ദോഹ: ഭാവി തലമുറയെ കെട്ടിപ്പടുക്കുന്ന വിദ്യാഭ്യാസ സംവിധാനത്തിൽ സർക്കാരുകൾ ഗൗരവ ശ്രദ്ധ പുലർത്തണമെന്ന് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു.

To advertise here,

വിദ്യാഭ്യാസത്തിന്റെ ഗൗരവവും പ്രാധാന്യവും നഷ്ടപ്പെടാതിരിക്കാനും പരീക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കാനും ശ്രദ്ധ അനിവാര്യമാണ്. വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കാനും പരീക്ഷകളെ വില്പനച്ചരക്ക് ആക്കാനും ശ്രമിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ആവശ്യമായ ഘട്ടത്തിൽ വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച എല്ലാവരെയും ഇസ്‌ലാഹി സെന്റർ അഭിനന്ദിച്ചു.

മാനസിക സമ്മർദം കാരണം ജീവൻ പൊലിഞ്ഞ വിദ്യാർഥികൾക്കും സമരഭൂമിയിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികൾക്കും അർഹമായ നഷ്ടപരിഹാരം നൽകാനും ഉത്തരവാദിത്തപ്പെട്ടവർ സന്നദ്ധമാകണമെന്ന് ഇസ്‌ലാഹി സെന്റർ ആവശ്യപ്പെട്ടു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് ആധുനിക വിപണി സാധ്യതകൾക്കനുസൃതമായ സമഗ്ര പരിഷ്കാരങ്ങൾ നടപ്പിലാക്കണം. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് തൊഴിൽ ശേഷിയും സംരംഭകത്വ നൈപുണ്യവും ഉറപ്പാക്കുന്ന രീതിയിലേക്ക് പാഠ്യപദ്ധതി പുനഃക്രമീകരിക്കണം. സർവകലാശാലകൾക്ക് റാങ്കിങ് നൽകുമ്പോൾ ബിരുദധാരികളുടെ തൊഴിൽക്ഷമത കൂടി മാനദണ്ഡമാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.

രാജ്യത്തുനിന്ന് പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും ഉയർന്നുവരുന്നതിനായി ഗവേഷണ മേഖലയ്ക്ക് കൂടുതൽ ഫണ്ട് അനുവദിക്കണം. ബിരുദങ്ങൾ നൽകുന്നതിനപ്പുറം വിദ്യാർഥികളിൽ നൈപുണ്യം വളർത്തുന്ന തരത്തിൽ സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷം സർവകലാശാലകളിൽ ഒരുക്കണമെന്നും യോഗം സർക്കാരിനോട് അഭ്യർഥിച്ചു.

പ്രസിഡന്റ്‌ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് നല്ലളം, നിസാർ ചെട്ടിപടി, ഹമീദ് കല്ലിക്കണ്ടി, റിയാസ് വാണിമേൽ, മൊയ്‌ദീൻ ഷാ, നാസിറുദ്ദീൻ ചെമ്മാട്, അലി ചാലിക്കര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മുജീബ് മദനി, ഡോ.റസീൽ, മുഹമ്മദ്‌ ഷൗലി, നവീർ ഫാറൂഖി, അജ്മൽ ജൗഹർ, ശാഹുൽ നന്മണ്ട, ശനീജ് എടത്തനാട്ടുകര, അഹ്‌മദ്‌ മുസ്തഫ എന്നിവർ വിവിധ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.