ബ്രാംപ്ടണ്‍, കാനഡ: ഭാരതത്തിന്റെ തനതു കലാരൂപങ്ങളുടെ നന്മ ലോകമെമ്പാടും പ്രചരിപ്പിക്കുക, കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന സദുദ്ദേശ്യത്തോടെ രൂപം കൊണ്ട സര്‍ഗം കലാവേദി എന്ന സംഘടനയുടെ ഉദ്ഘാടന പരിപാടികള്‍ കാനഡയിലെ ബ്രാംപ്ടണ്‍ ത്രിവേണി മന്ദിരത്തിലെ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു, ബ്രഹ്‌മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യ പ്രഭാഷണം നടത്തി.

To advertise here,

ഭാരതീയ കലാരൂപങ്ങളെ നെഞ്ചിലേറ്റുന്ന ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ്മ എന്നതിലുപരി അതിര്‍വരമ്പുകളില്ലാത്ത മാനുഷിക ധര്‍മ്മങ്ങളുടെ മികച്ച മാതൃകയായ ഈ കൂട്ടായ്മയുടെ ഉദ്ഘാടന പരിപാടികളില്‍ സര്‍ഗം കലാവേദി പ്രസിഡന്റ് ജയപാല്‍ കൂടത്തില്‍ അധ്യക്ഷത വഹിച്ചു. മുഖ്യ സ്‌പോണ്‍സറായ ജിഷ തോട്ടം (റീമാക്‌സ് റിയല്‍ എസ്റ്റേറ്റ്) സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേര്‍ന്നു, സൂര്യ രവീന്ദ്രന്‍ നന്ദി പ്രസംഗവും നടത്തി.

അമുത ജയപാല്‍, ശ്രേയ എലിസബത്ത്, വര്‍ണ ശിവകുമാര്‍, വിഭ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍ഗം കലാവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കാഴ്ചവയ്ക്കപ്പെട്ട ഭരതനാട്യം, ഡാന്‍ഡിയ നൃത്തം, ലളിതസംഗീതങ്ങള്‍, ശാസ്ത്രീയ സംഗീത കച്ചേരി, വാദ്യഉപകരണ സംഗീതങ്ങള്‍ തുടങ്ങിയ കലാപ്രകടനങ്ങള്‍ ആസ്വാദകര്‍ക്ക് ഒരു നല്ല ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി, മൂന്നുമണിക്കൂര്‍ നീണ്ടു നിന്ന ഉദ്ഘാടന പരിപാടികള്‍ ഡിന്നറോടു കൂടി സമാപിച്ചു. ദിനേശ്, ക്രിഷ് നായക് എന്നിവരും സഹസ്പോണ്‍സര്‍മാര്‍ ആയിരുന്നു. പരിപാടി വന്‍വിജയമാക്കുവാന്‍ സഹായിച്ച എല്ലാവര്‍ക്കും സൂര്യ രവീന്ദ്രന്‍ നന്ദി അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള