റിയാദ്: സൗദി അറേബ്യയിലെ മിക്ക മേഖലകളിലും ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനറൽ.
സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്നും താഴ്വരകളിൽ നിന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും അകന്നുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു. ഇത്തരം പ്രദേശങ്ങളിൽ നീന്തുന്നത് ഒഴിവാക്കണം. മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് അഭ്യർഥിച്ചു.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എൻ.സി.എം) പ്രവചനമനുസരിച്ച് മക്ക, ജിസാൻ, അസീർ, അൽബാഹ മേഖലകളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതുമൂലം പെട്ടെന്നുള്ള മലവെള്ളപ്പാച്ചിൽ, ആലിപ്പഴവർഷം, ശക്തമായ കാറ്റിനൊപ്പം പൊടിയും മണലും ഉയരുന്ന സാഹചര്യം എന്നിവയുണ്ടാകാം.
അതേസമയം, മദീന, ഹായിൽ, അൽജൗഫ്, വടക്കൻ അതിർത്തി മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതിനിടെ, മക്ക മേഖലയിലും അൽജുമൂം ഗവർണറേറ്റിലും ശനിയാഴ്ച മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻ.സി.എം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ്, കാഴ്ചാപരിധി തീരെ കുറയുന്ന സാഹചര്യം, ആലിപ്പഴവർഷം, പെട്ടെന്നുള്ള മലവെള്ളപ്പാച്ചിൽ, ഇടിമിന്നൽ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഈ കാലാവസ്ഥാ സാഹചര്യം രാത്രി 9 മണി വരെ തുടരുമെന്നാണ് പ്രവചനം.
Content Highlights: saudi news
Published: 18 Oct 2026, 01:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented