ഫീനിക്‌സ്: ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച ആത്മനിര്‍വൃതിയില്‍ മനസ് നിറഞ്ഞ് ആരിസോണയിലെ ഭക്തര്‍. കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ (കെ.എച്ച്.എ.) നേതൃത്വത്തില്‍ ആറ്റുകാല്‍ പൊങ്കാല ആഘോഷം വിപുലമായ ചടങ്ങുകളോടെ നടന്നു. മഹാഗണപതി ക്ഷേത്രാങ്കണത്തില്‍ നടന്ന പൊങ്കാല ചടങ്ങുകളില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ നിവേദ്യം അര്‍പ്പിച്ചു.

To advertise here,

അരിസോണയില്‍നിന്നും അടുത്തുള്ള സംസ്ഥാനത്തു നിന്നുമായി നിരവധി ഭക്തര്‍ ഇക്കുറിയും പൊങ്കാല ചടങ്ങുകളില്‍ പങ്കെടുത്തു. രാവിലെ 7 മണിക്ക് മഹാഗണപതി ഹോമത്തിനു ശേഷം നടന്ന ശുദ്ധപുണ്യാഹത്തോടെ ഈ വര്‍ഷത്തെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായി. പൊങ്കാല ഉത്സവത്തോടനുബന്ധമായി വൃക്ഷപൂജ, നാഗപൂജ, ദേവിപൂജ, എന്നീ ചടങ്ങുകള്‍ നടന്നു.

രാവിലെ 9 മണിയോടുകൂടി ക്ഷേത്രശ്രീകോവിലില്‍ നിന്നു പകര്‍ന്ന ദീപത്തില്‍ നിന്നും താലപ്പൊലിയുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മേല്‍ശാന്തി ജായന്തേശ്വരന്‍ ഭട്ടര്‍ ക്ഷേത്രനടയില്‍ തയ്യാറാക്കിയ പണ്ടാരഅടുപ്പില്‍ അഗ്‌നി പകര്‍ന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. ലളിതാസഹസ്രനാമത്തിന്റെയും, വായ്കുരവയുടെയും, മന്ത്രോച്ചാരങ്ങളാലും മുഖരിതമായ അന്തരീക്ഷത്തില്‍ പണ്ടാര അടുപ്പില്‍ അഗ്‌നിപടര്‍ത്തുന്ന കാഴ്ച ഭക്തമനസ്സുകളെ ആവേശത്തിലാഴ്ത്തി. പണ്ടാര അടുപ്പില്‍ നിന്നും കമ്മറ്റി ഭാരവാഹികള്‍ വലിയ പന്തത്തില്‍ ക്ഷേത്ര പരിസരത്തെ അടുപ്പുകളിലേക്ക് അഗ്‌നി പടര്‍ത്തിയതോടുകൂടി ഭക്തമനസ്സിനൊപ്പം ക്ഷേത്ര പരിസരവും അഗ്‌നിയെ ഏറ്റുവാങ്ങി. പൊങ്കാലയില്‍ വെള്ളപായസം, ശര്‍ക്കര പായസം, തെരളി എന്നിവയാണ് ഭക്തര്‍ നിവേദ്യമായി തയ്യാറാക്കിയത്. 

ഉച്ചക്ക് 12 മണിക്ക് പൊങ്കാല തളിക്കല്‍ ചടങ്ങുകള്‍ നടന്നു. ഭക്തര്‍ക്കായി വിപുലമായ പൊങ്കാല സദ്യ സംഘാടകര്‍ ഒരുക്കിയിരുന്നു. ഈ വര്‍ഷത്തെ പൊങ്കാല ചടങ്ങുകള്‍ക്ക് നീതു കിരണ്‍, കിരണ്‍ മോഹന്‍, നിധിന ധനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തയും ഫോട്ടോയും : മനു നായര്‍