ബാക്കു: 2021, 2022 വര്‍ഷങ്ങളിലെ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2021 ലെ പുരസ്‌കാരങ്ങള്‍ യു എ ഇ യിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. സതീഷ് കൃഷ്ണന്‍, എഴുത്തുകാരനും ഡാര്‍ക്ക് ടൂറിസ്റ്റും ബഹ്‌റൈന്‍ നഗരാസൂത്രണ മന്ത്രാലയത്തിലെ ടെക്‌നിക്കല്‍ അഡൈ്വസറുമായ സജി മാര്‍ക്കോസ്, ഗോവയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ.സൂസന്‍ ജോസഫ്, നോര്‍വേയിലെ അജിലിറ്റി സബ്സീ ഫാബ്രിക്കേഷന്‍ വൈസ് പ്രസിഡന്റ് ഡോ.എബ്ജിന്‍ ജോണ്‍ എന്നിവര്‍ക്ക് സമ്മാനിക്കും. 2022 ലെ പുരസ്‌കാരങ്ങള്‍ക്ക് അമേരിക്കയിലെ ഫൊക്കാനയുടെ മുന്‍ ചെയര്‍മാനും ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിന്‍ പ്രസിഡന്റുമായ കെ ജി മന്മഥന്‍ നായര്‍, സൗദി അറേബ്യയയിലെ ടട്രഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സിഇഒ മൂസ കോയ, അസര്‍ബൈജാനിലെ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകനുമായ ജേക്കബ് മാത്യു ഐക്കര, ബെംഗളൂരുവിലെ മലയാളി സംരംഭമായ ടെന്‍ടാക്കിള്‍ ഏയ്‌റോലോജിസ്റ്റിക്‌സ്, ഫ്രാന്‍സിലെ മലയാളി കൂട്ടായ്മയായ സമ ഫ്രാന്‍സും തിരഞ്ഞെടുക്കപ്പെട്ടു.

To advertise here,

നവംബര്‍ 20 ഞായറാഴ്ച വൈകുന്നേരം 7 ന് അസര്‍ബൈജാനിലെ ബാക്കു ഹയാത്ത് റീജന്‍സി ഹോട്ടലില്‍ നടക്കുന്ന 16-ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരദാന ചടങ്ങില്‍ 2021 ലെ ഗര്‍ഷോം പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ചടങ്ങില്‍ അസര്‍ബൈജാന്‍  ഇന്ത്യ റിലേഷന്‍ഷിപ്പ് ചെയര്‍മാന്‍ നഗിഫ് ഹംസയേവ് എം.പി, പ്രൊഫ. റുഫാത് ഗുലിയേവ് എം.പി, മൊറോക്കോ അംബാസിഡര്‍ മൊഹമ്മദ് ആദില്‍ എമ്പാഷ്, ബാക്കുവിലെ ഇന്ത്യന്‍ എംബസി അംബാസിഡര്‍ ഇന്‍-ചാര്‍ജ് വിനയ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം നടക്കേണ്ടിയിരുന്ന 2021 ലെ പുരസ്‌കാരദാനച്ചടങ്ങു മാറ്റിവച്ചത്.

2022 ലെ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ നവംബര്‍ 22 ചൊവ്വാഴ്ച വൈകുന്നേരം 7 ന് ബാക്കുവിലെ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലില്‍ നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കുന്നത്. പുരസ്‌കാരദാന ചടങ്ങില്‍ അസര്‍ബൈജാന്‍ പാര്‍ലമെന്റ് അംഗം റാസി നുറുല്ലയെവ്, ഇസ്രായേല്‍ അംബാസിഡര്‍ ജോര്‍ജ് ഡീക്, ക്രൊയേഷ്യ അംബാസിഡര്‍ ബ്രാങ്കോ സെബിക്, ഇന്ത്യന്‍ എംബസിയി കള്‍ച്ചറല്‍ സെക്രട്ടറി അജയ് കുമാര്‍ പാണ്ഡേ എന്നിവര്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന മലയാളികളടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബെംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്. ഇന്ത്യ, ജപ്പാന്‍, മലേഷ്യ, കുവൈറ്റ്, യു എ ഇ, നോര്‍വേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങള്‍ മുന്‍ ഗര്‍ഷോം പുരസ്‌കാര ദാനച്ചടങ്ങുകള്‍ക്ക് ആതിഥ്യമരുളിയിട്ടുണ്ട്.