റിയാദ്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ ഡൽഹിയിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി റിയാദ് ഒഐസിസി. ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രവർത്തകർ പ്രതിഷേധ വലയം തീർത്തു.

To advertise here,

തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന്റെ സമ്മർദത്തിന് വഴങ്ങുന്നുവെന്ന ആരോപണത്തിൽ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് പിന്തുണയറിയിച്ചായിരുന്നു പരിപാടി. ബത്ഹ സബർമതിയിൽ നടന്ന സംഗമത്തിൽ നവാസ് വെള്ളിമാടുകുന്ന് അധ്യക്ഷത വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.

ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കണമെന്ന് പ്രസംഗകർ ആവശ്യപ്പെട്ടു. ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ തുടരുമെന്നും അവർ വ്യക്തമാക്കി. ഷംനാദ് കരുനാഗപ്പള്ളി, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, സക്കീർ ദാനത്ത്, സന്തോഷ് വിളയിൽ, അശ്റഫ് മേച്ചേരി, ബാലു കുട്ടൻ എന്നിവർ സംസാരിച്ചു.