ജിദ്ദ: സൗദിയിലെ ഇന്‍ഷുറന്‍സ് മേഖലയിലെ സെയില്‍സ് ജോലികളില്‍ സ്വദേശിവത്കണം കൊണ്ടുവരുന്നു. 2024 ഏപ്രില്‍ 15 മുതലായിരിക്കും ഇന്‍ഷുറന്‍സ് മേഖലയിലെ സെയില്‍സ് ജോലികള്‍ പ്രാദേശികവല്‍ക്കരിക്കുക. ഇതോടെ ഈ മേഖലയിലുള്ള വിദേശികള്‍ക്ക് അടുത്ത വര്‍ഷം ഏപ്രില്‍ പകുതി മുതല്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നഷ്ടമാകും.

To advertise here,

ഇന്‍ഷുറന്‍സ് മേഖലയിലെ നോണ്‍-സെയില്‍സ് തൊഴിലാളികള്‍ക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട കമ്മീഷനുകള്‍ സ്വീകരിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കില്ലെന്നും ഇതുസംബന്ധമായ തീരുമാനം വ്യവസ്ഥ ചെയ്യുന്നുണ്ട്. സൗദിവല്‍ക്കരണ തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ച തീയതി മുതല്‍ സൗദിവല്‍ക്കരണ ശതമാനത്തിലെ ലക്ഷ്യത്തിലെത്തുന്നത് വരെ ഇന്‍ഷുറന്‍സ് അതോറിറ്റി ഇത്‌ സംബന്ധമായി നിരീക്ഷണം തുടരും.

നിര്‍ദ്ദിഷ്ട സ്വദേശിവത്കരണം നടപ്പാക്കുന്നത്‌വരെ നിരീക്ഷിക്കുക എന്നത് ഇന്‍ഷുറന്‍സ് മേഖലയിലെ അതോറിറ്റിയുടെ മേല്‍നോട്ട, ചുമതലകളുടെ ഭാഗമായിരിക്കും. സെയില്‍സ് മേഖലയെ സ്വദേശിവത്കരിക്കുവാനുള്ള തീരുമാനം ഈ മേഖലയെ മാത്രമല്ല, സൗദിവല്‍ക്കരണത്തിന്റെ മൊത്തം നിരക്കിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ താല്‍പ്പര്യമുള്ള പ്രത്യേക ദേശീയ കഴിവുകള്‍ വികസിപ്പിക്കുന്നതിനും മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിനും നല്‍കിയ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഇത് സംഭാവന ചെയ്യും. ഇന്‍ഷുറന്‍സ് മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് പുതുതായി സൃഷ്ടിച്ച ഇന്‍ഷുറന്‍സ് അതോറിറ്റി ഈ തീരുമാനമെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.