ഹൂസ്റ്റൺ: ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ഹൂസ്റ്റണിൽ നടക്കുന്ന ഫോമാ ഇന്റർനാഷണൽ കൺവെൻഷന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നിന് (ശനിയാഴ്ച) രാവിലെ 8.00 മുതൽ 11.00 വരെ വിപുലമായ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നു. ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, ആരോഗ്യബോധവൽക്കരണം എന്നിവ ലക്ഷ്യമിട്ട് എല്ലാ പ്രായത്തിലുമുള്ളവർക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് പരിപാടി.

To advertise here,

ഹ്യൂസ്റ്റണിലെ ആരോഗ്യ-മാധ്യമ രംഗങ്ങളിൽ സജീവ സാന്നിധ്യവും മികച്ച സംഘാടകയുമായ ഡോ. റെയ്ന റോക്ക് ചെയർപേഴ്‌സണായ മെഡിക്കൽ സെഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നത്. ഹെൽത്ത് ഫെയറിന്റെ ഭാഗമായി രക്തദാന ക്യാമ്പും ബ്ലഡ് സ്റ്റം സെൽ രജിസ്‌ട്രേഷൻ ഡ്രൈവും സംഘടിപ്പിക്കും.

പൊതുജനങ്ങൾക്കായി വിവിധ ആരോഗ്യ വിദ്യാഭ്യാസ സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി സി.പി.ആർ. പരിശീലനം, പ്രമേഹവും ഹൃദയാരോഗ്യവും സംബന്ധിച്ച ബോധവൽക്കരണം, പകർച്ചവ്യാധികളെക്കുറിച്ചുള്ള അവബോധം, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള നിർദേശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഹെൽത്ത് ടോക്കുകളിൽ കാൻസർ പ്രതിരോധം, സ്‌ട്രോക്ക് അവബോധം, മാനസികാരോഗ്യം, കുട്ടികളുടെ ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും സംവാദങ്ങളും നടക്കും.

ആരോഗ്യം വ്യക്തിയുടെ മാത്രം ഉത്തരവാദിത്വമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഫോമാ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നത്. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരൻ, കൺവെൻഷൻ ജനറൽ കൺവീനർ, ഷാജി എഡ്വേർഡ്, നാഷനൽ കമ്മിറ്റി അംഗം രാജൻ യോഹന്നാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒട്ടേറെ കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്.

 

വാർത്ത അയച്ചത്: ജീമോൻ റാന്നി