റിയാദ്: നിലവിലെ വെല്ലുവിളികളെ സൗദി അറേബ്യ അതിജീവിക്കുമെന്നും ലോകത്തിന് ആവശ്യമായ ഊർജം തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള പ്രതിബദ്ധത തുടരുമെന്നും സൗദി ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. റിയാദിൽ ആരംഭിച്ച 25-ാമത് ഡബ്ല്യുപിസി എനർജി കോൺഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

മേഖലയിൽ അടുത്തിടെയുണ്ടായ സംഭവങ്ങളും അടിസ്ഥാന സൗകര്യങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളും ഊർജ സുരക്ഷയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാത്രം നടപടികൾ സ്വീകരിക്കുന്നതിന് പകരം, അവ നേരിടാൻ നേരത്തേ തന്നെ തയ്യാറെടുക്കണം. എണ്ണ ഉൽപ്പാദനം, സംഭരണം, കയറ്റുമതി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സൗദി അറേബ്യ വർഷങ്ങളായി വലിയ നിക്ഷേപം നടത്തിവരികയാണ്. ഊർജ വിതരണം തടസ്സപ്പെട്ടാൽ ബദൽ മാർഗങ്ങളിലൂടെ വിതരണം തുടരാനും തകരാറിലായ സംവിധാനങ്ങൾ വേഗത്തിൽ പുനഃസ്ഥാപിക്കാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര വിതരണ ശൃംഖലകളിൽ തടസ്സങ്ങളുണ്ടായാലും രാജ്യത്തിനകത്തെ ഉൽപ്പാദനവും വിതരണവും നിലനിർത്താൻ ആഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനാൽ രാജ്യത്തിനകത്തെ ഊർജ വ്യവസായങ്ങളുടെ വളർച്ചയ്ക്കും സൗദി മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വിതരണം ഉറപ്പാക്കുന്നതിനൊപ്പം സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ മേഖലകളിലും വൈദ്യുതി ശൃംഖലകളിലും ഊർജ സംഭരണ സംവിധാനങ്ങളിലും നിക്ഷേപം തുടരും. മലിനീകരണം കുറയ്ക്കുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനും പദ്ധതികളുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഊർജ-വ്യവസായ മേഖലകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും രാജ്യത്തെ ജനങ്ങളോടും അന്താരാഷ്ട്ര പങ്കാളികളോടുമുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആദ്യമായി സൗദിയിൽ ആഗോള ഊർജ സമ്മേളനം

‘എല്ലാവർക്കും ഊർജം ഉറപ്പാക്കുന്ന ഭാവിയിലേക്കുള്ള വഴികൾ’ എന്ന പ്രമേയത്തിലാണ് 25-ാമത് ഡബ്ല്യുപിസി എനർജി കോൺഗ്രസ് നടക്കുന്നത്. 90 വർഷത്തിലേറെ പഴക്കമുള്ള ഈ സമ്മേളനത്തിന് സൗദി അറേബ്യ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബർ 15 വരെ സമ്മേളനം തുടരും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സർക്കാർ പ്രതിനിധികൾ, ഊർജ കമ്പനികളുടെ മേധാവികൾ, നിക്ഷേപകർ, വിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഊർജ സുരക്ഷ, നിക്ഷേപം, പുതിയ സാങ്കേതികവിദ്യകൾ, പ്രകൃതിവാതകം, നിർമിതബുദ്ധി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.

ലോകത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക സ്ഥിരതയ്ക്കും ഊർജ സുരക്ഷ അനിവാര്യമാണെന്ന് ഡബ്ല്യുപിസി എനർജി പ്രസിഡന്റ് പെഡ്രോ മിറാസ് പറഞ്ഞു. നിർമിതബുദ്ധി, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, പുതിയ ഇന്ധനങ്ങൾ, കാർബൺ സംഭരണ സംവിധാനങ്ങൾ എന്നിവ ഊർജ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്മേളനത്തോടനുബന്ധിച്ച് ഏകദേശം 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഊർജ സാങ്കേതികവിദ്യകളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. റിയാദിൽ നടക്കുന്ന എനർജി വീക്കിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ശുദ്ധ ഊർജ മേഖലയുമായി ബന്ധപ്പെട്ട രണ്ട് പ്രധാന അന്താരാഷ്ട്ര യോഗങ്ങളും ഇതോടനുബന്ധിച്ച് സൗദിയിൽ നടക്കുന്നുണ്ട്.

1933-ൽ സ്ഥാപിതമായ ഡബ്ല്യുപിസി എനർജി എന്ന അന്താരാഷ്ട്ര സംഘടനയുടെ പ്രധാന പരിപാടിയാണ് ഈ സമ്മേളനം. 60-ലധികം രാജ്യങ്ങൾ സംഘടനയിൽ അംഗങ്ങളാണ്.