റിയാദ്: സൗദി അറേബ്യയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ അറബ്, പ്രാദേശിക സംഘടനകൾ ശക്തമായി അപലപിച്ചു. സിവിലിയൻ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ആക്രമണമെന്ന് വിവിധ രാജ്യങ്ങൾ വ്യക്തമാക്കി.
യെമൻ അതിർത്തിയോട് ചേർന്ന അസീർ പ്രവിശ്യയിലെ അബ്ഹ അന്താരാഷ്ട്ര വിമാനത്താവളവും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവുമാണ് ആക്രമിക്കപ്പെട്ടത്.
വിമാനത്താവളങ്ങളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിടുന്നതും യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്നതും ക്രിമിനൽ നടപടിയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ പരമാധികാരത്തിന്റെ തുറന്ന ലംഘനവും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമുള്ള ഭീഷണിയുമാണ് ആക്രമണമെന്ന് ജോർദാൻ അഭിപ്രായപ്പെട്ടു. സൗദി അറേബ്യയോടുള്ള പൂർണ ഐക്യദാർഢ്യം ജോർദാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഫുആദ് അൽ- മജാലി അറിയിച്ചു.
സിറിയയും ഈജിപ്തും ആക്രമണത്തെ ശക്തമായി അപലപിക്കുകയും സൗദി അറേബ്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സൗദിയുടെ സുരക്ഷ, ഭൂപ്രദേശിക അഖണ്ഡത, സിവിലിയൻ കേന്ദ്രങ്ങൾ എന്നിവയ്‌ക്കെതിരായ ഭീഷണികളെ നേരിടുന്നതിൽ രാജ്യത്തോടൊപ്പം നിൽക്കുന്നതായി സിറിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹൂതി ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സൗദി ഭൂപ്രദേശത്തെ ആക്രമണങ്ങളും അതുവഴിയുള്ള സുരക്ഷാ ഭീഷണിയും മുഴുവൻ മേഖലയുടെയും സുരക്ഷയും സ്ഥിരതയും തകർക്കുന്നതാണെന്ന് ഈജിപ്ത് വ്യക്തമാക്കി.
അബ്ഹ, കിങ് ഖാലിദ് വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ-ബുദൈവി ശക്തമായി അപലപിച്ചു. സൗദി അറേബ്യയ്‌ക്കൊപ്പം ജിസിസി രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നതായി അൽ-ബുദൈവി വ്യക്തമാക്കി.
സൗദി അറേബ്യയ്‌ക്കെതിരായ ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങളെ മുസ്ലിം വേൾഡ് ലീഗ് ശക്തമായി അപലപിച്ചു. മതപരമായ മൂല്യങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും മാനവിക തത്വങ്ങൾക്കും വിരുദ്ധമായ ഭീകരപ്രവർത്തനങ്ങളാണ് ആക്രമണങ്ങളെന്ന് മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും മുസ്ലിം പണ്ഡിത സംഘടനയുടെ ചെയർമാനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ- ഈസ വ്യക്തമാക്കി. സൗദി അറേബ്യയിലെ സിവിലിയൻ ജനങ്ങളെയും സിവിലിയൻ സ്വത്തുക്കളെയും ഹൂതികൾ തുടർച്ചയായി ലക്ഷ്യമിടുന്നതിനെ അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റും ശക്തമായി അപലപിച്ചു.
Content Highlights: Arab and GCC nations strongly condemn Houthi attack on Saudi airports.
Published: 09 Oct 2026, 12:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented