റിയാദ്: സൗദി അറേബ്യയിലെ പ്രധാന വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്കൻ എംബസി ജീവനക്കാർക്ക് നിർദേശം നൽകി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, വിമാനത്താവളവും പരിസര പ്രദേശങ്ങളും ഒഴിവാക്കണമെന്ന് അമേരിക്കൻ പൗരന്മാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

To advertise here,

റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറമെ ജിദ്ദ, ദമ്മാം വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിനും സൗദിയിൽ ജോലി ചെയ്യുന്ന അമേരിക്കൻ സർക്കാർ ജീവനക്കാർ പ്രത്യേക അനുമതി നേടണമെന്ന് അമേരിക്കൻ മിഷൻ പുറത്തിറക്കിയ സുരക്ഷാ അറിയിപ്പിൽ വ്യക്തമാക്കി.

സൗദി അറേബ്യയിലെ പ്രധാന വിമാനത്താവളങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. വിമാന സർവീസുകൾ റദ്ദാക്കപ്പെടാനും വ്യോമപാതകൾ അടയ്ക്കാനും യാത്രകൾ തടസ്സപ്പെടാനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. യാത്രക്കാർ വിമാനക്കമ്പനിയുമായും വിമാനത്താവള അധികൃതരുമായും ബന്ധപ്പെട്ട് സർവീസുകളുടെ നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയുണ്ടായ ഹൂതി മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സൗദിയ വിമാനക്കമ്പനിയിലെ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ചയുണ്ടായ മറ്റൊരു ആക്രമണത്തിൽ സുഡാൻ സ്വദേശിയും കൊല്ലപ്പെട്ടു. അതിന് ഒരു ദിവസം മുമ്പ് അസീർ പ്രവിശ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി സായുധസംഘം നടത്തിയ ആക്രമണത്തിൽ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു.