മസ്‌കറ്റ്: പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനുമായി വ്യാപകമായി ഉപയോഗിക്കുന്ന ചില ജി.എൽ.പി-1 മരുന്നുകളും ടിർസെപറ്റൈഡും പെട്ടെന്നുള്ള കാഴ്ചനഷ്ടത്തിന് കാരണമാകുന്ന അപൂർവ്വ നേത്രരോഗത്തിന് ഇടയാക്കിയേക്കാമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ് സേഫ്റ്റി സെന്ററാണ് ഇതുസംബന്ധിച്ച ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. 2025/2026 വർഷങ്ങളിലെ സുരക്ഷാ വിവരങ്ങളും, 2026 നവംബർ 9-ന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പുറത്തുവിട്ട പുതിയ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ഈ നടപടി.
ഈ മരുന്നുകളുടെ ഉപയോഗം ഒപ്റ്റിക് നാഡിയെ ബാധിക്കുകയും പെട്ടെന്നുള്ള കാഴ്ചനഷ്ടത്തിന് കാരണമാവുകയും ചെയ്യുന്ന 'നോൺ-ആർട്ടെറിറ്റിക് ആന്റീരിയർ ഇസ്‌കെമിക് ഒപ്റ്റിക് ന്യൂറോപ്പതി' എന്ന അപൂർവ്വ രോഗാവസ്ഥയ്ക്കുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഈ മരുന്നുകൾ കഴിക്കുന്നവർക്ക് പെട്ടെന്ന് കാഴ്ച കുറയുകയോ, കാഴ്ച മങ്ങുകയോ, കാഴ്ചയിൽ കറുത്ത പാടുകൾ അനുഭവപ്പെടുകയോ, നിറങ്ങൾ തിരിച്ചറിയുന്നതിൽ മാറ്റമുണ്ടാവുകയോ ചെയ്താൽ ഉടൻ വൈദ്യസഹായം തേടണം. വേദനയില്ലെങ്കിൽ പോലും ഇത്തരം ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
സെമാഗ്ലൂറ്റൈഡ് (ഓസെംപിക്, റൈബെൽസസ്, വെഗോവി), ലിറാഗ്ലൂറ്റൈഡ് (സാക്‌സെൻഡ, വിക്ടോസ), ഡുലാഗ്ലൂറ്റൈഡ് (ട്രൂലിസിറ്റി), ടിർസെപറ്റൈഡ് (മൗഞ്ചാരോ, സെപ്ബൗണ്ട്) എന്നീ മരുന്നുകളാണ് മുന്നറിയിപ്പിന്റെ പരിധിയിൽ വരുന്നത്. ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്കും, അമിതവണ്ണമുള്ളവരിൽ ശരീരഭാരം നിയന്ത്രിക്കുന്നതിനുമാണ് ഇവ ഉപയോഗിക്കുന്നത്. ഡോക്ടറുടെ കൃത്യമായ മേൽനോട്ടത്തിൽ മാത്രമേ ഇവ ഉപയോഗിക്കാവൂ.
എന്നാൽ, ഡോക്ടറോട് ആലോചിക്കാതെ രോഗികൾ സ്വന്തം ഇഷ്ടപ്രകാരം മരുന്നുകൾ നിർത്തുകയോ അളവിൽ മാറ്റം വരുത്തുകയോ ചെയ്യരുതെന്ന് മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു. മരുന്നുകൾ മൂലമുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഡ്രഗ് സേഫ്റ്റി സെന്റർ (ഫാർമക്കോവിജിലൻസ് വിഭാഗം) വഴി രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും റിപ്പോർട്ട് ചെയ്യാവുന്നതാണ്.
Published: 20 Nov 2026, 12:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented