത്യാ സന്ദര്‍ശനവുമാണിത്. വിവിധ തന്ത്രപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികള്‍ തുറക്കുന്നതിന് ദുബായ് കിരീടാവകാശിയുടെ നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ ഉപകരിക്കും. പ്രധാനമന്ത്രിയുടെ വിരുന്നിലും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുക്കുന്ന ഹിസ് ഹൈനസ് ശൈഖ് ഹംദാന്റെ ഈ സന്ദര്‍ശനം പുതിയ കരാറുകള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യയുടെ വിദേശ ബന്ധങ്ങള്‍ക്കും സമ്പദ് വ്യവസ്ഥക്കും ഒരു മുതല്‍ക്കൂട്ടാവട്ടെ എന്നു തന്നെ പ്രതീക്ഷിക്കാം. വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രസ്സ് റിലീസുകള്‍ക്കായി കാത്തിരിക്കുകയാണ് ഞങ്ങളും.
ശൈഖ് ഹംദാന്റെ സന്ദര്‍ശനം ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കും- സജാദ് നാട്ടിക (പ്രസിഡന്റ്, ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍)

നൂറ്റാണ്ടുപഴക്കമുള്ള ഇന്ത്യ-യുഎഇ ബന്ധത്തിന് ദുബായ് കിരീടാവകാശിയുടെ ഇന്ത്യസന്ദര്‍ശനം കൂടുതല്‍ മിഴിവേകുന്നു. യുഎഇയിലെ യുവത്വം മാത്രമല്ല ഇന്ത്യന്‍ യുവത്വവും വലിയ ആവേശവും മാതൃകയുമായാണ് ശൈഖ് ഹംദാനെ കാണുന്നത്. അതിനാല്‍ ഇന്ത്യയുടെ മണ്ണിലേക്കുള്ള അദ്ദേഹത്തിന്റെ ഈ യാത്ര തലമുറകള്‍ തമ്മിലുള്ള ഊഷ്മള ബന്ധങ്ങളുടെ പുതിയ പതിപ്പാണെന്നും പറയാം.
ഇന്ത്യന്‍ സമ്പദ്ഘടനയുടെ പ്രധാന ഭാഗമായ വിദേശനാണ്യം യുഎഇയില്‍ നിന്നുള്ളതാണ്. പ്രവാസി ഇന്ത്യന്‍ ജനതയുടെ അധ്വാനങ്ങള്‍ക്ക് വലിയ മൂല്യമാണ് യുഎഇയും കല്‍പ്പിക്കുന്നത്. ആ രാജ്യത്തിലെ പ്രധാന എമിറേറ്റായ ദുബായ് കിരീടാവകാശി ഇന്ത്യന്‍ മണ്ണിലേക്കെത്തുമ്പോള്‍ പ്രവാസികള്‍ക്ക് ഏറെ സന്തോഷവും അഭിമാനവുമാണ്. വിനോദസഞ്ചാര- ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്ക് ശൈഖ് ഹംദാന്റെ ഇന്ത്യ സന്ദര്‍ശനത്തിലൂടെ കൂടുതല്‍ അഭിവൃദ്ധി ഉണ്ടാവും. നിര്‍മിതബുദ്ധിമുതല്‍ പുനരുപയോഗ ഊര്‍ജമേഖലകള്‍ക്കും ഈ സന്ദര്‍ശനം ഗുണംചെയ്യും.
ഇന്‍ഡോ-അറബ് ബന്ധം കൂടുതല്‍ ഊഷ്മളമാക്കും- അഡ്വ. വൈ.എ. റഹീം (മുന്‍ പ്രസിഡന്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍)

ഇന്‍ഡോ - അറബ് ബന്ധത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷവും പിന്നീട് യുഎഇ രൂപവത്കരിച്ചപ്പോഴും പരസ്പരം ഇരുരാജ്യങ്ങളും വിശാല സൗഹൃദമാണ് നിലനിര്‍ത്തിയത്. യുവജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ഇന്ത്യയിലെത്തിയത്. വ്യാപാര - വാണിജ്യ സഹകരണങ്ങള്‍ക്കുപരിയായി നൂതന ശാസ്ത്ര സാങ്കേതിക രംഗത്തും കൂടുതല്‍ അഭിവൃദ്ധിയ്ക്ക് ഈ സന്ദര്‍ശനം ഇടയാക്കും.
നിര്‍മിതബുദ്ധിയുടെ ഈ കാലത്ത് ശാസ്ത്രം അതിവേഗമാണ് പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നത്. ശൈഖ് ഹംദാന്‍ യുവജനങ്ങളുടെകൂടി പ്രതീക്ഷയാണ് സാക്ഷാത്കരിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ ജനതയ്ക്കായിരിക്കും ഹംദാന്റെ സന്ദര്‍ശനം കൂടുതല്‍ കരുത്ത് പകരുകയെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയില്‍നിന്ന് ദിനംപ്രതി ലക്ഷക്കണക്കിന് ആളുകള്‍ ദുബായിലേക്ക് തൊഴിലിനായി എത്തിക്കൊണ്ടിരിക്കുന്നു. അവരെയാരെയും ദുബായ് വെറുംകൈയോടെ മടക്കി അയച്ചിട്ടില്ലെന്നത് ഓര്‍ക്കേണ്ടതാണ്. അതിനാല്‍ ഈ സന്ദര്‍ശനം തൊഴില്‍മേഖലയിലും പ്രതീക്ഷയുടെ വിത്തുപാകുമെന്നത് ഉറപ്പ്.
ഈ സന്ദര്‍ശനം ഭാവിഇന്ത്യയിലേക്കുള്ള വഴിവിളക്ക്- റസ്സല്‍ മുഹമ്മദ് സാലി, (പ്രസിഡന്റ് ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അല്‍ഐന്‍)

യുഎഇയുടെ വിനോദ വാണിജ്യരംഗത്ത് ശക്തമായ സ്വാധീനമുള്ള എമിറേറ്റാണ് ദുബായ്. അതിനാല്‍ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്റെ ഇന്ത്യ സന്ദര്‍ശനത്തിന് ചരിത്രപ്രാധാന്യമുണ്ടെന്ന് കരുതുന്നു. ഇന്ത്യയും യുഎഇയും രൂപവത്കൃതമാകുന്നതിനുമുന്‍പുതന്നെ ഇരുരാജ്യങ്ങളിലെയും ജനത കച്ചവടത്തിനായി പരസ്പരം ആശ്രയിച്ചിരുന്നു. അവിടെനിന്നാണ് ലക്ഷക്കണക്കിന് ഇന്ത്യന്‍ ജനതയുടെ ഏറ്റവും വലിയ തൊഴിലിടമായി യുഎഇ മാറിയത്. അതിനാല്‍ ശൈഖ് ഹംദാന്റെ ഇന്ത്യ സന്ദര്‍ശനത്തിനു ഏറെ പ്രാധാന്യമുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട മേഖലകളിലേക്ക് സഹകരണത്തിലേക്ക് ഈ സന്ദര്‍ശനം വഴിതുറക്കും.
ഈ സന്ദര്‍ശനം യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അഭിമാനം- എ.കെ.ബീരാന്‍കുട്ടി (പ്രസിഡന്റ്, കേരള സോഷ്യല്‍ സെന്റര്‍ അബുദാബി)

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഇന്ത്യസന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കും. യുഎഇയില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്കാണ് ശൈഖ് ഹംദാന്റെ സന്ദര്‍ശനം വലിയ ആവേശമായി മാറിയത്. കേവലം രണ്ടുദിവസത്തെ സന്ദര്‍ശനം എന്നതിലുപരി ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഭാവിയില്‍ കൂടുതല്‍ കരുത്ത് പകരുന്നുവെന്നതാണ് പ്രത്യേകത. ഇന്ത്യന്‍ വ്യവസായസമൂഹവുമായി ശൈഖ് ഹംദാന്റെ കൂടിക്കാഴ്ച പ്രവാസി സംരംഭകര്‍ക്കും വലിയ പ്രതീക്ഷയും ഉണര്‍വും അനുഭവപ്പെടുമുന്നുറപ്പാണ്. ഭാവിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപസൗഹൃദാന്തരീക്ഷം കൂടുതല്‍ വിപുലമാക്കപ്പെടും. നയതന്ത്ര - സാമ്പത്തിക രംഗങ്ങളില്‍ ദീര്‍ഘകാല ബന്ധം സൂക്ഷിക്കുന്ന ഇരുരാജ്യങ്ങള്‍ക്കും ശൈഖ് ഹംദാന്റെ സന്ദര്‍ശനം കൂടുതല്‍ തെളിച്ചമുള്ളതാക്കി മാറ്റുകയാണ്.
Content Highlights: dubai crown prince sheikh hamdan india visit
Published: 09 Apr 2025, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented