ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പാസ്പോര്‍ട്ട് വിഭാഗം വൈസ് കോണ്‍സല്‍ സുനില്‍ സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജിസാന്‍ സെന്‍ട്രല്‍ ജയിലും ഡിപോര്‍ട്ടേഷന്‍ കേന്ദ്രവും സന്ദര്‍ശിച്ചു. 12 മലയാളികളടക്കം 43 ഇന്ത്യക്കാര്‍ വിവിധ കേസുകളില്‍പെട്ട് ജയിലില്‍ കഴിയുന്നതായി സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധിയെ അറിയിച്ചു. ജിസാന്‍ ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ രണ്ടു മലയാളികളടക്കം ഏഴ് ഇന്ത്യക്കാരാണ് ഇപ്പോഴുള്ളത്.

To advertise here,

കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗങ്ങളായ ശംസു പൂക്കോട്ടൂര്‍, താഹ കൊല്ലേത്ത്, സെയ്ദ് കാശിഫ് എന്നിവരും വൈസ് കോണ്‍സലിന് ഒപ്പമുണ്ടായിരുന്നു. കോണ്‍സുലേറ്റ് സംഘം ജിസാന്‍ സെന്‍ട്രല്‍ ജയിലെ ഉന്നത ജയില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തുകയും ഇന്ത്യന്‍ തടവുകാരെ നേരില്‍കണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന 43 ഇന്ത്യന്‍ തടവുകാരില്‍ ശിക്ഷാ കാലാവധി കഴിഞ്ഞ നാലു പേരെ ഉടന്‍ നാട്ടിലയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഇവരുടെ യാത്രാരേഖകള്‍ ഉടന്‍ നല്‍കുമെന്നും ജയില്‍ അധികൃതരുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ചൗഹാന്‍ പറഞ്ഞു.

സെന്‍ട്രല്‍ ജയിലിലുള്ള മലയാളികളില്‍ ഭൂരിഭാഗവും മയക്കുമരുന്ന് കടത്തിയതിനും മദ്യനിര്‍മ്മാണത്തിനും യെമന്‍ അതിര്‍ത്തിയില്‍ നിന്ന് 'ഖാത്ത്' എന്ന ലഹരി ഇല കടത്തിയതിനും ശിക്ഷയനുഭവിക്കുന്നവരാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍,രാജസ്ഥാന്‍, കാശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരും ജയിലില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. രേഖകളില്ലാതെ അനധികൃതമായി താമസിച്ചതിന് പിടിയിലായി ജിസാന്‍ ഡിപ്പോര്‍ട്ടേഷന്‍ സെന്ററിലുള്ള രണ്ടു മലയാളികളടക്കമുള്ള 7 ഇന്ത്യക്കാര്‍ക്ക് കോണ്‍സുലേറ്റില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി എത്രയും വേഗം ജയില്‍ അധികൃതര്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പെടാത്ത നിയമ ലംഘകരായ ഇന്ത്യക്കാരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചയക്കുന്നതിന് നിയമതടസമില്ലെന്ന് ഡിപ്പോര്‍ട്ടേഷന്‍ സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി. കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എല്ലാ മാസവും ജിസാനിലെ ജയിലുകളും ഡിപോര്‍ട്ടേഷന്‍ സെന്ററും സന്ദര്‍ശിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വൈസ് കോണ്‍സല്‍ അറിയിച്ചു.

മേഖലയിലെ ഇന്ത്യക്കാര്‍ക്ക് വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ജിസാന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ബില്‍ഡിംഗിലെ വി.എഫ്.എസ് ഹാളില്‍ നടന്ന കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് വൈസ് കോണ്‍സല്‍ സുനില്‍ സിംഗ് ചൗഹാനും വി.എഫ്.എസ് ഉദ്യോഗസ്ഥന്‍ റോഷനും നേതൃത്വം നല്‍കി. ജിസാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അമ്പതോളം ഇന്ത്യക്കാര്‍ക്ക് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. ജിസാനില്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംസി സ്‌കൂള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരിക്കുള്ള നിവേദനം ഗുജറാത്ത് കമ്മ്യൂണിറ്റി അസോസിയേഷന്‍ കണ്‍വീനര്‍ കേതുല്‍ കുമാര്‍ പര്‍മര്‍, സാമൂഹികക്ഷേമ സമിതി അംഗങ്ങളായ ശംസു പൂക്കോട്ടൂര്‍, താഹ കൊല്ലേത്ത്, സെയ്ദ് കാശിഫ് എന്നിവര്‍ വൈസ് കോണ്‍സല്‍ സുനില്‍ സിംഗ് ചൗഹാന് കൈമാറി.