ജിദ്ദ: മക്കയിലെ ഗതാഗതക്കുരുക്കിന് ആശ്വാസമേകുന്ന മൂന്നാം റിങ് റോഡിന്റെ വികസിപ്പിച്ച ഭാഗം തുറന്നുകൊടുത്തു. പുതിയ റോഡ് തുറന്നതോടെ ജിദ്ദയിൽനിന്ന് മക്കയിലേക്കും നഗരത്തിലെ ഹോട്ടലുകളിലേക്കും മസ്ജിദുൽ ഹറമിലേക്കുമുള്ള യാത്ര കൂടുതൽ എളുപ്പമാകും. ഹജ്ജ്, ഉംറ തീർഥാടകരുടെ യാത്രാസമയം കുറയ്ക്കാനും ഗതാഗത മേഖലയിലെ ബിസിനസ് വളർച്ചയ്ക്കും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ.

To advertise here,

മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്‌സ് റോയൽ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ റോഡ് തുറന്നതോടെ മസ്ജിദുൽ ഹറമിലേക്കും മിനയിലെ ജംറാത്ത് കേന്ദ്രത്തിലേക്കുമുള്ള യാത്രാസമയം 90 ശതമാനം വരെ കുറയുമെന്നാണ് കണക്കാക്കുന്നത്.

പ്രിൻസ് മുതൈബ് ജങ്ഷനിൽനിന്ന് മസ്ജിദുൽ ഹറമിലേക്കുള്ള ദൂരം 16.5 കിലോമീറ്ററിൽനിന്ന് 6.5 കിലോമീറ്ററായി കുറഞ്ഞു. ജംറാത്തിലേക്കുള്ള ദൂരം 12 കിലോമീറ്ററിൽനിന്ന് നാല് കിലോമീറ്ററായും കുറഞ്ഞു. തിരക്കേറിയ സമയങ്ങളിലും ഹജ്ജ്, ഉംറ സീസണുകളിലും ഗതാഗതം സുഗമമാക്കാനും പുതിയ റോഡ് സഹായിക്കും.

പുതിയ റോഡ് ഗതാഗത മേഖലയിലെ സ്ഥാപനങ്ങൾക്ക് വലിയ നേട്ടമാകുമെന്ന് മവാകിബ് അൽഖൈർ ട്രാൻസ്‌പോർട്ട് മാനേജർ അലി അബ്ദുല്ലത്തീഫ് പറഞ്ഞു. ബസുകളിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്ന തീർഥാടകർക്ക് ഇനി വേഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിലെത്താനാകും. യാത്രാസമയം കുറയുന്നത് കൂടുതൽ സർവീസുകൾ നടത്താനും ബിസിനസ് വികസിപ്പിക്കാനും അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലെ ഹോട്ടലുകളിലേക്കും മസ്ജിദുൽ ഹറമിലേക്കുമുള്ള യാത്രയിൽ ഗതാഗതക്കുരുക്ക് വലിയ പ്രയാസമുണ്ടാക്കുന്നതായി അൽഫത്ഹ് ട്രാൻസ്‌പോർട്ട് കമ്പനി പ്രതിനിധി സയ്യിദ് അൽമുഹമ്മദ് പറഞ്ഞു. കമ്പനി പ്രതിദിനം 235 ബസുകളാണ് ജിദ്ദയ്ക്കും മക്കയ്ക്കുമിടയിൽ സർവീസ് നടത്തുന്നത്. പുതിയ റോഡ് യാത്രാസമയം കുറയ്ക്കുകയും കൂടുതൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും അവസരമൊരുക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ റോഡ് ടാക്‌സി ഡ്രൈവർമാർക്കും കൂടുതൽ വരുമാനത്തിന് വഴിയൊരുക്കും. നിലവിൽ പ്രതിദിനം 30 മുതൽ 40 വരെ യാത്രക്കാരെ സേവിക്കാൻ കഴിയുന്നുണ്ടെന്നും റോഡ് സൗകര്യം മെച്ചപ്പെടുന്നതോടെ കൂടുതൽ യാത്രക്കാരെ എത്തിക്കാനും വരുമാനം വർധിപ്പിക്കാനും കഴിയുമെന്നും മക്കയിലെ ടാക്‌സി ഡ്രൈവറായ ജുനൈദ് താരിഖ് പറഞ്ഞു.

ഇരുദിശകളിലുമായി പ്രതിദിനം 1.70 ലക്ഷം വാഹനങ്ങൾക്ക് കടന്നുപോകാൻ ശേഷിയുള്ളതാണ് പുതിയ റോഡ്. മക്കയിലെ വർധിച്ചുവരുന്ന തീർഥാടക-സന്ദർശക തിരക്ക് കണക്കിലെടുത്ത് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.