മദീന: മദീനയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച ഹാദിയ ഫാത്തിമ (10)യുടെ മൃതദേഹം സംസ്‌കരിച്ചു. മദീനയിലെ ജന്നത്തുൽ ബഖീഹ് ഇൽ വ്യാഴാഴ്ച രാവിലെയാണ് ഖബറടം നടത്തിയത്. മലയാളികളടക്കം നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.

To advertise here,

കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ജിദ്ദയിൽനിന്ന് മദീനയിലേക്ക് പോകവേ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. മഞ്ചേരി വെള്ളില സ്വദേശി അബ്ദുൾ ജലീൽ (52), ഭാര്യ തസ്‌നി തോടേങ്ങൽ (40), മകൻ ആദിൽ (13), ജലീലിന്റെ മാതാവ് മൈമൂനത്ത് കക്കേങ്ങൽ എന്നിവർ അപകടത്തിൽ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ ഖബടക്കം മദീനയിലെ ജന്നത്തുൽ ബഖീഹ്ഇൽ നടത്തിയിരുന്നു. പത്തുവയസ്സുകാരി ഹാദിയ ഫാത്തിമയുടെ മരണത്തോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

ഹാദിയ ഫാത്തിമയുടെ ജീവൻ രക്ഷിക്കാൻ വലിയ ശ്രമം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. ജലീലിന്റെ മറ്റു മക്കളായ ആയിഷ(15), നൂറ(7) എന്നിവർ ചികിത്സയിലാണ്.

നാട്ടിലുള്ള ജലീലിന്റെ മറ്റുമക്കളായ അദ്‌നാൻ, അൽ അമീൻ, ഹന എന്നിവരും അബ്ദുൾ ജലീലിന്റെ രണ്ടു സഹോദരിമാരും ഒരു സഹോദരിയുടെ ഭർത്താവും അപകടവിവരം അറിഞ്ഞ് നാട്ടിൽനിന്ന് മദീനയിലെത്തിയിട്ടുണ്ട്.

30 വർഷത്തോളമായി ജിദ്ദയിലായിരുന്നു അബ്ദുൾ ജലീലിന്റെ ജോലി. ഭാര്യയും നാല് കുട്ടികളും സന്ദർശന വിസയിലും ഉമ്മ മൈമൂനത്ത് ഉംറ വിസയിലുമാണ് ജിദ്ദയിലെത്തിയത്. ജിദ്ദയിൽനിന്ന് മദീന സന്ദർശനത്തിനായി പോകുന്നതിനിടെ മറ്റൊരു ട്രെയ്ലർ വാഹനം നിയന്ത്രണംവിട്ട് റോഡിന് കുറുകെ വീഴുകയും മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയുമായിരുന്നു.