വിയന്ന: ഓസ്ട്രിയയിലെ ക്നാനായ സമൂഹത്തിൻ്റെ ഈസ്റ്റർ ആഘോഷം വിയന്നയിലെ പുരാതനമായ ആൾട്മാൻസ്ഡോർഫെർ ദേവാലയ ഹാളിൽ ആഘോഷിച്ചു. സ്നേഹവും, സാഹോദര്യവും, സമുദായത്തനിമയും പങ്കുവെച്ചു സംഘടിപ്പിച്ച ആഘോഷം ഓസ്ട്രിയയിൽ ജീവിക്കുന്ന, ക്നാനായ കുടുബങ്ങളുടെ സംഗമം കൂടിയായി.
ജർമനിയിൽനിന്നും, സ്വിറ്റ്സർലണ്ടിൽനിന്നും, നോർവെയിൽ നിന്നും എത്തിയ ക്നാനായ കുടുംബങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു. വിയന്നയിൽ സേവനത്തിനായി എത്തിയ സി. നോയൽ അത്താണിക്കലിനെ (SRA- Missionary Sisters of the Queen of the Apostles) ക്നാനായ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു.
ഈസ്റ്റർ പ്രത്യാശയുടെയും, പ്രതീക്ഷയുടെയും ഓർമ്മപ്പെടുത്തൽ തിരുനാൾ ആണെന്നും, പ്രശ്നങ്ങളില്ലാത്തവരല്ല ജീവിതത്തിൽ വിജയിച്ചവർ, മറിച്ച്, പ്രശ്നങ്ങളെ അതിജീവിച്ചവരാണെന്നും, യേശുവിൻ്റെ പ്രകാശത്തിൽ ജീവിക്കാനും, ചിന്തിക്കാനും, പ്രവർത്തിക്കാനും സാധിക്കട്ടെ എന്നും വിശിഷ്ട അതിഥിയായി പങ്കെടുത്ത സി. നോയൽ ആശംസിച്ചു.
യേശു ഉയിർത്തെഴുന്നേറ്റുവെന്നും, യേശു ജീവിച്ചിരിക്കുന്നുവെന്നും സ്വന്തം ജീവിതത്തിലൂടെ ലോകത്തോട് പ്രഖ്യാപിക്കാനും, അതിന് സാക്ഷ്യം നൽകാനും ഓരോരുത്തർക്കും സാധിക്കട്ടെയെന്നും ഈസ്റ്റർ സന്ദേശത്തിൽ കപ്ലാൻ ഫാദർ ഡിൻടോ ജോസ് പ്ലാക്കൽ പറഞ്ഞു.
വിയന്നയിൽ വർഷങ്ങൾക്കു മുമ്പേ എത്തിയ മാതാപിതാക്കളുടെയും, ക്നാനായ പൂർവികരുടെയും, അധ്വാനത്തിന്റെയും വിയർപ്പിന്റെയും വിലയാണ് പുതിയ തലമുറ അനുഭവിക്കുന്ന സമൃദ്ധിയും, സ്നേഹകൂട്ടായ്മയും വെളിപ്പെടുത്തതെന്നു യുവജനങ്ങൾക്കുവേണ്ടി സ്റ്റീന വടക്കുംചേരിയും, മാതൃകാപരമായി തങ്ങളെ വളർത്തി പരിപാലിക്കുന്ന എല്ലാ മതാപിതാക്കൾക്കും, മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കും സമാധാനവും ഐശ്വര്യവും നേർന്നുകൊണ്ട് ക്നാനായ ക്ലബ്ബിലെ കൊച്ചുമക്കളും ആശംസകൾ അറിയിച്ചു.
യുവജനങ്ങളും കിഡ്സ് ക്ലബ് കുരുന്നുകളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും, പഴംപാട്ടിൻ്റെ ഈരടികൾകൊണ്ടും ആവേശം നിറഞ്ഞ സ്നേഹ കൂട്ടായ്മയിൽ കലാപരിപാടിയിൽ പങ്കെടുത്തവർക്കും മത്സരഇനങ്ങളിൽ ജയിച്ചവർക്കും സമ്മാനം നൽകി. യുവജന വിഭാഗം അവതരിപ്പിച്ച റീമിക്സ് നൃത്തം ഏറെ ശ്രദ്ധേയമായി. ആഘോഷ പരിപാടികൾ വിജയിപ്പിക്കാൻ 2023-ലെ സെന്റ് കുര്യാക്കോസ് ടീമിന്റെ ശ്രമം അഭിനന്ദനാർഹമായി.
ഈസ്റ്റർ ദിനത്തിൽ ഒത്തുകൂടിയ എല്ലാവർക്കും ഓസ്ട്രിയയിലെ ക്നാനായ കത്തോലിക് കമ്മ്യൂണിറ്റിയുടെ (AKCC) പ്രസിഡൻ്റ് എബ്രഹാം കുരുട്ടപറമ്പിൽ സ്വാഗതവും ആശംസിച്ചു. സെക്രട്ടറി നദീന പുത്തൻപുരയിൽ കോറുമഠം നന്ദി രേഖപ്പെടുത്തി. ജോനാ തറമംഗലവും, നിഖിത ഇടപ്പള്ളിചിറയിലും ചടങ്ങിൻ്റെ അവതാരകരായിരുന്നു. സ്‌നേഹവിരുന്നോടെ ചടങ്ങുകൾ അവസാനിപ്പിച്ചു.
വാർത്ത: ജോബി ആന്റണി
Content Highlights: Easter celebration, AKCC
Published: 14 Apr 2023, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented