റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ 14,782 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. താമസനിയമങ്ങൾ ലംഘിച്ചതിന് 7,438 പേരും, അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,782 പേരും, തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 3,562 പേരുമാണ് അറസ്റ്റിലായത്.

To advertise here,

അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,450 പേരിൽ 56 ശതമാനം എത്യോപ്യക്കാരും, 43 ശതമാനം യെമൻ പൗരന്മാരും, ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 25 പേരെയും, നിയമലംഘകരെ കടത്തിക്കൊണ്ടുപോകാനും ഒളിപ്പിക്കാനും സഹായിച്ച 23 പേരെയും അധികൃതർ പിടികൂടി.

അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർ, നിയമലംഘകർക്ക് യാത്രാസൗകര്യമോ താമസസൗകര്യമോ ഒരുക്കുന്നവർ എന്നിവർക്ക് പരമാവധി 15 വർഷം വരെ തടവും, 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടാനും നിയമം അനുവദിക്കുന്നു.

നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ മക്ക, റിയാദ് മേഖലകളിൽ 911 എന്ന ടോൾഫ്രീ നമ്പറിലും, രാജ്യത്തെ മറ്റ് മേഖലകളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറുകളിലും അറിയിക്കാം.