ജിദ്ദ: ജനസംഖ്യയിലും വിസ്തീര്‍ണത്തിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളെക്കാള്‍ മുന്നിലാണ് സൗദി അറേബ്യ. ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പൊതു ഗതാഗത സംവിധാനം അത്യാവശ്യവുമാണ്. സൗദിയില്‍ വ്യാപകമായി ഓരോ വ്യക്തികള്‍ക്കും കുടുംബത്തിനും ഒന്നിലധികം സ്വകാര്യ വാഹനങ്ങള്‍ ഉണ്ട്. എന്നിരുന്നാലും പൊതു ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനെ കുറിച്ച് അടുത്തകാലത്താണ് സൗദിയില്‍ വലിയതോതില്‍ ചര്‍ച്ച വരുന്നത്.

To advertise here,

വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും തമ്മില്‍ ബന്ധിപ്പിച്ചു ജിദ്ദ വഴി 2018-ല്‍ ഹറമൈന്‍ ട്രെയിന്‍ സേവനം ആരംഭിച്ചത് രണ്ട് പുണ്യനഗരങ്ങള്‍ക്കിടയിലുള്ള സഞ്ചാരം എളുപ്പമാക്കാന്‍ സഹായകമായി. അതുപോലെ 2024 ഡിസംബറില്‍ ഉദഘാടനം നിര്‍വ്വഹിച്ച റിയാദ് മെട്രോള്‍ സൗദിയുടെ ഗതാഗത ചരിത്രത്തിലെ വലിയ ചരിത്രമായി മാറി. വര്‍ധിച്ചുവരുന്ന വാഹനങ്ങളുടെ തിരക്ക് റോഡുകളില്‍നിന്നും ഒഴിവാക്കാനും പൊതുജമാത്തിന്റെ യാത്ര സുഖകരമാക്കുകയും ലക്ഷ്യമിട്ടാണ്  കൂടുതല്‍ മെട്രോ സേവനം വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.  

സൗദി അറേബ്യയുടെ മന്ത്രിസഭാ ഉപദേശക സമിതിയായ ഷൂറ കൗണ്‍സിലില്‍ കഴിഞ്ഞ ദിവസം ഇതുസംബന്ധമായി ചര്‍ച്ച നടന്നു. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക സമിതിയുടെ ശുപാര്‍ശകള്‍ ഭൂരിപക്ഷ ഷൂറ അംഗങ്ങളുടെയും  വോട്ടിന് വിജയിച്ചു വെന്നാണ് റിപ്പോര്‍ട്ട്. സൗദിയിലെ പ്രധാന നഗരങ്ങളിലും നഗരപ്രദേശങ്ങളിലും മെട്രോ പദ്ധതികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാനും മക്ക മദീന പുണ്യ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ഹറമൈന്‍ ഹൈ സ്പീഡ് റെയിലിന്റെ നിലവിലെ വേഗതയ്ക്ക് അനുസൃതമായി രാജ്യത്തെ എല്ലാ റെയില്‍വേകളിലും പാസഞ്ചര്‍ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാനുമുള്ള ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അഭ്യര്‍ത്ഥന ഷൂറ കൗണ്‍സില്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചു.