റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് 12-ാം തവണയും മാറ്റിവെക്കപ്പെട്ടു. ഏറെ പ്രതീക്ഷയോടെയാണ് അബ്ദുൽ റഹീമിന്റെ ജയിൽ മോചന വാർത്തക്കായി റഹീമിന്റെ കുടുംബത്തോടൊപ്പം മലയാളി സമൂഹം ഒന്നടങ്കം ഓരോ തവണയും കാത്തിരിക്കാറുള്ളത്. മാസത്തിൽ ഒരുതവണയെങ്കിലും റഹീമിന്റെ കേസ് കോടതിയുടെ പരിഗണനയിൽ വരാറുണ്ടെങ്കിലും നിർഭാഗ്യവശാൽ കേസ് മാറ്റിവെക്കപ്പെടുകയാണ് കഴിഞ്ഞ പന്ത്രണ്ട് തവണയും ഉണ്ടായിട്ടുള്ളത്.

To advertise here,

ഏറെ പ്രതീക്ഷയോടെ ഗൾഫ് ജോലി സ്വപ്നം കണ്ട് 2006 നവംബർ മാസത്തിലാണ് അബ്ദുൽ റഹീം സൗദിയിൽ എത്തുന്നത്. അസുഖബാധിതനായി, വീൽചെയറിലുള്ള സൗദി ബാലൻ അനസ് അൽ ഫായിസിനെ പരിചരിക്കുകയും ഡ്രൈവിംഗ് ജോലിയുമാണ് ചെയ്തിരുന്നത്. സൗദിയിലെത്തി മൂന്ന് മാസത്തിനുള്ളിലാണ് സൗദി ബാലൻ മരിച്ച സംഭവത്തിൽ കൊലപാതകക്കേസിൽ അബ്ദുൽ റഹീം ജയിലിലാകുന്നത്. ആറ് വർഷത്തിനുശേഷം 2012ൽ കേസിൽ അബ്ദുൽ റഹീമിന് വധശിക്ഷ വിധിച്ചു. തുടർന്നിങ്ങോട്ട് വധശിക്ഷ ഒഴിവായി കിട്ടാനും ജയിൽ മോചനത്തിനും ഉള്ള നിയമ പോരാട്ടത്തിലായിരുന്നു.

സൗദി അറേബ്യയിലെ നിയമം അനുസരിച്ചു കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം ആവശ്യപ്പെട്ട ദിയ ധനമായി ഒന്നര കോടി സൗദി റിയാൽ (എകദേശം 34 കോടിയിലേറെ ഇന്ത്യൻ രൂപ) മലയാളികൾ ഒത്തൊരുമിച്ചു സംഘടിപ്പിച്ചു കോടതി വഴി കൈമാറി. തുടർന്ന് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുൽ റഹീമിന് മാപ്പ് നൽകുകയും  2024 ജൂലൈ മാസം കോടതി റഹീമിന്റെ വധ ശിക്ഷ റദ്ദ് ചെയ്തു.

വധ ശിക്ഷ റദ്ദ് ചെയ്തുവെങ്കിലും പ്രൈവറ്റ് റൈറ്റ് പ്രകാരമുള്ള കേസിലുള്ള തീർപ്പ് ബാക്കിയിരിക്കുകയാണ്. ഇതിൽ തീർപ്പുകല്പിക്കാത്തതാണ് ജയിൽ മോചനം നീളുന്നത്. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ സാധാരണ തടവുശിക്ഷയാണ് വിധിക്കാറുള്ളത്. സ്വാഭാവികമായും പത്തൊമ്പത് വർഷമായി തടവ് സിക്ഷ അനുഭവിച്ചു കഴിഞ്ഞതിനാൽ, ഇനി തടവുശിക്ഷ വിധിച്ചാലും അതുവരെ തടവിൽ കഴിഞ്ഞ കാലം ശിക്ഷയായി പരിഗണിക്കാനാണ് സാധ്യത. അങ്ങിനെയെങ്കിൽ അബ്ദുൽ റഹീമിന് വീണ്ടും ജയിലിൽ കഴിയേണ്ടിവരില്ല. എന്നാൽ കേസ് നീണ്ടുപോകുന്നതോടെ റഹീമിന്റെ ജയിൽ മോചനവും നീളുകയാണ്.