ന്യൂജേഴ്സി: ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഉണര്‍വ് നല്‍കി, 'അത്യുന്നതാ!' എന്ന ക്രിസ്മസ് കരോള്‍ ശ്രദ്ധ നേടിവരുന്നു. യുണൈറ്റഡ് കിങ്ഡത്തിലെ ചെല്‍മ്‌സ്‌ഫോര്‍ഡ് മലയാളി കൂട്ടായ്മയാണ് ഈ ശ്രദ്ധേയമായ സംഗീതശില്പത്തിന് പിന്നില്‍. പരമ്പരാഗത കരോള്‍ രീതികളെ പരിഷ്‌കരിച്ചുകൊണ്ട്, ആധുനിക സംഗീതത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി രൂപകല്‍പന ചെയ്ത ഈ ഗാനം, ഈ വര്‍ഷത്തെ ആധുനിക ക്രിസ്മസ് ആന്തം എന്ന നിലയില്‍ വേറിട്ടു നില്‍ക്കുന്നു.

To advertise here,

ഗായകന്‍ കെ.ജി. മാര്‍ക്കോസിന്റെ ശബ്ദമാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചത് പ്രിന്‍സ് മാത്യുവാണ്. സൗത്ത് ഇന്ത്യന്‍ സിനിമ & ടെലിവിഷന്‍ അക്കാദമിയുടെ ബെസ്റ്റ് ഡയറക്ടര്‍ അവാര്‍ഡ് നേടിയ മധു ബാലകൃഷ്ണന്‍ ആലപിച്ച 'നീ എന്ന പൊരുള്‍' എന്ന ഗാനത്തിന്റെ സൃഷ്ടികര്‍ത്താവ് കൂടിയാണ് അദ്ദേഹം. പിറവത്തുനിന്നുള്ള ലിജോ മാലിയേക്കലും അനു പൊന്നത്തും ചേര്‍ന്നാണ് ഓര്‍ക്കസ്ട്രേഷന്‍ ഒരുക്കിയിരിക്കുന്നത്.

ക്രിസ്മസ് ആഘോഷത്തിന്റെ ആഴത്തിലുള്ള ചൈതന്യം ഒട്ടും ചോരാതെയാണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം. ചെല്‍മ്‌സ്‌ഫോര്‍ഡിലെ മലയാളി കുടുംബാംഗങ്ങളാണ് ഈ ദൃശ്യങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പ്രായത്തിലുമുള്ളവരുടെ തന്മയത്വമായ പ്രകടനം ഈ ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ ജീവന്‍ നല്‍കുന്നു. ഗാനത്തിന്റെ കോറസ് ആലാപനവും ചെല്‍മ്‌സ്‌ഫോര്‍ഡിലെ ഗായകരാണ് നിര്‍വഹിച്ചത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയതും എഡിറ്റ് ചെയ്തതും ജസ്റ്റിന്‍ (Beyond the border) ആണ്. അദ്ദേഹത്തിന്റെ ഉയര്‍ന്ന സാങ്കേതിക മികവ് ഗാനത്തിന്റെ ദൃശ്യാനുഭൂതിയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു.

ക്രിസ്മസ്-പുതുവത്സര പരിപാടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഗാനത്തിന്റെ കരോക്കെ പതിപ്പും ഇപ്പോള്‍ ലഭ്യമാണ്.