ദോഹ: ജീവിതവും മരണവും പ്രണയവും വിരഹവും ത്യാഗവും ആത്മീയതയും... മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഹൃദയസ്പർശിയായി ഇറങ്ങിച്ചെല്ലുന്ന സൂഫി സംഗീതത്തിന്റെ മാസ്മരിക ലോകം തുറന്നിട്ട് പ്രശസ്ത സൂഫി ഗായകൻ ഉസ്താദ് ജാബിർ സുലൈം പാടുകയും പറയുകയും ചെയ്തപ്പോൾ ദോഹയിലെ ഇൻസ്പെയർ ഹാളിലെ നിറഞ്ഞ സദസ്സ് അപൂർവമായൊരു അനുഭൂതിയുടെ നിറവിലായി. സംഗീതവും ഭക്തിയും ചിന്തയും ഇഴചേർന്ന ആ രാവിൽ ഓരോ ഗാനവും ഓരോ വാക്കും ആസ്വാദകരുടെ ഹൃദയത്തിൽ പുതിയൊരു അനുഭവമായി പെയ്തിറങ്ങി.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ സംഗീതത്തിന്റെ പൊതുവേദിയിൽ ഒന്നിപ്പിക്കുക എന്ന വേറിട്ട ആശയത്തിന് സാക്ഷാത്കാരം നൽകിയ ഖത്തർ മ്യൂസിക്കൽ ആന്റ് കൾചറൽ ക്ളബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. റിയാസ് ഒരവങ്കര, റൗഫ് മലയിൽ ബഷീർ, ജാഫർ എന്നിവർ നേതൃത്വം നൽകുന്ന ക്ളബ്ബ് സംഘടിപ്പിച്ച ഈ സംഗീതവിരുന്ന് ദോഹയുടെ സാംസ്കാരിക കലണ്ടറിൽ വേറിട്ടൊരു അടയാളമായി മാറി. വിവിധ സംഗീതശൈലികൾക്കും ആസ്വാദനാനുഭവങ്ങൾക്കും വേദിയായിട്ടുള്ള ദോഹയ്ക്ക് സൂഫി സംഗീതത്തിന്റെ ആത്മീയ സൗന്ദര്യം നിറഞ്ഞ പുതുമയാർന്നൊരു രാവാണ് ഇതിലൂടെ ലഭിച്ചത്.
ലോകത്ത് ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്ന പലതും ഒരുനാൾ അന്യമാകാമെന്ന ജീവിതയാഥാർഥ്യവും മരണത്തിന്റെ അനിവാര്യതയും ഓർമിപ്പിച്ചുകൊണ്ട് ജാബിർ സുലൈമിന്റെ ആലാപനവും വാക്കുകളും സദസ്സിനെ ആഴത്തിലുള്ള ചിന്തകളിലേക്ക് നയിച്ചു. അക്ഷരങ്ങളിലും വാക്കുകളിലും നിശ്ശബ്ദതയിൽപ്പോലും സംഗീതവും സൗന്ദര്യവും ഒളിഞ്ഞിരിപ്പുണ്ടെന്ന് അനുഭവിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അവതരണം. കേവലം പാട്ടുകൾ ആസ്വദിക്കുന്നതിനപ്പുറം ആത്മാവിനോട് സംവദിക്കുന്ന ഒരനുഭവമായി സൂഫി സംഗീതം മാറി. സമയം പാതിരാവിലേക്ക് കടന്നിട്ടും ജാബിർ സുലൈമിന്റെ വരികളിലും ചിന്തകളിലും സംഗീതത്തിലും ലയിച്ച് സദസ്സ് ആ ഹാളിൽത്തന്നെ തുടർന്നു.
'ഷാമേ എ മെഹ്ഫിൽ' രണ്ടാം സീസണാണ് സംഗീതത്തിന്റെ അനിർവചനീയമായ തലങ്ങളിലൂടെ ആത്മീയതയുടെ നിർവൃതിയിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോയത്. ഉസ്താദ് ജാബിർ സുലൈമിന്റെ മുഖ്യ സംഗീതാവതരണത്തിന് മുന്നോടിയായി സയ്യിദ് മഷൂദ് തങ്ങളും സിതാര ഷാഫിയും മറ്റു ഗായകരും ചേർന്നൊരുക്കിയ സംഗീതവിരുന്നും ശ്രദ്ധേയമായി. വ്യത്യസ്ത ആലാപനശൈലികളും സംഗീതാനുഭവങ്ങളും കോർത്തിണക്കിയ അവരുടെ അവതരണങ്ങൾ സദസ്സിന്റെ ഹൃദയം കവർന്നു.
വിനോദത്തിനപ്പുറം മനുഷ്യനെ തന്നിലേക്കും ജീവിതത്തിന്റെ അർഥങ്ങളിലേക്കും തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കുന്നതാകുമ്പോഴാണ് സംഗീതം അതിന്റെ പൂർണതയിലെത്തുന്നത്. അത്തരമൊരു ആത്മീയാനുഭവം സമ്മാനിച്ച 'ഷാമേ എ മെഹ്ഫിൽ' ദോഹയിലെ സംഗീതാസ്വാദകരുടെ മനസ്സിൽ ഏറെക്കാലം മായാതെ നിൽക്കുന്ന അവിസ്മരണീയ രാവായി മാറി. എപ്പോഴെങ്കിലും ആസ്വദിക്കുന്ന ഒന്നായി സംഗീതത്തെ പരിമിതപ്പെടുത്താതെ ജീവിതം തന്നെ സംഗീതാത്മകമാക്കണമെന്ന ജാബിർ സുലൈമിന്റെ വാക്കുകൾ സംഗീതാസ്വാദനത്തിന്റെ പുതിയ കാഴ്ചപ്പാടും ഭാവനയുമാണ് അവതരിപ്പരിച്ചത്. ഷഫീർ വാടാനപ്പള്ളിയുടെ അതിമനോഹരമായ അവതരണവും പരിപാടിയെ സവിശേഷമാക്കി.
Published: 21 Nov 2026, 12:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented