അഡിസ് അബാബ : എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭയുടെ ചരിത്രപ്രസിദ്ധമായ സ്ലീബാപെരുന്നാളിൽ (മെസ്ക്കൽ ഫെസ്റ്റിവൽ) മുഖ്യ അതിഥിയായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. എത്യോപ്യൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ അബൂനാ മത്ഥ്യാസ് പാത്രിയർക്കീസിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. ഇരുസഭാതലവൻമാരും ചേർന്ന് സ്ലീബാപെരുന്നാളിന്റെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ഇന്ത്യയും എത്യോപ്യയും ഭൂമിശാസ്ത്രപരമായി അകലെയാണെങ്കിലും ഇരു സഭകളും തമ്മിൽ ആത്മീയമായി വളരെ അടുപ്പമുണ്ടെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യസന്ദേശത്തിൽ പറഞ്ഞു. ഓറിയന്റൽ ഓർത്തഡോക്സ് സഭാ കുടുംബത്തിലെ സഹോദരി സഭകളായ എത്യോപ്യൻ - ഇന്ത്യൻ ഓർത്തഡോക്സ് സഭകൾ അപ്പോസ്തോലിക വിശ്വാസത്തിലും, പ്രാർത്ഥനയിലും, ക്രിസ്തുവിന്റെ ക്രൂശിലും അധിഷ്ഠിതമായ ആത്മീയ പൈതൃകം പങ്കിടുന്ന സഭകളാണ്. 1965-ൽ അഡിസ് അബാബയിൽ നടന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരുടെ സമ്മേളനം ഇരു സഭകളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന നാഴികക്കല്ലാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലെ മെസ്ക്കൽ സ്ക്വയറിൽ നടന്ന ചടങ്ങിൽ സർക്കാർ പ്രതിനിധികൾ, മെത്രാപ്പോലീത്താമാർ, വൈദികർ, സന്യസ്തർ എന്നിവർക്ക് പുറമേ ലക്ഷക്കണക്കിന് വിശ്വാസികളും പങ്കെടുത്തു. മലങ്കരസഭയെ പ്രതിനിധീകരിച്ച് മെത്രാപ്പോലീത്താമാരായ അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, നാഗ്പൂർ
വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോസി ജേക്കബ്, എക്യൂമെനിക്കൽ റിലേഷൻസ് സെക്രട്ടറി ഫാ.അശ്വിൻ ഫെർണാണ്ടസ്, പരിശുദ്ധ കാതോലിക്കാ ബാവായുടെ സെക്രട്ടറി ഫാ.ഗീവർഗീസ് ജോൺസൺ, സഭാ വർക്കിംഗ് കമ്മിറ്റി അംഗം ജേക്കബ് മാത്യു, ജോജോ പി ജോൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ആത്മീയ ആരാധനയ്ക്കൊപ്പം എത്യോപ്യയുടെ സാസ്ക്കാരിക തനിമയും വിളിച്ചോതുന്ന സ്ലീബാപെരുന്നാൾ ( മെസ്ക്കൽ) യുനെസ്ക്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആഘോഷമാണ്. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മാതാവായ ഹെലനി രാജ്ഞി യേശുക്രിസ്തുവിനെ ക്രൂശിച്ച കുരിശ് കണ്ടെത്തിയതിന്റെ ഓർമ്മയാണ് സ്ലീബാ പെരുന്നാളായി ആഘോഷിക്കുന്നത്. പെരുന്നാളിനെ തുടർന്ന് ബോലെ മെദ്ഹാനയാലേം കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയിലും പരിശുദ്ധ കാതോലിക്കാ ബാവാ സംബന്ധിച്ചു. 4 ദിവസത്തെ ശ്ലൈഹിക സന്ദർശനത്തിന് പൂർത്തിയാക്കി മലങ്കരസഭാധ്യക്ഷൻ ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും
Content Highlights: Malankara Catholicos participated as the chief guest at the historic Meskel Festival in Ethiopia., The visit was upon the invitation of Ethiopian Orthodox Church head Abuna Mathias., Both leaders emphasized the spiritual bond and apostolic heritage between the Indian and Ethiopian Orthodox churches., The 4-day apostolic visit also included Holy Qurbana at Bole Medhane Alem Cathedral.
Published: 28 Sept 2026, 11:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented