ഡാലസ്: ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ യുവജന പ്രസ്ഥാനം (OCYM) സിൽവർ ജൂബിലി ആഘോഷങ്ങൾ വെറും ആഘോഷമായി മാത്രം നടത്താതെ സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുകയാണ്. അതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പ്രോജക്റ്റ് ബ്ലെസ് ഹോം ഭവനനിർമ്മാണ പദ്ധതി കേരളത്തിൽ കരുണയുടെയും സഹാനുഭൂതിയുടെയും ഉജ്ജ്വല മാതൃകയായി മാറിയിരിക്കുകയാണ്. സമൂഹത്തിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് ഒരു താമസസ്ഥലം മാത്രം അല്ല, ആത്മവിശ്വാസത്തോടെയും മാന്യതയോടെയും ജീവിക്കാനുള്ള സുരക്ഷിതമായൊരു ഭവനം സമ്മാനിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം ഇതിനോടകം തന്നെ വലിയ സ്വീകാര്യതയും അഭിനന്ദനവും നേടി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് വീടുകളുടെ നിർമ്മാണമാണ് പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനകം രണ്ട് വീടുകളുടെ താക്കോൽദാനച്ചടങ്ങുകൾ വിജയകരമായി പൂർത്തിയായി. കടമ്പനാട് പ്രദേശത്ത് ഫാ.രഞ്ജു പി. കോശി അച്ചൻ സിബി എബ്രഹാമിന് പൂർത്തിയായ വീടിന്റെ താക്കോൽ കൈമാറി. അതുപോലെ, ചെങ്ങന്നൂർ നഗരത്തിൽ. ഫാ.വിമൽ മാമൻ ചെറിയാൻ അച്ചൻ പി.പി. നടേശന് പുതിയ ഭവനത്തിന്റെ താക്കോൽ നൽകി അനുഗ്രഹിച്ചു. ഈ ചടങ്ങുകൾ പ്രദേശവാസികൾക്കും വിശ്വാസികൾക്കും ആത്മീയമായും സാമൂഹികമായും ഏറെ ഉണർവും പ്രചോദനവും നൽകുന്ന സ്മരണീയമായ അവസരമായി മാറി.
മൂന്നാമത്തെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇടുക്കി ജില്ലയിലെ മുങ്ങിയരിമയിൽ പുരോഗമിക്കുമ്പോൾ, നാലാമത്തെ വീടിന്റെ പണികൾ അടൂർ വെള്ളാംകുളംകര പ്രദേശത്ത് സജീവമായി നടക്കുന്നു. ഗുണമേന്മയും സുതാര്യതയും ഉറപ്പാക്കിക്കൊണ്ട്, സമയബന്ധിതമായി എല്ലാ വീടുകളും പൂർത്തിയാക്കി അർഹരായ കുടുംബങ്ങൾക്ക് കൈമാറാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
2024-ൽ രൂപീകൃതമായ സിൽവർ ജൂബിലി കമ്മിറ്റിയാണ് ഈ മഹത്തായ ഭവനനിർമ്മാണ സംരംഭത്തിന് നേതൃത്വം നൽകുന്നത്. സി.ജി.തോമസ് കോർ-എപിസ്‌കോപ്പാ, ഫാ. ബിനോയ് ജോർജ്, ഫാ. ഡിജു സ്‌കറിയ, ഫാ. ചാക്കോ ഐസക് എന്നിവർ ആത്മീയ മേൽനോട്ടം വഹിക്കുന്നതിനൊപ്പം, ജൂബിലി കമ്മിറ്റി കൺവീനർ ബിജു പൗലോസ്, ഷിജോ തോമസ്, ഷൈനു മാത്യു, ജോബി ജേക്കബ്, ബീന ഷിബു, രാജീവ് അനുപ്, അനീഷ ജേക്കബ് എന്നിവരുടെ പ്രവർത്തനസഹകരണവും ഇടവകാംഗങ്ങളുടെ ഉദാരമായ പിന്തുണയും പദ്ധതിയുടെ വിജയത്തിന് അടിസ്ഥാനം ആയി. ഇടവകാംഗങ്ങൾ സാമ്പത്തികമായും പ്രാർത്ഥനാപൂർവ്വമായും നൽകിയ പിന്തുണ ഈ സംരംഭത്തെ കൂടുതൽ ശക്തമാക്കി.
സിൽവർ ജൂബിലിയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെടുന്ന സുവനീറിന് പ്രിൻസ് എബ്രഹാം, സുനി എബ്രഹാം എന്നിവർ നേതൃത്വം നൽകുന്നു. എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണത്തിലും ഏകോപനത്തിലും ജൂബിലി ആഘോഷങ്ങൾ ആത്മീയതയും സാമൂഹിക ഉത്തരവാദിത്വവും സമന്വയിപ്പിക്കുന്ന ഒരു അവിസ്മരണീയമായ പ്രസ്ഥാനമായി മാറുകയാണ്.
വാർത്തയും ഫോട്ടോയും : ജിനു കുര്യൻ
Content Highlights: Dallas St. Mary`s Orthodox Church OCYM`s Silver Jubilee `Project Bless Home` provides safe, dignified housing for 4 Kerala families. See the impact
Published: 20 Feb 2026, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented