റിയാദ്: സൗദി ഇലക്ട്രോണിക് സർവകലാശാലയുടെ പേര് പ്രിൻസ് മുസാഇദ് ബിൻ അബ്ദുറഹ്മാൻ സർവകലാശാല എന്നാക്കി മാറ്റാൻ തിരുഗേഹങ്ങളുടെ സംരക്ഷകൻ സൽമാൻ രാജാവ് നിർദേശിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ശുപാർശയെ തുടർന്നാണ് തീരുമാനം.

To advertise here,

രാജ്യത്തിന്റെ പ്രമുഖ ഭരണാധികാരികളിലൊരാളായിരുന്ന അന്തരിച്ച പ്രിൻസ് മുസാഇദ് ബിൻ അബ്ദുറഹ്മാൻ അൽ സൗദിന്റെ രാജ്യത്തിനായുള്ള വിശിഷ്ട സംഭാവനകളും സേവനങ്ങളും ആദരിക്കുന്നതിനാണ് സർവകലാശാലയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്.

വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ-ബുന്യാൻ രാജാവിനും കിരീടാവകാശിക്കും നന്ദി അറിയിച്ചു. സൗദി അറേബ്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഭരണനേതൃത്വം നൽകിവരുന്ന പിന്തുണയും, മനുഷ്യവിഭവ വികസനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നതായി അദ്ദേഹം പറഞ്ഞു.

സൗദിയുടെ വികസനത്തിലെ നിർണായക ഘട്ടങ്ങളുമായും രാജ്യത്തെ സ്ഥാപനങ്ങളുടെ വളർച്ചയുമായും അടുത്ത ബന്ധമുള്ള ദേശീയ വ്യക്തിത്വമായിരുന്ന പ്രിൻസ് മുസാഇദിന്റെ പാരമ്പര്യം സംരക്ഷിക്കുന്നതിനും സർവകലാശാലയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത് സഹായകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

പുതിയ പേര് ദേശീയവും അക്കാദമികവുമായ പ്രാധാന്യമുള്ളതാണെന്ന് പ്രിൻസ് മുസാഇദ് ബിൻ അബ്ദുറഹ്മാൻ സർവകലാശാല പ്രസിഡന്റ് ഡോ. മുഹമ്മദ് ബിൻ യഹ്യ മാർദി പറഞ്ഞു. അന്തരിച്ച രാജകുമാരന്റെ രാജ്യത്തിനായുള്ള സംഭാവനകൾക്കുള്ള അംഗീകാരമാണ് ഈ പേരുമാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസം, സംസ്കാരം, വിജ്ഞാനം എന്നിവയിൽ പ്രിൻസ് മുസാഇദ് പുലർത്തിയിരുന്ന താൽപര്യം, കഴിവുകൾ വികസിപ്പിക്കുകയും പഠനാവസരങ്ങൾ വിപുലീകരിക്കുകയും ചെയ്യുക എന്ന സർവകലാശാലയുടെ ദൗത്യവുമായി ഏറെ യോജിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മികവിലേക്കും നവീകരണത്തിലേക്കുമുള്ള യാത്ര പ്രിൻസ് മുസാഇദ് ബിൻ അബ്ദുറഹ്മാൻ സർവകലാശാല തുടരും. അദ്ദേഹത്തിന്റെ പേരിലൂടെ കൈമാറപ്പെടുന്ന ദേശീയവും ബൗദ്ധികവുമായ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തിനുള്ള സർവകലാശാലയുടെ സ്വാധീനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മാർദി പറഞ്ഞു.