ഡബ്ലിന്‍: അയര്‍ലന്‍ഡ് അണ്ടര്‍ 15 ടീമിലേക്ക് ഇത്തവണ രണ്ടു മലയാളികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ആഡംസ്ടൗണ്‍ ക്രിക്കറ്റ് ക്ലബിന്റെ ശ്രാവണ്‍ ബിജു, ഫിനിക്സ് ക്രിക്കറ്റ് ക്ലബിന്റെ ആദില്‍ നൈസാം എന്നിവരാണ് അയര്‍ലന്‍ഡ് മലയാളികള്‍ക്ക്  അഭിമാനമായി ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്.

To advertise here,

ഡബ്ലിന്‍ സാഗര്‍ട്ടില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ ബിജുവിന്റെയും ദീപ്തിയുടെയും മകനായ ശ്രാവണ്‍ 2024 ലെ ലിന്‍സ്റ്ററിലെ മികച്ച ഫാസ്റ്റ് ബൗളര്‍ അവാര്‍ഡ് ജേതാവ് കൂടിയാണ്.

ഡബ്ലിനിലെ സാഗര്‍ട്ട് സിപി ഫോള സ്‌കൂളിലെ സെക്കന്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍ സിദ്ധാര്‍ഥ് ബിജു അയര്‍ലന്‍ഡ് ടീമില്‍ ഇടം നേടിയ ആദ്യ മലയാളിയായിരുന്നു.

ഡബ്ലിനിലെ ഫിന്‍ഗ്ലസില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ കുന്നില്‍ പള്ളിക്കല്‍ നൈസാമിന്റെയും തോന്നക്കല്‍ പുതുവല്‍വിള പുത്തന്‍വീട്ടില്‍ സുനിത ബീഗത്തിന്റെയും മകനായ ആദില്‍ ഡബ്ലിനിലെ ബെല്‍വിഡിറി കോളേജിലെ ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥിയും 2023 ലെ ലിന്‍സ്റ്ററിലെ മികച്ച ഫാസ്റ്റ് ബോളര്‍ അവാര്‍ഡ് ജേതാവും കൂടിയാണ്.

മികച്ച ഓള്‍ റൗണ്ടര്‍മാരായ ഇരുവരും ഓഗസ്റ്റ് നാല് മുതല്‍ സ്‌കോട്ട്ലന്‍ഡിലെ ഡംഫ്രിസില്‍ നടക്കുന്ന കെല്‍ട്ടിക് കപ്പിലും തുടര്‍ന്ന് ഓഗസ്റ്റ് 11 മുതല്‍ ഇംഗ്ലണ്ടിലെ ബര്‍ണാഡ് കാസില്‍ ക്രിക്കറ്റ് ഫെസ്റ്റിവലിലും പങ്കെടുക്കുന്ന അയര്‍ലന്‍ഡ് ടീമിനെ പ്രതിനിധീകരിക്കും.