ദോഹ: മലബാറിലെ പ്രവാസികളുടെ പ്രധാന ആശ്രയമായ കോഴിക്കോട് (കരിപ്പൂർ) വിമാനത്താവളത്തിൽ നിന്നുള്ള യാത്രാക്ലേശം അതീവ ഗുരുതരമാകുകയാണെന്നും വിവിധ ഗൾഫ് നഗരങ്ങളിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുകൾ ഇൻഡിഗോ എയർലൈൻസ് നിർത്തലാക്കിയതോടെ സാധാരണക്കാരായ പ്രവാസികളുടെ യാത്ര ദുരിതപൂർണമാകുകയാണെന്ന് പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

To advertise here,

സീസൺ സമയങ്ങളിലെ കൊള്ളനിരക്കിന് പിന്നാലെ, വിമാന സർവീസുകൾ കൂടി വെട്ടിക്കുറയ്ക്കുന്നത് പ്രവാസികളെ കടുത്ത പ്രതിസന്ധിയിലെത്തിക്കും. റമദാനും നാട്ടിലെ മധ്യവേനലവധിയും ഒക്കെ മുന്നിൽകണ്ട് വൻ ചാർജ് വർധനയാണ് ഇപ്പോൾ നടപ്പാക്കുന്നത്. വിമാനങ്ങളുടെ നേരിട്ടുള്ള സർവീസുകളുടെ എണ്ണം കുറക്കുന്നത് പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് മൂലം അവസാന നിമിഷം യാത്ര മുടങ്ങുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

യാത്രക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ പ്രവാസി വെൽഫെയർ ഖത്തർ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇത് പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാവണമെന്നും ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് റാസിഖ് നാരങ്ങോളി അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റുമാരായ ആരിഫ് വടകര, നജ്മൽ തുണ്ടിയിൽ, സക്കീന അബ്ദുല്ല, ജനറൽ സെക്രട്ടറി ബാസിം കൊടപ്പന തുടങ്ങിയവർ സംസാരിച്ചു.