അബുദാബി: ഞായറാഴ്ച അബുദാബി-ദുബായ് റോഡിലുണ്ടായ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെ അഞ്ചാമത്തെ മകൾ ഇസ്സ ലത്തീഫ് (10) ആശുപത്രി വിട്ടു. പെൺകുട്ടി പരിക്കുകളിൽനിന്ന് സുഖം പ്രാപിച്ചതായും ഇപ്പോൾ അബുദാബിയിലെ ഒരു ബന്ധുവിനൊപ്പം താമസിക്കുന്നതായും സാമൂഹിക പ്രവർത്തകർ അറിയിച്ചു.

To advertise here,

കുട്ടികളുടെ മാതാവ് വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാന ഇപ്പോഴും ചികിത്സയിലാണ്. ലത്തീഫ് പരിക്കുകൾ ഭേദപ്പെട്ട് ഡിസ്ചാർജായെങ്കിലും ഭാര്യയുടെ അരികിൽതന്നെയാണ്. ഇവരുടെ മറ്റു നാലുമക്കളെയും കഴിഞ്ഞ ചൊവ്വാഴ്ച ദുബായ് സോനാപുരിൽ കബറടക്കിയിരുന്നു.

അവധിദിവസം ഹത്തയിൽ ക്യാമ്പിങ്ങിനായി ഇറങ്ങിയ കുടുംബമാണ് അവസാനനിമിഷം തീരുമാനം മാറ്റി ലിവ ഫെസ്റ്റിവൽ കാണാൻ പുറപ്പെട്ടത്. ഹത്തയിൽ ടെന്റും കെട്ടിയൊരുക്കിയിരുന്നു. എന്നാൽ, കുട്ടികളുടെ അഭ്യർഥന പ്രകാരം ലിവയിൽ വാരാന്ത്യം ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ കുട്ടികളെ സന്തോഷിപ്പിക്കാനെടുത്ത തീരുമാനമായിരുന്നു അത്. ലിവയിലെ ആഘോഷം കണ്ട് മടങ്ങുന്നതിനിടെ ഞായറാഴ്ച പുലർച്ചെ നാല് മണിക്കാണ് അപകടമുണ്ടായത്.

അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും തീരാനോവായി അവശേഷിക്കുകയാണ് ഈ കുടുംബം. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഇപ്പോഴും ആശ്വാസമായി ഈ കുടുംബത്തിനൊപ്പമുണ്ട്. എല്ലാവേളയിലും യുഎഇ അധികൃതർ കുടുംബത്തിനു വേണ്ട എല്ലാ പിന്തുണയും നൽകിയിരുന്നതായും ചികിത്സക്കും രേഖകൾ തയ്യാറാക്കുന്നതിലും രാപകലില്ലാതെ എല്ലാ സഹായവും ചെയ്തതായും സാമൂഹിക പ്രവർത്തകർ വ്യക്തമാക്കി. റാസൽഖൈമ വിസയിലായിരുന്ന കുടുംബത്തിന് പ്രത്യേക അഭ്യർഥനയെതുടർന്ന് നാല് മക്കളെയും ദുബായിൽത്തന്നെ കബറടക്കാൻ അനുമതി നൽകുകയായിരുന്നു.