റിയാദ്: മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥകൾ സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും സൗദി അറേബ്യയുടെ സമ്പദ്വ്യവസ്ഥ അസാധാരണമായ പ്രതിരോധശേഷിയും അതിവേഗ പൊരുത്തപ്പെടൽ ശേഷിയും പ്രകടിപ്പിച്ചതായി അന്താരാഷ്ട്ര നാണയനിധിയായ ഐഎംഎഫ് വിലയിരുത്തി. ശക്തമായ സാമ്പത്തിക അടിത്തറയും വൈവിധ്യമാർന്ന എണ്ണ-ലോജിസ്റ്റിക്സ് സംവിധാനങ്ങളുമാണ് സൗദി അറേബ്യയെ പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചതെന്ന് ഐഎംഎഫ് വ്യക്തമാക്കി.
ഐഎംഎഫിന്റെ ആർട്ടിക്കിൾ IV കൺസൾട്ടേഷൻ ദൗത്യത്തിന്റെ സമാപന റിപ്പോർട്ടിലാണ് സൗദി അറേബ്യയുടെ സാമ്പത്തിക പ്രകടനത്തെ പ്രശംസിച്ചത്. ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ഗതാഗത തടസ്സങ്ങൾ സൗദി അധികൃതർ ഫലപ്രദമായി മറികടന്നതായി റിപ്പോർട്ടിൽ പറയുന്നു. കയറ്റുമതി ചരക്കുകൾ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ വഴിയും ചെങ്കടൽ തുറമുഖങ്ങൾ വഴിയും അതിവേഗം തിരിച്ചുവിട്ടതും, സൗദി അരാംകോയുടെ ആഗോള സംഭരണ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയതുമാണ് സമുദ്രഗതാഗത മേഖലയിലെ പ്രതിസന്ധി കുറയ്ക്കാൻ സഹായിച്ചതെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടി.
2026-ൽ സൗദി സമ്പദ്വ്യവസ്ഥ 3.1 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. ജനുവരിയിലെ കണക്കിനെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും, മേഖലയിലെ സംഘർഷങ്ങളുടെ ആഘാതം ഏറ്റവും കുറവായി നേരിടുന്ന രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ബദൽ കയറ്റുമതി മാർഗങ്ങളുടെ ലഭ്യതയാണ് ഇതിന് പ്രധാന കാരണം.
അതേസമയം, ഊർജോൽപാദനവും ഗതാഗത മേഖലയുമെല്ലാം വരും മാസങ്ങളിൽ സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിൽ 2027-ലെ സാമ്പത്തിക വളർച്ചാ പ്രവചനം ഐഎംഎഫ് ഉയർത്തിയിട്ടുണ്ട്. മുൻ പ്രവചനത്തേക്കാൾ 0.9 ശതമാനം പോയിന്റ് വർധിപ്പിച്ച് 4.5 ശതമാനമാണ് പുതിയ വളർച്ചാ നിരക്ക് കണക്കാക്കുന്നത്.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും സ്ഥിരതയും വളർച്ചയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ സൗദി അറേബ്യയ്ക്ക് കഴിയുന്നുവെന്നതിന് ഐഎംഎഫിന്റെ ഈ വിലയിരുത്തൽ ശക്തമായ അംഗീകാരമായാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്.
Published: 04 Jun 2026, 12:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented